21 October Monday

വിസ തട്ടിപ്പ്: പ്രവാസിയുടെ വീട് കോടതി അധീനതയിൽ

വെബ് ഡെസ്‌ക്‌Updated: Saturday Aug 31, 2019
കാട്ടാക്കട
മകന് വിദേശത്ത് ജോലി വാഗ്‌ദാനം ചെയ്‌ത്‌ സഹോദരി പുത്രിയിൽ നിന്നും പണവും സ്വർണവും വാങ്ങിയ പ്രവാസിയുടെ വീട് കോടതി അധീനതയിലാക്കി.  മലയിൻകീഴ് ശാന്തുംമൂല പറയൻവിളാകത്ത് വീട്ടിൽ സി മനോഹരൻ, ഇയാളുടെ മകൻ  ശാന്തുംമൂല, സൗമ്യ ഭവനിൽ എം പ്രദീപ്‌ എന്നിവരുടെ വീടും വസ്തുവകകളുമാണ് നെയ്യാറ്റിൻകര മുൻസിഫ് കോടതി ഉത്തരവിനെ തുടർന്ന് അറ്റാച്ച്‌ ചെയ്‌തത്‌.
 
ആറ്‌ വർഷം മുമ്പാണ്‌ മനോഹരന്റെ സഹോദരി  ഒറ്റശേഖരമംഗലം, ചെട്ടിക്കുന്ന് തടത്തരികത്ത് വീട്ടിൽ രാധയുടെ പുത്രി പദ്‌മിനിയിൽ നിന്ന്‌ ഒരുലക്ഷം രൂപയും, ഒന്നേകാൽ പവന്റെ സ്വർണവും കൈക്കലാക്കിയത്‌.  പദ്‌മിനിയുടെ മകൻ ചന്തുവിന്‌ വിസ വാഗ്ദാനം ചെയ്‌ത്‌ പണം കൈപ്പറ്റിയത് മനോഹരന്റെ മറ്റൊരുമകനും യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമായ ദിലീപ്കുമാറാണ്. ഇയാൾ കേസിൽ പ്രധാന പ്രതിയാണ്.  ദിലീപും, പ്രദീപും ചേർന്നാണ് മുദ്രപത്രം തയ്യാറാക്കിയത്‌. 
 
വർഷങ്ങളോളം പുറകെ നടന്നിട്ടും വിസയോ, പണമോ മടക്കിനൽകിയില്ല. മലയിൻകീഴ് പൊലീസിൽ പൊതുപ്രവർത്തകർ മുഖേന പരാതി നൽകിയെങ്കിലും മനോഹരൻ വ്യാജചെക്ക്  നൽകി വീണ്ടും കബളിപ്പിക്കുകയായിരുന്നു. ഇതിനിടെ  ചന്തുവിന് റെയിൽവേയിൽ താൽക്കാലിക ജോലി ലഭിച്ചു.  ഏതാനും ദിവസങ്ങൾക്കകം ജോലിക്കിടെ ട്രെയിനിനടിയിൽ പെട്ട് രണ്ടുകാലുകളും മുറിഞ്ഞു. നാല് വാരിയെല്ലും പൊട്ടി. മാസങ്ങളോളം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ചികിത്സയ്‌ക്ക് പണമില്ലാതെ കഷ്ടപ്പെട്ട പദ്മിനി മോനോഹരനെ കണ്ട് കുറച്ചെങ്കിലും പണം ആവശ്യപ്പെട്ടിട്ടും നൽകിയില്ല. 
 
നാട്ടുകാർ നൽകിയ ഉന്തുവണ്ടിയിലെ പെട്ടിക്കടയാണ് ഇന്ന് ഇവരുടെ ജീവിതമാർഗം.  മലയിൻകീഴ് സ്വദേശിയും മനുഷ്യാവകാശ പ്രവർത്തകനുമായ അമ്പിളി കൊളച്ചിറയാണ് ഇവർക്കുവേണ്ടി നെയ്യാറ്റിൻകര മുൻസിഫ് കോടതിയിൽ കേസ് ഫയൽ ചെയ്തത്. 1,40,000 രൂപ നൽകാൻ കോടതി ആവശ്യപ്പെട്ടിട്ടും നിരാകരിച്ചതിനെ തുടർന്നാണ്  അച്ഛന്റെയും മകന്റെയും വീടും വസ്തുക്കളും കോടതിയുടെ അധീനതയിലാക്കാൻ ഉത്തരവിട്ടത്.
പ്രധാന വാർത്തകൾ
 Top