22 October Tuesday

വയനാട്‌ മെഡിക്കൽ കോളേജ്‌ യാഥാർഥ്യമാക്കും

വെബ് ഡെസ്‌ക്‌Updated: Saturday Aug 31, 2019
കൽപ്പറ്റ
വയനാട്ടിൽ മെഡിക്കൽ കോളേജ്‌  ചേലോട്‌ എസ്‌റ്റേറ്റിൽ യാഥാർഥ്യമാക്കുമെന്ന്‌ സി കെ ശശീന്ദ്രൻ എംഎൽഎയും സിപിഐ എം ജില്ലാ സെക്രട്ടറി പി ഗഗാറിനും വാർത്താസമ്മേളനത്തിൽ പറഞ്ഞു.  ചന്ദ്രപ്രഭാ ചാരിറ്റബിൾ ട്രസ്‌റ്റ്‌ മടക്കിമലയിൽ സൗജന്യമായി ഭൂമി നൽകിയതിനെ തുടക്കംമുതൽ സ്വാഗതം ചെയ്‌തതാണ്‌. മടക്കിമലയിലെ ഭൂമിയിലേക്ക്‌ റോഡ്‌ നിർമാണം  നിർമാണം പോലും തുടങ്ങിയത്‌ എൽഡിഎഫ്‌ സർക്കാരാണ്‌. കഴിഞ്ഞ പ്രളയത്തെ തുടർന്ന്‌ ജിയോളജിക്കൽ സർവെ ഓഫ്‌ ഇന്ത്യ നടത്തിയ പരിശോധനയിൽ  ഈ ഭൂമി ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയുള്ളതായി കണ്ടെത്തി. വിശദമായ പഠനം വേണമെന്നും പകരം ഭൂമി കണ്ടെത്തുന്നതാണ്‌ നല്ലതെന്നും അവർ റിപ്പോർട്ടിൽ വ്യക്തമാക്കി.  എന്തെങ്കിലും സാധ്യതയുണ്ടെങ്കിൽ അവിടെ തന്നെ നിർമിക്കണമെന്ന നിലപാടാണ്‌ തനിക്കും സിപിഐ എമ്മിനും. എന്നാൽ ദുരന്തനിവാരണ സമിതി യോഗ തീരുമാനപ്രകാരമാണ്‌ സുരക്ഷ കണക്കിലെടുത്ത്‌ മടക്കിമല ഒഴിവാക്കിയത്‌. ഇൻകെലും ഇതേ നിലപാടാണ്‌ സ്വീകരിച്ചത്‌.  എത്ര ചെലവ്‌ വന്നാലും വയനാട്ടിൽ മെഡിക്കൽ കോളേജ്‌  നിർമിക്കണമെന്ന നിലപാടാണ്‌ സർക്കാറിനുള്ളത്‌. സൗജന്യമായി ഭൂമി ലഭ്യമായില്ലെങ്കിൽ  വില കൊടുത്താണാണെങ്കിലും വാങ്ങണം. ധനമന്ത്രി വയനാട്ടിൽ എത്തിയാണ്‌ ഇതുസംബന്ധിച്ച നിർദേശം നൽകിയത്‌. ഇതുപ്രകാരം കലക്ടർ ഭൂമിക്കായി അപേക്ഷ ക്ഷണിച്ചു. അഞ്ച്‌ അപേക്ഷകളിൽ ഏറ്റവും അനുയോജ്യവും സുരക്ഷിതവുമായ ചേലോട്‌ എസ്‌റ്റേറ്റ്‌ കണ്ടെത്തി. എല്ലാ നടപടിക്രമങ്ങളും പാലിച്ചാണിത്‌. ഈ ഭൂമി ഏറ്റെടുക്കാൻ മന്ത്രിസഭ തീരുമാനിക്കുകയും കഴിഞ്ഞ ദിവസം ഭരണാനുമതി ലഭ്യമാക്കുകയും ചെയ്‌തു. 
ഈ ഭൂമിക്ക്‌ യാതൊരു പാരിസ്ഥിതിക പ്രശ്‌നവുമില്ല. സംസ്ഥാന ദുരന്തനിവാരണസമിതി നടത്തിയ പഠനത്തിൽ ഇത്‌ വ്യക്തമാണ്‌.   കഴിഞ്ഞ ദിവസവും ഇൻകെൽ സംഘം ചേലോട്‌ എസ്‌റ്റേറ്റ്‌ ഭൂമി സന്ദർശിക്കുകയും സംതൃപ്‌തി രേഖപ്പെടുത്തുകയും ചെയ്‌തു.  തുടർ നടപടി ക്രമങ്ങൾ അതിവേഗം പൂർത്തീകരിക്കാൻ സർക്കാർ കലക്ടർക്ക്‌ ആവശ്യമായ നിർദേശം നൽകിയിട്ടുണ്ട്‌.  
 
പ്രധാന വാർത്തകൾ
 Top