27 September Monday
കണ്ണൂർ വിമാനത്താവളം

റൺവേ വികസനം വേഗത്തിലാകും

വെബ് ഡെസ്‌ക്‌Updated: Saturday Jul 31, 2021

കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം (ഫയൽ ഫോട്ടോ)

കണ്ണൂർ  
കണ്ണൂർ വിമാനത്താവളത്തിന്‌  ഭൂമി ഏറ്റെടുക്കുന്നതിന്‌ ധനവകുപ്പ്‌ 200 കോടി രൂപ അനുവദിച്ചതോടെ റൺവേ വികസനപ്രവർത്തനങ്ങൾക്ക്‌ വേഗംകൂടും. കൊതേരി മേഖലയിൽ  19.73 ഹെക്ടർ ഭൂമി ഏറ്റെടുക്കുന്നതിന്‌ നഷ്ടപരിഹാരം നൽകാനാണ്‌   പണം അനുവദിച്ചത്‌. 
    സ്ഥലം ഏറ്റെടുക്കാനുള്ള നടപടി വർഷങ്ങൾക്കുമുമ്പേ ആരംഭിച്ചെങ്കിലും ഭൂവുടമകൾക്കുള്ള നഷ്ടപരിഹാരം നൽകാനായിരുന്നില്ല. വിജ്ഞാപന ഭൂമിയിൽ കൃഷിയോ നിർമാണപ്രവർത്തനങ്ങളോ നടത്താനാകാത്തതും  ഭൂവുടമകളെ പ്രതിസന്ധിയിലാക്കി. വീടുകളുടെ അറ്റകുറ്റപ്പണി നടത്താനാവാത്തതും ദുരിതം കൂട്ടി.  ഭൂവുടമകളുടെ ദുരിതം കെ കെ ശൈലജ എംഎൽഎ മുഖ്യമന്ത്രിയുടെയും ധനമന്ത്രിയുടെയും ശ്രദ്ധയിൽപ്പെടുത്തി അടിയന്തര പരിഹാരം കാണുകയായിരുന്നു. 
     ധനവകുപ്പ് നേരിട്ട് തുക കണ്ടെത്തി സ്ഥലം ഏറ്റെടുക്കുന്നതിനാണ്‌ മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നൽകിയത്‌. തുടർന്ന്‌,  ധനവകുപ്പ് പ്രത്യേകം തുക  അനുവദിച്ചതോടെ ഒമ്പത് വർഷമായി  തൊണ്ണൂറ്‌ കുടുംബങ്ങൾ നേരിടുന്ന സങ്കീർണ പ്രശ്‌നത്തിനാണ് പരിഹാരമായത്‌.  കോവിഡ്‌  പ്രതിസന്ധിയിലും വിമാനത്താവള പദ്ധതി പ്രദേശത്തുള്ളവരുടെ പ്രയാസത്തിന്‌ അടിയന്തര പരിഹാരം കാണുകയെന്ന ലക്ഷ്യത്തോടെയാണ്‌ 200 കോടി രൂപ അനുവദിക്കാനുള്ള നടപടി സംസ്ഥാന സർക്കാർ പൂർത്തീകരിച്ചതെന്ന് കെ കെ ശൈലജ എംഎൽഎ പറഞ്ഞു.
ലക്ഷ്യം കേരളത്തിലെ വലിയ വിമാനത്താവളം
റൺവേ വിപുലീകരണത്തിന്  കീഴല്ലൂർ, കാനാട്  പ്രദേശങ്ങളിലായി 245 ഏക്കർ  സ്ഥലം ഏറ്റെടുക്കുന്നതിനുള്ള നടപടി  ആരംഭിച്ചിട്ടുണ്ട്‌. റൺവേ 4,000 മീറ്ററാക്കാൻ എൽഡിഎഫ് സർക്കാർ തീരുമാനിച്ചിരുന്നു. 162 വീടുകളും ആരാധനാലയങ്ങളും അങ്കണവാടിയും നെയ്ത്തുശാലയും ഉൾപ്പെടുന്ന ഭൂമിയാണ് ആദ്യഘട്ടത്തിൽ ഏറ്റെടുക്കുക. വീട് നഷ്ടപ്പെടുന്ന കുടുംബങ്ങൾക്കുള്ള പുനരധിവാസ സ്ഥലവും ഇവിടെത്തന്നെ ഏറ്റെടുത്ത് നൽകും.  
   കണ്ണൂരിൽ 4,000 മീറ്റർ റൺവേയുള്ള വിമാനത്താവളം നിർമിക്കാനാണ് നേരത്തെ എൽഡിഎഫ് സർക്കാർ തീരുമാനിച്ചത്. അതിനുള്ള പ്ലാനും പ്രൊജക്ട് റിപ്പോർട്ടും തയാറാക്കിയാണ്  നിർമാണം  തുടങ്ങിയത്.  യുഡിഎഫ് സർക്കാർ റൺവേയുടെ നീളം വെട്ടിച്ചുരുക്കിയത് തുടർപ്രവർത്തനത്തെ ബാധിച്ചു. ബോയിങ് 377 വൈഡ് ബോഡി എയർക്രാഫ്റ്റുകൾ ഉൾപ്പെടെ വലിയ വിമാനങ്ങൾ ഇറങ്ങാനുള്ള സൗകര്യം കണ്ണൂരിലുണ്ട്. ഒരേസമയം ഒന്നിലധികം വലിയ വിമാനങ്ങൾക്ക് ഇറങ്ങാനും പറന്നുയരാനുമുള്ള വിപുല സൗകര്യമുള്ള കേരളത്തിലെ ഏറ്റവും വലിയ വിമാനത്താവളമാക്കി കണ്ണൂരിനെ മാറ്റുകയാണ്‌ സംസ്ഥാന സർക്കാരിന്റെ ലക്ഷ്യം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top