19 September Sunday
- മുട്ടിൽ മരംമുറി

‌പ്രതികൾ പൊലീസ് സംരക്ഷണയിൽ 
സംസ്‌കാരച്ചടങ്ങിനെത്തി

വെബ് ഡെസ്‌ക്‌Updated: Saturday Jul 31, 2021

പൊലീസ്‌ സാന്നിധ്യത്തിൽ മരം മുറി കേസിലെ പ്രതികളായ ആന്റോ അഗസ്റ്റിൻ, റോജി അഗസ്റ്റിൻ , ജോസ്‌കുട്ടി അഗസ്റ്റിൻ എന്നിവർ സംസ്‌കാരച്ചടങ്ങിൽ പങ്കെടുത്തപ്പോൾ

 
കൽപ്പറ്റ
മുട്ടിൽ  മരംമുറി കേസിലെ  സഹോദരങ്ങളായ  പ്രതികൾ  പൊലീസ്‌ സംരക്ഷണയോടെ അമ്മ  മൂങ്ങനാനിയിൽ ഇത്താമ്മയുടെ സംസ്കാരച്ചടങ്ങിൽ പങ്കെടുത്തു. പ്രതികളായ  ആന്റോ അഗസ്റ്റിൻ, ജോജി അഗസ്‌റ്റിൻ, ജോസ്‌ കുട്ടി അഗസ്‌റ്റിൻ എന്നിവരാണ് വെള്ളിയാഴ്ച വാഴവറ്റ സെന്റ് തോമസ് പള്ളിയിൽ നടന്ന സംസ്‌കാരച്ചടങ്ങിൽ പങ്കെടുത്തത്.  സൂപ്രണ്ടിന്റെ അനുമതിയോടെ  സംസ്‌കാരത്തിൽ പങ്കെടുക്കാമെന്ന കോടതി ഉത്തരവിന്റെ കാലാവധി വ്യാഴാഴ്ച കഴിഞ്ഞതിനാൽ അഭിഭാഷകൻ മുഖേന  ബത്തേരി ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട്‌ കോടതിയിൽ വെള്ളിയാഴ്ച പുതിയ അപേക്ഷ കൊടുത്തിരുന്നു. 
  പകൽ 2 മുതൽ ആറുവരെയാണ് കോടതി സമയം അനുവദിച്ചത്. വെള്ളിയാഴ്‌ച എആർ ക്യാമ്പിലെ പത്തോളം പൊലീസുകാർ ചേർന്നാണ് പ്രതികളെ  മാനന്തവാടി ജില്ലാജയിലിൽനിന്ന്‌ വാഴവറ്റയിലെ  വീട്ടിലെത്തിച്ചത്. തുടർന്ന് അമ്മയുടെ മൃതശരീരവുമായി പ്രതികൾ സംസ്‌കാരച്ചടങ്ങുകൾ നടക്കുന്ന വാഴവറ്റ സെന്റ് തോമസ് പള്ളിയിലേക്ക് പോയി. ചടങ്ങുകൾക്കുശേഷം വെെകിട്ട് അഞ്ചോടെ  മാനന്തവാടി ജില്ലാ ജയിലിലേക്ക് പ്രതികളെ തിരിച്ചയച്ചു. മീനങ്ങാടി സിഐ എം സനൽരാജ്, ബത്തേരി സിഐ ബെന്നി തുടങ്ങിയവരുടെ നേതൃത്വത്തിൽ അമ്പതോളം പൊലീസുകാരും സ്ഥലത്ത് ക്യാമ്പ് ചെയ്തിരുന്നു. മുട്ടിൽ സൗത്ത് വില്ലേജിലെ റവന്യു പട്ടയഭൂമിയിൽനിന്ന്‌ സർക്കാരിലേക്ക് നിക്ഷിപ്തമാക്കിയ വീട്ടിമരങ്ങൾ മുറിച്ച് കടത്തിയെന്നതാണ് ഇവർക്കെതിരെയുള്ള  കേസ്‌. ബുധനാഴ്ച കുറ്റിപ്പുറത്തുവച്ചാണ് പ്രതികളെ പിടികൂടിയത്. വ്യാഴാഴ്ച ബത്തേരി ഒന്നാം ക്ലാസ് മജിസ്ട്രേട്ട്‌ കോടതിയിൽ ഹാജരാക്കിയ പ്രതികൾ പൊലീസ് സുരക്ഷയിൽ സംസ്‌കാരച്ചടങ്ങിൽ പങ്കെടുക്കില്ലെന്ന് നിലപാടെടുത്തിരുന്നു. ഈ ആവശ്യമുന്നയിച്ച്‌ കോടതിമുറിയിലും പുറത്തും ബഹളമുണ്ടാക്കിയ പ്രതികളെ മാനന്തവാടി ജില്ലാ ജയിലിലേക്കയക്കുകയായിരുന്നു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top