24 September Thursday

ഭയം വേണ്ട, കരുതലുണ്ട്‌ ആവോളം

വി കെ ഷാനവാസ്Updated: Friday Jul 31, 2020

കളത്തുംപടിയൻ നൗഫൽ

എടക്കര 
രണ്ട് വർഷത്തെ പ്രവാസത്തിനുശേഷം ഉള്ളുപിടഞ്ഞ വേദനയുമായാണ്‌ മൂത്തേടം കളത്തുംപടിയൻ നൗഫൽ നാട്ടിലെത്തിയത്‌. ജൂലൈ രണ്ടിന് കരിപ്പൂരിൽ ഇറങ്ങി. റാപ്പിഡ്‌ പരിശോധനയിൽ കോവിഡ്‌ ലക്ഷണങ്ങൾ‌. വീട്ടിലെ രണ്ട്‌ മക്കളുടെ മുഖം മനസ്സിൽ മിന്നിയപ്പോൾ ആധി ഇരട്ടിച്ചു. പക്ഷേ, ആശുപത്രിയിൽ നൗഫലിനെ കാത്തിരുന്നത്‌ സ്‌നേഹത്തിന്റെയും പരിചരണത്തിന്റെയും ആശ്വാസത്തിന്റെയും കരങ്ങളായിരുന്നു. നാടിന്റെ കരുതലിന്‌ നന്ദി പറയാൻ വാക്കുകളില്ലെന്ന്‌ ഈ പ്രവാസി സാക്ഷ്യപ്പെടുത്തുന്നു. 
വിമാനത്താവളത്തിൽനിന്നും നേരെ കോട്ടക്കലിലെ ക്വാറന്റൈൻ കേന്ദ്രത്തിലേക്കാണ്‌ കൊണ്ടുപോയത്‌. നാലാം ദിവസം കോവിഡ്‌ സ്ഥിരീകരിച്ചു. മഞ്ചേരി മെഡിക്കൽ കോളേജ്‌ ആശുപത്രിയിലേക്ക്‌ മാറ്റി. സർക്കാർ ആശുപത്രിയെക്കുറിച്ച്‌ അതുവരെയുള്ള കാഴ്‌ചപ്പാടെല്ലാം മാറിയത്‌ അവിടെവച്ചാണ്‌. രാവിലെ കൃത്യമായി മരുന്നെത്തും. അഞ്ച് നേരം ഭക്ഷണം. ഒന്നിനും  കുറവുണ്ടായില്ല. മാനസിക സമ്മർദവും അകന്നു. ഡോക്ടർമാരുടെയും നേഴ്സുമാരുടെയും സ്‌നേഹപരിചരണം മറക്കാനാവില്ല.  ഭക്ഷണകാര്യത്തിൽ അതീവ ശ്രദ്ധ. പ്രാതലിന്‌ നൂൽപുട്ടും ചെറുപയറും.‌ പത്തിന് കഞ്ഞിയും ഉപ്പേരിയും. ഉച്ചയ്‌ക്ക് ഊൺ, നാലിന് ചായയും ബിസ്‌കറ്റും‌, രാത്രി ആറ് ചപ്പാത്തി, കറി. ഒരു ദിവസംപോലും സമയം വൈകിയിട്ടില്ല. എല്ലാം സൗജന്യം. 
പതിനൊന്നാം ദിവസം രാവിലെ കോവിഡ്  നോഡൽ ഓഫീസറായ ഡോ. ഷിനാസ് ബാബുവിന്റെ വിളി വന്നു. ‘‘നൗഫലിനെ നേരത്തെ വിളിച്ച് കിട്ടിയില്ല, നിങ്ങളുടെ ഫലം നെഗറ്റീവ്, റിസൾട്ട് വന്നു. വീട്ടിൽ പോകാൻ തയ്യാറെടുത്തോളൂ’’.  മറുപടി പറയാൻ വാക്കുകളില്ലാതെ തൊണ്ടയിടറി നൗഫലിന്‌. നെഗറ്റീവ് സർട്ടിഫക്കറ്റും വാങ്ങി നൗഫൽ വീട്ടിലെത്തി.   14 ദിവസത്തെ ക്വാറന്റൈനിൽ ഇപ്പോൾ ഏഴ്‌ ദിവസം പിന്നിട്ടു. ആർക്കും ഭയം വേണ്ട, ജാഗ്രത മതി. നമ്മോടൊപ്പം ജീവൻ പണയപ്പെടുത്തി ആരോഗ്യ വകുപ്പ് ജീവനക്കാരുണ്ട്. അവരാണ് നാടിന്റെ കരുതലും ശക്തിയും–- നൗഫൽ പറയുന്നു.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top