18 September Wednesday
കൊട്ടാരക്കര ടൗണിൽ ട്രാഫിക് പരിഷ്കരണം

കുരുക്കഴിയും; വഴിതെളിയും

വെബ് ഡെസ്‌ക്‌Updated: Wednesday Jul 31, 2019

 

കൊട്ടാരക്കര
ടൗണിലെ ഗതാഗതക്കുരുക്കിനു പരിഹാരമായി നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ട്രാഫിക് ഉപദേശക സമിതി തീരുമാനിച്ചു. പുലമൺ കോളേജ് ജങ്ഷൻ മുതൽ റെയിൽവേ ജങ്ഷൻ വരെയാണ് ട്രാഫിക് പരിഷ്കരണം നടപ്പാക്കുക. 
ആദ്യപടിയായി കൊല്ലം റോഡിൽനിന്ന് ഓയൂരിലേക്ക് പോകുന്ന വാഹനങ്ങൾ പോസ്റ്റ്ഓഫീസ് ജങ്ഷൻ വഴിയും തിരിച്ച് ഓയൂരിൽനിന്നു വരുന്ന വാഹനങ്ങൾ പൊലീസ്‌ സ്റ്റേഷനു മുമ്പിലൂടെയും കടന്നുപോകുന്ന വിധത്തിൽ ഗതാഗതം പരിഷ്കരിക്കും.
താലൂക്കാശുപത്രി ഭാഗത്തുള്ള ബസ്‌സ്റ്റോപ്പിൽ കൊല്ലത്തേക്കുപോകുന്ന ബസുകൾക്ക് മാത്രമാണ്‌ നിർത്താൻ അനുമതി നൽകുക. 
പുലമൺ ജങ്ഷനിൽ എല്ലാ റോഡുകളിലും സീബ്രാലൈൻ, സ്റ്റോപ്പ് ലൈൻ എന്നിവ വരയ്ക്കാനും പുലമൺ–-- കൊല്ലം റോഡിൽ കെഎസ്ആർടിസി ബസുകൾക്ക് തടസ്സമുണ്ടാക്കാത്ത രീതിയിൽ ഡിവൈഡറുകള്‍ സ്ഥാപിക്കാനും തീരുമാനമായി. പേ പാർക്കിങ്ങിനായി പുതിയ ഇടമൊരുക്കും. 
ബസുകൾ അംഗീകൃത സ്റ്റോപ്പുകളിൽമാത്രം നിർത്തുന്നുവെന്ന്‌ ഉറപ്പാക്കും. ഓട്ടോറിക്ഷകളുടെ സമാന്തര സർവീസും അനധികൃത പാർക്കിങ്ങും ഒഴിവാക്കാനും പെർമിറ്റില്ലാത്ത ഓട്ടോറിക്ഷകൾ  കണ്ടെത്തി നടപടിയെടുക്കുന്നതിന് പരിശോധന ശക്തമാക്കാനും യോഗത്തിൽ തീരുമാനിച്ചു. 
റോഡരികിലെ അനാവശ്യ പോസ്റ്റുകൾ മാറ്റുന്നതിനു നടപടി സ്വീകരിക്കണമെന്നും ചന്തമുക്കിലെ ബസ്‌സ്റ്റോപ്പ് ഉള്ളിലേക്കുമാറ്റി ബസ്ബേ സമ്പ്രദായം ഏർപ്പെടുത്തണമെന്നും നിർദേശമുണ്ട്‌. ഗണപതി അമ്പലംറോഡിലെ അനധികൃത കടകൾ ഒഴിപ്പിക്കാനും ടിപ്പർ ലോറികൾ സമയക്രമം പാലിക്കുന്നുവെന്ന്‌ ഉറപ്പാക്കാനും നടപടിയുണ്ടാവണമെന്ന്‌ യോഗം ആവശ്യപ്പെട്ടു.
മുനിസിപ്പൽ ഹാളിൽ ചേർന്നയോഗം അയിഷാപോറ്റി എംഎൽഎ ഉദ്ഘാടനംചെയ്തു. 
മുനിസിപ്പല്‍ ചെയർപേഴ്സൺ ബി ശ്യാമളയമ്മ അധ്യക്ഷയായി. റൂറൽ എസ്‌പി ഹരിശങ്കർ മുഖ്യാതിഥിയായി. വൈസ് ചെയർമാൻ ഡി രാമകൃഷ്ണപിള്ള, സ്ഥിരംസമിതി അധ്യക്ഷനായ എസ് ആർ രമേശ്, സി മുകേഷ് എന്നിവരും വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, റസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ, വ്യാപാരി വ്യവസായികൾ, പൊതുപ്രവർത്തകർ, ട്രേഡ് യൂണിയൻ ഭാരവാഹികൾ എന്നിവരും പങ്കെടുത്തു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top