28 May Thursday

ഒരു മറാത്തി ചപ്പാത്തിക്കഥ

വിജയ്‌Updated: Tuesday Mar 31, 2020

അനിൽകുമാറും ഭാര്യ ഭാരതിയും മക്കൾ റോഷനും രേഷ്‌മയും ചപ്പാത്തിയുണ്ടാക്കുന്നു

തിരുവനന്തപുരം  
ഒരു ദിവസം നാലായിരം ചപ്പാത്തി... കൈ കൊണ്ട് കുഴച്ച് പഞ്ഞി പോലെ പരത്തി മൃദുലമാക്കി ചൂടോടെ ചുട്ട് എടുക്കും. ഇതിനായി പാചകക്കാർ ഒരുപാടില്ല. മറാത്തി ദമ്പതികളായ അനിൽകുമാർ, ഭാരതി എന്നിവർ മാത്രം. തലസ്ഥാനത്ത് മറാത്തി ചപ്പാത്തിയുടെ സ്വാദ് എത്തിച്ചത് ഇവരാണ്. കോവിഡ്‌–-19 ചപ്പാത്തിയുടെ എണ്ണം കുറച്ചെങ്കിലും ഇവരുടെ അടുക്കള ഇപ്പോഴും സജീവമാണ്.  നഗരത്തിൽ വലുപ്പം കുറഞ്ഞ കട്ടിയുള്ള ചപ്പാത്തിയായിരുന്നു ഉണ്ടായിരുന്നത്. അനിലിന്റെ അമ്മ കമലമ്മയാണ് ഇരുപത് വർഷം മുമ്പ് വീട്ടിലുണ്ടാക്കിയ മറാത്തി ചപ്പാത്തിയുടെ റെസിപ്പി അനിലിന് പറഞ്ഞ് കൊടുത്തത്. പത്തര ഇഞ്ച് വലുപ്പമുള്ള സോഫ്‌റ്റ് ചപ്പാത്തി. ആദ്യം സമീപത്തുള്ള വീടുകളിൽ വിൽപ്പന തുടങ്ങി. ഇതിന്റെ രുചി അറിഞ്ഞ് ഹോട്ടലുകാരും പാചകക്കാരും എത്തിയതോടെ പിന്നെ വൻ തിരക്കായി. ദിവസേന ആയിരംമുതൽ നാലായിരംവരെ ഓർഡറായി. എത്ര ഓർഡർ കിട്ടിയാലും ഇരുവരും റെഡി. പുലർച്ചെ രണ്ടു മണിക്ക് പാചകം തുടങ്ങും. ഗോതമ്പ് മാവ് അനിൽ കുഴയ്‌ക്കും. ഭാരതി പെട്ടെന്ന് പരത്തിക്കൊടുക്കും. ഒരു മണിക്കൂറിൽ 250 എണ്ണം ചൂടോടെ ഉണ്ടാക്കും. വലിയ ഓർഡർ വന്നാൽ മക്കളായ റോഷനും രേശ്മയും പാചകത്തിന് സഹായിക്കും. നഗരത്തിലെ ഭൂരിഭാഗം ഹോട്ടലുകളിലും ഇവരുടെ ചപ്പാത്തിയാണ്. മറാത്തി ചപ്പാത്തി പ്രിയങ്കരമായതോടെയാണ് ചപ്പാത്തി കോർണറുകളും നഗരത്തിൽ പലരും തുടങ്ങിയത് . ഇതിന്റെ സ്വാദറിഞ്ഞ് വിദേശത്തേക്കും കയറ്റുമതി തുടങ്ങി. ദുബായിലടക്കം വിവിധ രാജ്യങ്ങളിൽ കയറ്റി അയക്കുന്നുണ്ട്‌. 36 മണിക്കൂർ സ്വാദ്  അതേപടി നിലനിൽക്കുമെന്ന് അനിൽ പറയുന്നു. ഫ്രിഡ്ജിൽ വച്ചാൽ പത്തു ദിവസംവരെ ഇരിക്കും. മാസത്തിൽ രണ്ട് തവണ വിദേശത്തുള്ള ഇന്ത്യൻ ഹോട്ടലുകാർ ഇത് വാങ്ങി കൊണ്ടുപോകാറുണ്ട്. കൊറോണ കാരണം കയറ്റുമതി പൂർണമായും നിലച്ചു. എന്നാൽ, വീടുകളിലേക്ക് സ്ഥിരം വാങ്ങുന്നവരും ഹോട്ടലുകാരും ഇപ്പോഴും വാങ്ങുന്നുണ്ട്. മണക്കാട് കളിപ്പാൻക്കുളം റോഡിൽ കെആർഎ–-13ലാണ് ഇവർ താമസിക്കുന്നത്. 
പ്രധാന വാർത്തകൾ
 Top