16 August Tuesday

ലാളിത്യത്തിന്റെയും എളിമയുടേയും സന്ദേശമായി സി കെ ശശീന്ദ്രന്‍

പി ഒ ഷീജUpdated: Thursday Mar 31, 2016കല്‍പ്പറ്റ > ഒരു കൈയില്‍ പാല്‍പാത്രം. ചുണ്ടില്‍ നേരിയ പുഞ്ചിരി. കല്‍പ്പറ്റയിലെ നഗരവീഥികളിലൂടെ നഗ്നപാദനായി ഈ നേതാവ് നടന്നടുക്കുന്നത് ആനപ്പാലം ജങ്ഷനിലെ മുസ്തഫയുടെ പെട്ടിച്ചായക്കടയിലേക്ക്. പാല്‍ വാങ്ങി ആദരവോടെ പാത്രം തിരികെ നല്‍കുന്ന മുസ്തഫയോട് കുശലാന്വേഷണം. തുടര്‍ന്ന് പാര്‍ടി ജില്ലാ കമ്മിറ്റി ഓഫിസിലേക്ക്. അവിടെ ആദിവാസികള്‍ മുതല്‍ പ്രി പ്രൈമറി അധ്യാപകര്‍ വരെയുള്ളവര്‍ തങ്ങളുടെ പ്രശ്നങ്ങളുമായി കാത്ത് നില്‍ക്കുന്നുണ്ടാകും. ഇവര്‍ക്ക് ആവശ്യമായ സഹായസഹകരണവും പിന്തുണയും നല്‍കി ആത്മവിശ്വാസം പകരും.  ഇതാണ് സി കെ ശശീന്ദ്രന്‍. സിപിഐ എം വയനാട് ജില്ലാ സെക്രട്ടറി. കല്‍പ്പറ്റ നിയോജകമണ്ഡലം തിരികെ പിടിക്കാന്‍ പാര്‍ടി നിശ്ചയിച്ച ആദര്‍ശരാഷ്ട്രീയത്തിന്റെ ആള്‍രൂപം. കാലത്തെഴുന്നേറ്റ് പാല്‍ കറന്നും പശുക്കളെ കുളിപ്പിച്ചും സൊസൈറ്റിയിലും ചായക്കടയിലും  പാല്‍ എത്തിച്ചും പച്ചക്കറി നട്ട് നനച്ചുമെല്ലാം ഈ ജനകീയ നേതാവ് ലാളിത്യത്തിന്റെയും എളിമയുടേയും സന്ദേശമാകുന്നു. പ്രത്യയശാസ്ത്രവും ജീവിതവും രണ്ടല്ലന്ന് അടിയാളരുടെ ഈ മുന്നണിപ്പോരാളി തെളിയിക്കുന്നത് സ്വജീവിതം കൊണ്ടാണ്. കറകളഞ്ഞ വ്യക്തിശുദ്ധിയും ആശയങ്ങളോടുള്ള വിട്ടുവീഴ്ചയില്ലാത്ത നിലപാടുമാണ് അദ്ദേഹത്തെ എതിരാളികള്‍ക്ക് പോലും  പ്രിയങ്കരനാക്കുന്നത്. ബിഎംഡബ്ള്യൂ കാറില്‍ പറന്നകലുന്ന ടെലിവിഷന്‍ ചാനലുകളില്‍ മാത്രം മുഖം കാണുന്ന   ഹൈടെക് എംഎല്‍എയുടെ നാട്ടിലാണ്  മണ്ണിന്റെ മണമുള്ള മനുഷ്യരുടെ ഇടയില്‍ പ്രവര്‍ത്തിക്കുന്ന ഈ ജനകീയ നേതാവ് ശ്രദ്ധേയനാകുന്നത്.  
സഹജീവിയുടെ വേദനകള്‍ക്ക് കാതോര്‍ക്കുന്നവരുടെയെല്ലാം മനസിലേക്ക് സികെഎസ് എന്ന മൂന്നക്ഷരി കടന്ന് വരും. സംഘാടകനായും പ്രക്ഷോഭകാരിയായും എവിടെയും നഗ്നപാദനായി  ഓടിയെത്തുന്ന അദ്ദേഹം അഴിമതിക്കാരുടെ കണ്ണിലെ കരടാണ്.  കക്ഷിരാഷ്ട്രീയഭേദമന്യേയുള്ള ശശീന്ദ്രന്റെ ഈ പൊതുസമ്മതിയാണ് എതിര്‍പാളയത്തിന് ഭീഷണിയാകുന്നത്.
 വിദ്യാര്‍ഥി യുവജന പ്രസ്ഥാനങ്ങളിലൂടെ ആര്‍ജിച്ച തീക്ഷ്ണമായ സമരാനുഭവങ്ങളാണ് അദ്ദേഹത്തിന്റെ കരുത്ത്്. ആദിവാസികളെ മണ്ണിന്റെ അവകാശികളാക്കാന്‍  അവരെ ചൊങ്കൊടിക്ക് കീഴില്‍ അണിനിരത്തി നയിച്ച പ്രക്ഷോഭങ്ങള്‍ അധികാരകേന്ദ്രങ്ങള്‍ക്ക് അലോസരമുണ്ടാക്കി.  ഭൂ മാഫിയകളുടേയും കൈയേറ്റക്കാരുടേയും  ഉറക്കം കെടുത്തിയ ഭൂ സമരങ്ങളുടെ കേന്ദ്ര ബിന്ദുവായി വയനാട് മാറി.  മണ്ണിന് വേണ്ടി സമരം ചെയ്ത ആദിവാസികള്‍ കൂട്ടത്തോടെ ജയിലിലടക്കപ്പെട്ടു. രാജ്യാന്തര ശ്രദ്ധ നേടിയ  സമരം ആദിവാസികളെ  മണ്ണിന്റെ ഉടമകളാക്കി.
 ആദിവാസി കോളനികളില്‍ മാവോയിസ്റ്റ് കടന്ന് കയറ്റം ചെറുത്തത്  ഈ ജനകീയ മുന്നേറ്റമാണ്. വയനാട്ടിലെ ആദിവാസികോളനികളില്‍ സാന്നിധ്യം ഉറപ്പിക്കുന്നതിന് പ്രധാനതടസം സി കെ ശശീന്ദ്രനെന്ന നേതാവാണെന്ന് തിരിച്ചറിഞ്ഞ മാവോയിസ്റ്റുകള്‍ അദ്ദേഹത്തിന് വധഭീഷണി ഉയര്‍ത്തി. അടിയാളരുടേയും കര്‍ഷകരുടേയും തോട്ടം തൊഴിലാളികളുടേയും അവകാശങ്ങള്‍ക്കായി പോരാടിയ അദ്ദേഹത്തിന് നേരിടേണ്ടി വന്നത് കൊടിയ മര്‍ദനം. പല തവണ കള്ളക്കേസില്‍ കുടുക്കി ജയിലിലടച്ചു.
 സിപിഐ എം പനമരം, മുട്ടില്‍ ലോക്കല്‍ കമ്മിറ്റി അംഗമായിരുന്ന പരേതനായ സി പി കേശവന്‍ നായരുടെയും പരേതയായ ജാനകിയമ്മയുടെയും മകനാണ്. കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളേജില്‍ ബിഎസ്സി കെമിസ്ട്രി വിദ്യാര്‍ഥിയായിരിക്കെ എസ്എഫ്ഐ യൂണിറ്റ് ജോ. സെക്രട്ടറിയായും  സിറ്റി ഏരിയ പ്രസിഡണ്ടായും സംഘടനാപ്രവര്‍ത്തനരംഗത്ത് തുടക്കം. ബത്തേരി സെന്റ് മേരീസ് കോളേജില്‍ പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദം നേടിയ ശശീന്ദ്രന്‍   1980–86 കാലഘട്ടത്തില്‍   എസ്എഫ്ഐ വയനാട്  ജില്ലാസെക്രട്ടറിയായി പ്രവര്‍ത്തിച്ചു.  1989–96 കാലയളവില്‍  ഡിവൈഎഫ്ഐയുടെ  ജില്ലാസെക്രട്ടറിയും പ്രസിഡന്റുമായി സംഘടനയെ നയിച്ചു. 1981ല്‍ സിപിഐ എം അംഗമായ ശശീന്ദ്രന്‍ 1988ല്‍ ജില്ലാകമ്മിറ്റിയംഗമായി. കല്‍പ്പറ്റ, മാനന്തവാടി ഏരിയാ സെക്രട്ടറിയായും മുട്ടില്‍ ലോക്കല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. 2009ല്‍ പനമരത്ത് നടന്ന ജില്ലാ സമ്മേളനത്തില്‍ ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. ഏഴ്വര്‍ഷമായി പാര്‍ടിയുടെ ജില്ലയിലെ അമരക്കാരനാണ്. കര്‍ഷകതൊഴിലാളി യൂണിയന്‍ സംസ്ഥാന കമ്മിറ്റി അംഗവും ആദിവാസി ഭൂമസരസഹായസമിതി ജില്ലാ കണ്‍വീനറുമാണ്. പഴശി സൊസൈറ്റി എക്സിക്യുട്ടീവ് അംഗം കൂടിയാണ് സികെഎസ്.
ജില്ലാ സഹകരണ ബാങ്ക് ജീവനക്കാരിയായ ഭാര്യ ഉഷാകുമാരി സിപിഐ എം പൊന്നട ബ്രാഞ്ചംഗമാണ്. മക്കള്‍: അനഘ, ഗൌതം പ്രകാശ്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top