കോട്ടയം
ഗ്രാമങ്ങളും തുരുത്തുകളുംവരെ വൈദ്യുതി വെളിച്ചത്തിൽ തിളങ്ങി. പവർക്കട്ടും ലോഡ് ഷെഡ്ഡിങ്ങുമില്ല. മെഴുകുതിരിയും മണ്ണെണ്ണ വിളക്കും കൈപ്പാടകലെ സൂക്ഷിച്ച് രാത്രി കഴിച്ചുകൂട്ടിയ കാലം ഓർമയായി. നാലരവർഷംകൊണ്ട് നാടെങ്ങും വൈദ്യുത വിപ്ലവം തീർത്തു സർക്കാർ. 2017ൽ ജില്ലയിൽ സമ്പൂർണ വൈദ്യുതീകരണ യഞ്ജം പൂർണതയിലെത്തിയതോടെ വെട്ടമെത്തിയത് 5,427 കുടുംബങ്ങൾക്ക്.
പതിനെട്ടാം വൈദ്യുതി സർവെ പ്രകാരം കേരളത്തിലെ സന്ധ്യാ സമയത്തെ വൈദ്യുതി ആവശ്യകത 2022 – 23ൽ 6,398 ഉം 2032 – 33 12,000ഉം മെഗാവാട്ടും ആവുമെന്നാണ് കണക്കാക്കുന്നത്. ഇത് സാധ്യമാക്കും വിധമുള്ള നവീകരണ പ്രവർത്തനങ്ങളാണ് നടക്കുന്നത്. കിഫ്ബി വഴി 395.6 കോടി രൂപയുടെ പദ്ധതിയാണ് കെഎസ്ഇബിയുടെ ട്രാൻസ്ഗ്രിഡ് 2.0 പദ്ധതിയിൽ ജില്ലയിൽ നടക്കുന്നത്.
പുതിയ സബ്സ്റ്റേഷൻ
കുറവിലങ്ങാട് പകലോമറ്റത്ത് 400 കെവിസബ്സ്റ്റേഷൻ നിർമാണം പുരോഗമിക്കുകയാണ്. നിലവിലുള്ള 66 കെവി ഏറ്റുമാനൂർ സബ്സ്റ്റേഷൻ പരിസരത്ത് 220 കെവി ജിഐഎസ് സബ്സ്റ്റേഷനും യാഥാർഥ്യമാകും. ഗാന്ധിനഗർ, കോട്ടയം സബ്സ്റ്റേഷനുകളും നവീകരിക്കും.
34.5 കിലോമീറ്റർ ട്രാൻസ്മിഷൻ ലൈൻ
കിഫ്ബിയിൽ 34.5 കിലോമീറ്റർ ട്രാൻസ്മിഷൻ ലൈനുകളാണ് പുതിയതായി സ്ഥാപിക്കുന്നത്. 110 കെവി ലെവലിൽ സുസ്ഥിരമായ പവർ സിസ്റ്റമുണ്ടാക്കാനും തടസമില്ലാതെ വൈദ്യുതി ലഭ്യമാക്കാനും ലക്ഷ്യമിടുന്നതാണ് പദ്ധതി. പഴയ 66 കെവി ലൈനുകൾ ഇതോടെ ഇല്ലാതാകും.
സൗരോർജം നിറയട്ടെ
സൗരോർജ ഉപയോഗം പ്രോത്സാഹിപ്പിക്കാൻ വിവിധ പദ്ധതികളാണ് ബോർഡ് ഏറ്റെടുത്ത് നടപ്പാക്കുന്നത്. വീടുകൾക്കും സ്ഥാപനങ്ങൾക്കും മുകളിൽ സൗരോർജ പ്ലാന്റ് വൈദ്യുതി ബോർഡ് സ്ഥാപിച്ചു കൊടുക്കുന്നു. 10ശതമാനം വൈദ്യുതി വീട്ടുകാർക്ക് സൗജന്യമായി നൽകും. ഉപഭോക്താക്കൾക്ക് സ്വന്തം ചെലവിൽ സൗരോർജ പ്ലാന്റ് സ്ഥാപിക്കാനും പദ്ധതിയുണ്ട്. ഉപയോഗശേഷം മിച്ചംവരുന്ന വൈദ്യുതി ബോർഡിന് വിൽക്കാം. പുതുപ്പള്ളി ഐഎച്ച്ആർഡി, മരങ്ങാട്ടുപള്ളി നേഴ്സിങ് കോളേജ്, കിടങ്ങൂർ എൻജിനിയറിങ് കോളേജ് തുടങ്ങിയവയിലെല്ലാം സൗരോർജ പ്ലാന്റ് സ്ഥാപിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..