28 November Saturday

കൊല്ലം തുറമുഖത്തിന്‌ പുതിയമുഖം

സ്വന്തം ലേഖകന്‍Updated: Friday Oct 30, 2020

കൊല്ലം തുറമുഖം

കൊല്ലം 
പഴയ പ്രതാപത്തിലേക്ക്‌ നങ്കൂരമിടുകയാണ് കൊല്ലം തുറമുഖം‌. മൾട്ടിപർപ്പസ് പാസഞ്ചർ കം കാർഗോ ടെർമിനൽ, മോട്ടോർ ടഗ്‌‌ എന്നിവകൂടി തുടങ്ങിയതോടെ വികസനപ്രഭയിലായി. സർക്കാരിന്റെ നിശ്‌ചയദാർഢ്യവും  മാരിടൈം ബോർഡിന്റെ ചടുല നടപടികളുമാണ്‌ ഇതിന്‌ കാരണം.  ലക്ഷദ്വീപിൽനിന്ന്‌ പാസഞ്ചർ കം കാർഗോ സർവീസ്‌ എത്രയും വേഗം കൊല്ലത്തെത്താനുള്ള ശ്രമത്തിലാണെന്ന്‌ കേരള മാരിടൈം ബോർഡ്‌ ചെയർമാൻ വി ജെ മാത്യു ദേശാഭിമാനിയോട്‌ പറഞ്ഞു. ലക്ഷദ്വീപ്‌ ഡെവലപ്‌മെന്റ്‌ കോർപറേഷനുമായി ഇക്കാര്യത്തിൽ ധാരണയായിട്ടുണ്ട്‌.  
വിഴിഞ്ഞം കഴിഞ്ഞാൽ അന്താരാഷ്‌ട്ര കപ്പൽചാലിനോട്‌ ഏറ്റവും അടുത്ത്‌ കിടക്കുന്ന തുറമുഖമാണ്‌‌ കൊല്ലം. അതിനാൽ ക്രൂ ചേഞ്ചിങ്ങിന്‌ കൂടുതൽ സാധ്യതയുണ്ട്‌. ഇത്‌ പൂർണമായും ഉപയോഗപ്പെടുത്താൻ നടപടികളെടുത്തു. ജോലി സമയം കഴിഞ്ഞ കപ്പൽ ജീവനക്കാരെ ഇറക്കുകയും പുതിയവരെ കയറ്റുകയും ചെയ്യുന്ന പ്രകിയയാണ്‌ ക്രൂ ചേഞ്ചിങ്‌‌. 101 മീറ്ററിലുളള  മൾട്ടിപർപ്പസ്‌ ടെർമിനലാണ്‌ കഴിഞ്ഞദിവസം ഉദ്‌ഘാടനം ചെയ്‌തത്‌. 187 മീറ്റർ നീളമുള്ള ടെർമിനൽ ‌നേരത്തെ ഉണ്ടായിരുന്നു. ആകെ നീളം 288 ആയതോടെ ഒരേ സമയം രണ്ടു‌ ഇടത്തരം കപ്പൽ അടുപ്പിക്കാനുള്ള സൗകര്യം ലഭ്യമായി. യാത്രാ കപ്പലുകൾ  ഇല്ലാത്തപ്പോൾ കാർഗോ കപ്പലുകൾ അടുപ്പിക്കാം. ഷിപ്പിങ്‌‌ ജോലികൾ സുഗമമാക്കാൻ 3.2 കോടി വീതം വിനിയോഗിച്ചാണ്‌ ധ്വനി മോട്ടോർ ടഗ്‌‌ ‌നിർമിച്ചത്‌.  
എമിഗ്രേഷൻ ക്ലിയറൻസ് ലഭ്യമാകുന്ന മുറയ്‌ക്കാകും കപ്പൽ അടുക്കുന്നതും ചരക്ക് ഗതാഗതം സുഗമമാകുന്നതും. ഷിപ്പിങ്‌, ആഭ്യന്തര മന്ത്രാലയങ്ങളാണ്‌ അനുമതി നൽകേണ്ടത്‌. കശുവണ്ടി കൊണ്ടുവരാനും കെഎംഎംഎൽ ഉൽപ്പന്നങ്ങൾ, മത്സ്യമൂല്യവർധിത ഉൽപ്പന്നങ്ങൾ എന്നിവ കയറ്റുമതി ചെയ്യാനും തുറമുഖം സാധ്യത തുറന്നിടുന്നു. മത്സ്യബന്ധന മേഖലയ്ക്കും ഏറെ ഉപയോഗപ്രദമാക്കാം. നവംബർ മുതൽ ഫെബ്രുവരിവരെ അറബിക്കടലിൽ കൂടുതൽ യാത്രാകപ്പലുകൾ എത്തുന്ന സമയമാണ്‌. നിലവിൽ കൊച്ചിയിൽ അടുക്കുന്ന കപ്പലുകളെ  കൊല്ലത്തേക്ക്‌ എത്തിക്കാനാകും. കൊളംബോയിൽനിന്നുള്ള ‌ സ്ഥിരം ചരക്ക്‌ സർവീസിനും നീക്കം നടക്കുന്നു. എമിഗ്രേഷൻ ക്ലിയറൻസ് കിട്ടിയില്ലെങ്കിലും മിനിക്കോയ് ലക്ഷദ്വീപ് യാത്രാ സർവീസ് തുടങ്ങാനാകും.
 
നെതർലൻഡ്‌സ്‌ കപ്പൽ 
നാളെ എത്തും
കൊല്ലം
ഐഎസ്ആർഒയ്ക്കുള്ള പ്രോജക്‌റ്റ്‌ കാർഗോയുമായി മുംബൈ നവ ഷെവ തുറമുഖത്തുനിന്ന് നെതർലൻഡ്‌സിൽനിന്നുള്ള‌ ‌ ഹെംസ് ലിഫ്റ്റ് നദിൻ കപ്പൽ പുറപ്പെട്ടു. വ്യാഴാഴ്‌ച പകൽ 10.30നാണ്‌ കപ്പൽ മുംബൈയിൽനിന്ന്‌ പുറപ്പെട്ടത്‌. ശനിയാഴ്‌ച രാവിലെ 10ന്‌ കൊല്ലത്ത്‌ എത്തും. തുമ്പ  ഇക്വറ്റോറിയൽ ലോഞ്ചിങ് സ്റ്റേഷനിലേക്കുള്ള കാർഗോയുമായാണ്‌ കപ്പൽ എത്തുന്നത്‌. കൊല്ലത്തുനിന്ന്‌   കരമാർഗം  പ്രത്യേക ചരക്കുവാഹനത്തിൽ ഐഎസ്ആർഒയിലേക്ക്‌ കൊണ്ടുപോകും. കൊല്ലം പാക്സ് ഷിപ്പിങ് കമ്പനിയാണ് കപ്പൽ എത്തിക്കുന്നത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top