04 December Friday
2 വയസ്സുമുതൽ അങ്കണവാടി പ്രവേശനം

പിച്ചവയ്‌ക്കട്ടെ പിഞ്ചോമനകൾ

പി ആർ ദീപ്‌തിUpdated: Friday Oct 30, 2020
കൊല്ലം
പിഞ്ചോമനകൾക്ക് കൂടുതൽ‌ ആരോഗ്യത്തോടെ പിച്ചവയ്‌ക്കാം. പോഷകാഹാരവും സുരക്ഷിത അന്തരീക്ഷവും ഉറപ്പാക്കി രണ്ടു‌ വയസ്സ്‌‌ മുതലുള്ള കുരുന്നുകൾക്ക്‌ അങ്കണവാടിയിൽ പ്രവേശനം നൽകും. പദ്ധതിയുടെ ആദ്യപരീക്ഷണം കൊല്ലത്താണ്‌.  ഐസിഡിഎസിന്റെ 45–-ാം വാർഷികാഘോഷവേളയിൽ‌ ജോലിയ്‌ക്ക്‌ പോകുന്ന രക്ഷാകർത്താക്കളുടെ ആവശ്യം പരിഗണിച്ചാണ്‌‌ പദ്ധതി. ‌  
കൊല്ലം ഇത്തിക്കര ഐസിഡിഎസ്‌ ബ്ലോക്കിലാണ്‌ പൈലറ്റ്‌ അടിസ്ഥാനത്തിൽ പദ്ധതി ആരംഭിക്കുന്നത്‌. ബ്ലോക്കിന്‌ കീഴിലുള്ള 193 അങ്കണവാടികളിൽ കോവിഡ്‌ കഴിഞ്ഞാലുടൻ രണ്ടു‌ വയസ്സുകാർക്ക്‌ പ്രവേശനം നൽകും‌. പദ്ധതി വിജയകരമായാൽ സംസ്ഥാനത്ത്‌ വ്യാപിപ്പിക്കും. കൂടുതൽ ഫീസ്‌ നൽകി സ്വകാര്യ ഡേകെയറുകളിൽ  കുഞ്ഞുങ്ങളെ ഏൽപ്പിക്കാൻ കഴിയാത്ത സാധാരണക്കാർക്ക് പദ്ധതി ആശ്വാസകരമാകും. 
നിലവിൽ മൂന്നു‌ മുതൽ ആറു‌ വയസ്സുവരെയുള്ള കുട്ടികൾക്കാണ്‌ അങ്കണവാടികളിൽ‌ പ്രവേശനം. വർക്കറും ഹെൽപ്പറും ഉൾപ്പെടെ രണ്ട്‌ ജീവനക്കാരാണ്‌ ഇവിടെയുള്ളത്‌‌‌. രണ്ടു‌ വയസ്സുകാർ കൂടി എത്തുന്നതോടെ ആവശ്യമെങ്കിൽ കൂടുതൽ ജീവനക്കാരെ നിയമിക്കും‌.  
രാവിലെ 9.30മുതൽ വൈകിട്ട്‌ 3.30വരെയാണ്‌ അങ്കണവാടികളുടെ പ്രവർത്തന സമയം.  രക്ഷാകർത്താക്കളുടെ ആവശ്യം പരിഗണിച്ച്‌ രാവിലെ എട്ടു‌ മുതൽ വൈകിട്ട്‌ ആറുവരെയാക്കി നടപ്പാക്കിയ ‘ക്ലബ്ബിങ്‌ ഓഫ്‌ അങ്കണവാടി’ വിജയകരമായിരുന്നു‌‌‌. ഈ പദ്ധതിക്കൊപ്പം ഇത്തിക്കരയിലെ പൈലറ്റ്‌ പദ്ധതിയും സംസ്ഥാനത്ത്‌ വ്യാപിപ്പിക്കാനാണ്‌ ലക്ഷ്യമെന്ന്‌ വനിത ശിശു വികസന ഡയറക്ടർ ടി വി അനുപമ പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top