12 September Thursday

കേരളം പുതിയ ഭരണസംസ്‌കാരത്തിലേക്ക് : മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Saturday Sep 30, 2023

അവലോകനയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ സംസാരിക്കുന്നു

തൃശൂർ
കേരളം പുതിയൊരു ഭരണ സംസ്‌കാരത്തിലേക്ക് നീങ്ങുകയാണെന്ന്‌  മുഖ്യമന്ത്രി പിണറായി വിജയൻ. ഭരണ നിർവഹണം കൂടുതൽ വേഗത്തിലാക്കാൻ ഉദ്യോഗസ്ഥർ ജാഗ്രത പുലർത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു.   തൃശൂർ മേഖലാ അവലോകന യോഗത്തിൽ തൃശൂർ, മലപ്പുറം, പാലക്കാട് ജില്ലകളിലെ വിവിധ വികസന പദ്ധതികളുടെ പുരോഗതി വിലയിരുത്തി സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
തീരുമാനിച്ച കാര്യങ്ങൾ സമയബന്ധിതമായി നടപ്പാക്കാനാവണം. പ്രവർത്തനങ്ങളിൽ സുതാര്യതയുണ്ടാവുകയെന്നത് ഏറ്റവും പ്രധാനമാണ്. അഴിമതി  ഇല്ലാതാക്കുന്നതിന്‌ ശക്തമായ ഇടപെടൽ നടത്താൻ ഓരോരുത്തരും മുന്നോട്ടുവരണം. ഉത്തരവാദിത്വ നിർവഹണത്തിലൂടെ ജനങ്ങൾക്ക് ലഭിക്കുന്ന സംതൃപ്തിയായിരിക്കണം നാം പ്രതിഫലമായി ലക്ഷ്യംവയ്‌ക്കേണ്ടത്‌. 
 അതിദാരിദ്ര്യ നിർമാർജന രംഗത്ത് കേരളത്തിന്  വലിയ പുരോഗതി കൈവരിക്കാനായി. നവംബർ ഒന്നോടെ വലിയൊരു ശതമാനം ആളുകൾ അതിദാരിദ്ര്യാവസ്ഥയിൽനിന്ന് മോചിതരാവും. 2025ഓടെ അതിദരിദ്രരില്ലാത്ത സംസ്ഥാനമായി മാറാൻ കേരളത്തിന് കഴിയുന്ന രീതിയിലാണ് പദ്ധതി മുന്നോട്ടുപോവുന്നത്. 
ലൈഫ് പദ്ധതി തദ്ദേശസ്ഥാപന തലത്തിൽ നല്ല രീതിയിൽ നടന്നുവരുന്നു.  ഈ പ്രവർത്തനങ്ങൾ സമയബന്ധിതമായി നടക്കുന്നുവെന്ന് ഉറപ്പാക്കാൻ സെക്രട്ടറി തലത്തിൽ നല്ല ഇടപെടലുകൾ ഉണ്ടാവണം. നിസ്സാര കാര്യങ്ങളുടെ പേരിൽ നിർമാണം തടസ്സപ്പെടുന്ന സ്ഥിതിയുണ്ടാവരുത്. ജലജീവൻ മിഷൻ പദ്ധതിക്കായി ഭൂമി ലഭ്യമാക്കുന്നതിനും  എല്ലാവരും ഇടപെടണം. 
 കേരളം പൂർണമായും മാലിന്യമുക്തമാകുന്ന പുതിയൊരു സംസ്‌കാരത്തിലേക്ക്  വളരാനാവണം. കിണർ വെള്ളത്തിലും മനുഷ്യവിസർജ്യത്തിന്റെ അംശങ്ങൾ കണ്ടുവരുന്ന സാഹചര്യത്തിൽ അവ പരിശോധിച്ച് ശുദ്ധമാണെന്ന് ഉറപ്പുവരുത്തുന്നതിന് മികച്ച സംവിധാനങ്ങളുണ്ടാവണം. എംഎൽഎ ഫണ്ട് ഉപയോഗപ്പെടുത്തി ഹയർ സെക്കൻഡറി സ്‌കൂളുകളിൽ ഇത്തരം ലാബുകൾ സ്ഥാപിക്കാൻ ശ്രമിക്കണം.
 ആരോഗ്യ സേവനങ്ങൾ പൂർണമായും ഓൺലൈനാക്കാൻ ലക്ഷ്യമിടുന്ന ഇ- ഹെൽത്ത് പദ്ധതി സാധാരണക്കാർക്ക് ഉപകരിക്കുംവിധം പൂർണാർഥത്തിൽ നടപ്പിലാക്കണം. തീരദേശ ഹൈവേ പൂർത്തിയാവുന്നതോടെ വലിയ മാറ്റമാണ് കേരളത്തിലുണ്ടാവുക.  പദ്ധതിക്ക്‌ ഭൂമി ഏറ്റെടുക്കുമ്പോൾ പ്രതിഷേധങ്ങളുണ്ടാകുന്ന പ്രദേശങ്ങളിൽ ജനങ്ങളെ കാര്യങ്ങൾ ബോധ്യപ്പെടുത്തി മുന്നോട്ടുപോകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top