08 December Thursday

അഖിലേന്ത്യാ സമ്മേളനത്തിന് നഗരമൊരുങ്ങി

വെബ് ഡെസ്‌ക്‌Updated: Friday Sep 30, 2022

ഓൾ ഇന്ത്യാ പോസ്റ്റൽ എംപ്ലോയീസ് യൂണിയൻ ജിഡിഎസ് (എൻഎഫ്പിഇ) അഖിലേന്ത്യാ സമ്മേളനത്തോടനുബന്ധിച്ച്‌ പുലിക്കുന്ന്‌ കെ ജി ബോസ് ലൈബ്രറി ഹാളിൽ നടന്ന സെമിനാർ എൻ എ നെല്ലിക്കുന്ന് എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു

കാസർകോട്‌
ഓൾ ഇന്ത്യാ പോസ്റ്റൽ എംപ്ലോയീസ്‌ യൂണിയൻ ജിഡിഎസ് (എൻഎഫ്പിഇ) അഖിലേന്ത്യാ സമ്മേളനത്തിന് കാസർകോട് ഒരുങ്ങി. ഒക്ടോബർ 8, 9 തീയതികളിൽ കാസർകോട്‌ മുനിസിപ്പൽ ടൗൺ ഹാളിലാണ്‌ സമ്മേളനം. 
രാജ്യത്തെ 2.55 ലക്ഷം തൊഴിലാളികളെ പ്രതിനിധീകരിച്ച്‌ 650 പേർ സമ്മേളനത്തിൽ പങ്കെടുക്കും. എട്ടിന്‌ രാവിലെ 10ന്‌ മുനിസിപ്പൽ ടൗൺ ഹാളിലെ എം കൃഷ്‌ണൻ നഗറിൽ പ്രതിനിധിസമ്മേളനം സിഐടിയു അഖിലേന്ത്യാ വൈസ്‌ പ്രസിഡന്റ്‌ എ കെ പത്മനാഭൻ ഉദ്‌ഘാടനം ചെയ്യും. പൊതുസമ്മേളനം പുലിക്കുന്ന്‌ സന്ധ്യാരാഗം ഓപ്പൺ ഓഡിറ്റോറിയത്തിലെ എം എസ് സാബു നഗറിൽ മന്ത്രി പി എ മുഹമ്മദ്‌ റിയാസ്‌ ഉദ്‌ഘാടനം ചെയ്യും. 
ആറിന്‌ കാസർകോട് ടൗണിൽ വിളംബര ജാഥ നടത്തും. പതാക ജാഥ  ആറിന്‌ വൈകിട്ട്‌ കണ്ണൂർ പയ്യാമ്പലത്തെ സംഘടനയുടെ മുൻകാല നേതാക്കളായ എൻ പി പത്മാനഭന്റെയും ടി എം ജനാർദനന്റെയും സ്മൃതി കുടീരത്തിൽ നിന്നാരംഭിക്കും. വിവിധ കേന്ദ്രങ്ങളിലെ സ്വീകരണത്തിന് ശേഷം വൈകിട്ട് അഞ്ചിന്‌ പൊതുസമ്മേളനം നടക്കുന്ന പുലിക്കുന്ന്‌ സന്ധ്യാരാഗം ഓപ്പൺ ഓഡിറ്റോറിയത്തിലെ എം എസ് സാബു നഗറിൽ പതാക ഉയർത്തും. സമ്മേളന ദിവസങ്ങളിൽ ഫോട്ടോ പ്രദർശനം, സ്‌റ്റാമ്പ്‌ പ്രദർശനം, അലോഷിയും സംഘവും അവതരിപ്പിക്കുന്ന ഗസൽ, ജീവനക്കാരുടെ കലാപരിപാടികൾ എന്നിവയുണ്ടാകും. 
അനുബന്ധ 
പരിപാടികൾ സജീവം
സമ്മേളനത്തിന്റെ പ്രചരണാർഥം നിരവധി അനുബന്ധ പരിപാടികൾ നടന്നു. സംഘാടക സമിതി ഓഫീസ്‌ പുലിക്കുന്നിലെ കെ ജി ബോസ്‌ ലൈബ്രറി ഹാളിലാണ്‌  പ്രവർത്തിക്കുന്നത്‌. സിഐടിയു ദേശീയസെക്രട്ടറി എളമരം കരീം എംപിയാണ്‌ ഉദ്ഘാടനം ചെയ്തത്.  സമ്മേളനത്തിന്റെ ലോഗോ പ്രകാശിപ്പിക്കലും വെബ് സൈറ്റ് ഉദ്ഘാടനവും സിപിഐ എം ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണനാണ്‌ നിർവഹിച്ചത്‌.  ‘സ്വാതന്ത്ര്യത്തിന്റെ മുക്കാൽ നൂറ്റാണ്ട’ വിഷയത്തിൽ കാഞ്ഞങ്ങാടും ‘തപാൽ വകുപ്പിന്റെ കോർപറേറ്റുവൽക്കരണം പ്രത്യാഘാതങ്ങൾ’ വിഷയത്തിൽ  കാസർകോടും സെമിനാർ നടന്നു. വനിതാ ജീവനക്കാരുടെ നേതൃത്വത്തിൽ പോസ്റ്റർ പ്രചാരണം നടന്നു. രണ്ടിന്‌ രാവിലെ 10ന്‌ നീലേശ്വരം വ്യാപാര ഭവനിൽ കുടുംബ സംഗമവും കലാമേളയും മുൻ എംഎൽഎ  കെ പി സതീഷ്‌ചന്ദ്രൻ ഉദ്ഘാടനം ചെയ്യും. സംസ്ഥാന അടിസ്ഥാനത്തിൽ സംഘടിപ്പിച്ച ഫോട്ടോ ഗ്രാഫി, പോസ്റ്റർ രചന, റീൽ വീഡിയോ മത്സരങ്ങൾക്ക് മികച്ച പ്രതികരണമാണ്‌ ലഭിച്ചത്‌. മുൻ എംപി പി കരുണാകരൻ ചെയർമാനും പി വി രാജേന്ദ്രൻ ജനറൽ കൺവീനറുമായ സംഘാടക സമിതി, സമ്മേളനം ചരിത്രവിജയമാക്കുന്നതിനുള്ള ഊർജിതമായ പ്രവർത്തനങ്ങളാണ്‌ നടത്തുന്നത്‌.
 സെമിനാർ
കാസർകോട്‌
 അഖിലേന്ത്യാ സമ്മേളനത്തോടനുബന്ധിച്ച്‌  ‘തപാൽ വകുപ്പ് കോർപറേറ്റ്‌വൽകരണം പ്രത്യാഘാതങ്ങൾ’ വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. പുലിക്കുന്ന്‌ കെ ജി ബോസ് ലൈബ്രറി ഹാളിൽ എൻ എ നെല്ലിക്കുന്ന് എംഎൽഎ ഉദ്ഘാടനം ചെയ്തു. സിഐടിയു സംസ്ഥാന സെക്രട്ടറി ടി കെ രാജൻ അധ്യക്ഷനായി. എൻഎഫ്പിഇ സംസ്ഥാന കൺവീനർ പി കെ മുരളീധരൻ വിഷയം അവതരിപ്പിച്ചു. എൻഎഫ്പിഇ സംസ്ഥാന ചെയർമാൻ പി കരുണാകരൻ, കെ ഹരിദാസ് എന്നിവർ സംസാരിച്ചു.  പി വി രാജേന്ദ്രൻ സ്വാഗതവും കെ ഹരി നന്ദിയും പറഞ്ഞു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top