18 September Saturday

പ്രളയത്തുരുത്തിൽ ആഹ്ലാദത്തിര

വെബ് ഡെസ്‌ക്‌Updated: Friday Jul 30, 2021

ഫർഷിദ്‌

മനാഫ്‌ താഴത്ത്‌
ഫറോക്ക്
മൂക്കോളം മുക്കിയ പ്രളയജലത്തിൽ നിന്ന്‌ പ്രാണനുമായി പായുമ്പോൾ ഫർഷിദിന്റെ മറുകൈയിൽ പാഠപുസ്‌തകങ്ങളുമുണ്ടായിരുന്നു. നെഞ്ചോടു ചേർത്ത ആ പുസ്‌തകങ്ങളുമായി അവൻ ദിവസവും തുരുത്തിൽ നിന്ന്‌ സ്‌കൂളിലേക്ക്‌ തോണിയേറി. കോവിഡ്‌ കാലത്തെ ഓൺലൈൻ ക്ലാസിലിരുന്ന്‌ ആ വഞ്ചി പ്ലസ്‌ടുവിന്റെ കടവിലടുത്തു. 95 ശതമാനം മാർക്കും  ഫുൾ എ പ്ലസുമായി അവൻ വീണ്ടും തുഴയുകയാണ്‌ –- സിവിൽ സർവീസെന്ന സ്വപ്‌നത്തിലേക്ക്‌.
കടലുണ്ടി പഞ്ചായത്തിലെ രണ്ടാം വാർഡിൽ ഉൾപ്പെടുന്ന കാക്കാത്തിരുത്തി ദ്വീപ്‌ നിവാസിയാണ്‌ ഫർഷിദ്‌. പരീക്ഷണങ്ങളും വെല്ലുവിളികളും പിന്നിട്ട രണ്ടുവർഷമാണ്‌ കടന്നുപോയത്‌. ചാലിയത്തിനും ഫറോക്ക് കരുവൻ തിരുത്തിക്കുമിടയിൽ ചാലിയാറിനു മധ്യേ കടലിന് വിളിപ്പാടകലെയായുള്ള  ചെറുദ്വീപിനെ പ്രളയം നക്കിത്തുടച്ചു. ഏറെ നാൾ ബന്ധുവീട്ടിലായിരുന്നു.  കൊടും ദുരിതത്തിനിടയിലും പഠിച്ച് പ്ലസ്‌വണ്ണിലും ഫുൾമാർക്ക്‌ വാങ്ങി. ഓൺലൈൻ ക്ലാസിലേക്ക്‌ മാറിയപ്പോൾ ഇന്റർനെറ്റായി വില്ലൻ. പലപ്പോഴും ക്ലാസുകൾ പാതിയിൽ മുറിഞ്ഞു.  ഓരോ വിഷയവും സ്വന്തമായാണപ്പോൾ പഠിച്ചത്‌. 
കുടിവെള്ളത്തിനു പോലും മറുകരകയെ ആശ്രയിക്കുന്ന തുരുത്തിൽ നിന്ന്‌ നിത്യവുമുള്ള കടന്നുപോക്ക്‌ അവസാനിപ്പിക്കാനാണ്‌ ഫർഷിദിന്റെ തീരുമാനം. ഡൽഹി ജാമിയ മില്ലിയ സർവകലാശാലയിൽ ബി എ ഹിസ്റ്ററി, പൊളിറ്റിക്കൽ സയൻസ് എന്നിവയ്ക്കായി അപേക്ഷിച്ചിട്ടുണ്ട്‌. ബിരുദത്തിനപ്പുറം സിവിൽ സർവീസാണ്  ലക്ഷ്യം. അതിന്‌ ഉറച്ച പിന്തുണയുമായി മാതാപിതാക്കളായ മുജീബും സുഹറയുമുണ്ട്‌.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top