19 September Sunday

അറിവുനേടാൻ ഒപ്പമുണ്ട്‌ 
കോർപറേഷനും

വെബ് ഡെസ്‌ക്‌Updated: Friday Jul 30, 2021

നടക്കാവ്‌ ഗവ. ഗേൾസ്‌ സ്‌കൂളിൽ ഹയർസെക്കൻഡറി തുല്യത പരീക്ഷയെഴുതി പുറത്തിറങ്ങിയ പഠിതാക്കൾ മേയർ ഡോ. ബീന ഫിലിപ്പിനൊപ്പം

 
കോഴിക്കോട്‌ 
നടക്കാവ്‌ ഗവ. ഗേൾസ്‌ ഹയർസെക്കൻഡറി സ്‌കൂളിലെ പരീക്ഷാ കേന്ദ്രത്തിൽനിന്ന്‌ ഹയർസെക്കൻഡറി തുല്യത പരീക്ഷ കഴിഞ്ഞിറങ്ങിയവരെ കാത്ത്‌  മേയർ ഡോ.  ബീന ഫിലിപ്പുണ്ടായിരുന്നു; പരീക്ഷയെ കുറിച്ച്‌ ചോദിച്ചറിയാനും ഒപ്പം വിശേഷങ്ങൾ പങ്കുവയ്‌ക്കാനും. കോർപറേഷൻ സഹായത്തോടെ തുല്യതാ പഠനം പൂർത്തീകരിച്ച കുടുംബശ്രീ അംഗങ്ങളായിരുന്നു നടക്കാവിൽ പരീക്ഷയ്‌ക്കെത്തിയത്‌. 
കോർപറേഷനു കീഴിലുള്ള കുടുംബശ്രീയിലെ പല അംഗങ്ങളും ജീവിത പ്രാരാബ്‌ധങ്ങളാൽ പാതിവഴിയിൽ പഠനം ഉപേക്ഷിച്ചവരായിരുന്നു. ചെറിയ കൈത്താങ്ങ്‌ നൽകിയാൽ അറിവിന്റെ പുതുലോകത്ത്‌ ഇവർ ശോഭിക്കുമെന്ന തിരിച്ചറിവിലാണ്‌ മേയറും കൂട്ടരും സഹായവുമായി എത്തിയത്‌.  പഠനം നിലച്ച സ്‌ത്രീകൾക്ക്‌  തുടർ പഠനം നൽകാനായി  സാക്ഷരതാ മിഷൻ കുടുംബശ്രീ  സഹായത്തോടെ ആവിഷ്‌കരിച്ച ‘സമ’ പദ്ധതിക്കൊപ്പം കോർപറേഷനും ചേരുകയായിരുന്നു. രജിസ്‌റ്റർ ചെയ്‌ത്‌ പഠനം ആരംഭിച്ച 70 കുടുംബശ്രീ അംഗങ്ങൾക്ക്‌ എല്ലാ സഹായ സഹകരണവും നൽകുന്നത്‌ കോർപറേഷനാണ്‌.  പഠനത്തിനായി  2500 രൂപ വീതം  കോഴ്‌സ്‌ ഫീ നൽകി. ഒപ്പം ഓൺലൈൻ പഠനത്തിനുള്ള സൗകര്യങ്ങളും. ഗവ. മോഡൽ എച്ച്‌എസ്‌എസിലായിരുന്നു പഠനകേന്ദ്രം. 70 പഠിതാക്കളും ആദ്യവർഷ പരീക്ഷയെഴുതി.  
 കോർപറേഷൻ പരിധിയിലെ പഠനം തുടരാൻ താൽപ്പര്യമുള്ള മുഴവൻ വനിതകൾക്കും സഹായം നൽകുമെന്ന്‌  മേയർ ഡോ. ബീന ഫിലിപ്പ്‌ പറഞ്ഞു.  
സാക്ഷരതാ മിഷൻ ജില്ലാ കോ ഓർഡിനേറ്റർ പി പ്രശാന്ത്‌കുമാർ, അസി. കോ ഓർഡിനേറ്റർ പി വി ശാസ്‌ത പ്രസാദ്‌, സമ്പർക്ക പഠനകേന്ദ്രം കോ ഓർഡിനേറ്റർമാരായ എം എം ലത, പി പരിമള എന്നിവരും ഒപ്പമുണ്ടായി.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top