18 September Saturday
- കെഎസ്‌ഇബി ജീവനക്കാർ കൈകോർത്തു

നന്മയുടെ വെട്ടമെത്തി; അൻഷിദയ്‌ക്കും ആഷിദിനും ഇനി പഠിക്കാം

വെബ് ഡെസ്‌ക്‌Updated: Friday Jul 30, 2021

നെടുനിലം പുക്കാട്ടുവളപ്പിൽ അൻഷിദയുടെയും ആഷിദിന്റെയും വീട്ടിൽ വൈദ്യുതി സി കെ ശശീന്ദ്രൻ സ്വിച്ച് ഓൺ ചെയ്യുന്നു

 
കൽപ്പറ്റ
അൻഷിദയ്‌ക്കും ആഷിദിനും ഇനി വൈദ്യുതി വെട്ടത്തിൽ പഠിക്കാം. ഫോൺ ചാർജ്‌ ചെയ്യാനും ഇനി മറ്റുള്ളവരെ ആശ്രയിക്കേണ്ട. ഓൺലൈൻ പഠനത്തിന്‌ ബുദ്ധിമുട്ടിയ മുണ്ടേരി ഗവ. ഹയർ സെക്കൻഡറി സ്കൂൾ  വിദ്യാർഥികളായ നെടുനിലം പുക്കാട്ടുവളപ്പിൽ അൻഷിദയുടെയും ആഷിദിന്റെയും വീട്ടിൽ വെളിച്ചമെത്തി. 
  വീടിന്റെ  വയറിങ്ങടക്കം ഏറ്റെടുത്ത്‌ പുതിയ പോസ്റ്റും സ്ഥാപിച്ച്‌ ലൈൻ വലിച്ച് 31,000 രൂപ ചെലവിൽ കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ (സിഐടിയു)  കൽപ്പറ്റ ഡിവിഷൻ അംഗങ്ങളാണ് വൈദ്യുതിയെത്തിച്ചത്‌. സ്ഥലം മാറിപ്പോയ മുൻ മുണ്ടേരി ഹെഡ്മാസ്റ്റർ ചെർളശേരി സുജിത്തിന്റെ  അഭ്യർഥന പ്രകാരമാണ്‌ വിദ്യാർഥികളുടെ സങ്കടം മനസ്സിലാക്കി കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ ഇവർക്ക്‌ വെളിച്ചമെത്തിച്ചത്. സംസ്ഥാന സർക്കാരിന്റെ കരുതലിൽ ലൈഫ് മിഷൻ പദ്ധതിയിലൂടെ ലഭിച്ച വീട്ടിലാണ് ഇവർ താമസിക്കുന്നത്. കോവിഡ് സാഹചര്യത്തിൽ  കൂലിപ്പണിക്കാരനായ ഗൃഹനാഥൻ ബഷീറിന്  വൈദ്യുതിക്കായി  വലിയ തുക മുടക്കാനുള്ള സാമ്പത്തിക ശേഷിയില്ല. ഈ സാഹചര്യത്തിലാണ് അസോസിയേഷൻ  സഹായവുമായി മുന്നോട്ടു വന്നത്. സി കെ ശശീന്ദ്രൻ സ്വിച്ച്‌ ഓൺ ചെയ്തു. കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ സിഐടിയു കൽപ്പറ്റ ഡിവിഷൻ സെക്രട്ടറി കെ പി ദിലീപ്, ജോയിന്റ്‌ സെക്രട്ടറി ഗിരീഷ് കുമാർ, ബിജു പോൾ, വേണു, കേന്ദ്ര കമ്മിറ്റിയംഗം ശ്രീനിവാസൻ, സ്കൂളിലെ അധ്യാപകർ എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top