08 August Saturday

മാസ്‌ക്കിലും അതീവസുരക്ഷയുമായി വിഎസ്‌എസ്‌സി

വെബ് ഡെസ്‌ക്‌Updated: Tuesday Jun 30, 2020
തിരുവനന്തപുരം
നിലവിലുള്ള മാസ്‌ക്കുകളുടെ കുറവുകൾ പരിഹരിക്കാൻ ‘ടൂ ചേംബർ ’ മാസ്‌ക്‌ എന്ന ആശയവുമായി വിഎസ്‌എസ്‌സി ശാസ്‌ത്രജ്‌ഞർ. മുഴുവൻ സമയവും മാസ്ക് ധരിച്ചു ജോലി ചെയ്യേണ്ടിവരുന്നവർക്ക്‌ കണ്ണടയിൽ ഉണ്ടാകുന്ന മൂടൽ, വായിലെയും മൂക്കിലെയും വായു ഒരുമിച്ചു ചേരുക, വിയർക്കൽ തുടങ്ങി പല തരത്തിലുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാകാറുണ്ട്. വിപണിയിൽ ലഭിക്കുന്ന സാധാരണ മാസ്‌ക്കുകളിൽ മിക്കവയും ഫിൽട്രേഷൻ കുറഞ്ഞവയും മുഖത്തോടു ചേർന്ന് നിൽക്കാത്തവയുമാണ്‌.
 
കണ്ണുകളിൽ ദീർഘനേരം തട്ടുന്ന ഉച്ഛ്വാസ വായു കണ്ണുകളുടെ വരൾച്ചയ്‌ക്കും അനുബന്ധ അസുഖങ്ങൾക്കും കാരണമായേക്കും. ഇതിന്‌ പരിഹാരമായാണ്‌ ടൂ ചേംബർ മാസ്‌ക്‌ എന്ന ആശയം വിഎസ്എസ്‌സിയിലെ ശാസ്ത്രജ്ഞരായ പി വേണു പ്രസാദും ഡോ. അനിതയും വികസിപ്പിച്ചത്‌.
 
ഖാദി തുണി കൊണ്ടുണ്ടാക്കിയ ഈ പുതിയ മാസ്ക് ഇത്തരം മിക്ക പ്രശ്നങ്ങളും പരിഹരിക്കും. മൂക്കിലെയും വായിലെയും വായു കൂടിച്ചേരുന്നതിനെ തടയുന്ന തരത്തിലാണ്‌ നിർമാണം. മൂക്കിന്റെ ഭാഗം വയർ സ്ട്രിപ്പുകൾ ഉപയോഗിച്ച് തുന്നിച്ചേർത്തതാണ്. ആയുർവേദ എണ്ണകളുടെ മിശ്രിതം ഉപയോഗിച്ച് നിർമിക്കുന്ന ഫിൽറ്റർ കാട്രിഡ്ജ് ആവശ്യാനുസൃതം മാറ്റി ഉപയോഗിക്കാം. കഴുകിയ ശേഷം വീണ്ടും ഉപയോഗിക്കാം. ഒരു മാസ്കിന്‌ ഉപയോഗിക്കുന്ന സാധനങ്ങളുടെ വില പത്ത് രൂപയിൽ താഴെയാണ്. വിവരങ്ങൾ "facebook .com/2chambermask’.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top