20 September Friday

‘ധമനി’കളിലെ മാലിന്യം നീങ്ങി, ആലപ്പുഴയുടെ ഹ‌ൃദയം തുടിച്ചു

ലെനി ജോസഫ‌്Updated: Thursday May 30, 2019

നഗരത്തിൽ ശുചീകരിച്ച വാടക്കനാലിൽ ഉല്ലസിക്കുന്നവർ

 ആലപ്പുഴയുടെ സിരകളായ കനാലുകളിൽ തെളിനീരൊഴുകിയിരുന്ന സുവർണകാലമുണ്ടായിരുന്നു. മലഞ്ചരക്ക‌് കയറ്റിവരുന്ന കേവുവള്ളങ്ങളും മറ്റും സജീവമാക്കിയിരുന്ന, ജനതതിയുടെ നിത്യജീവിതവുമായി അഭേദ്യബന്ധം പുലർത്തിയിരുന്നു കനാലുകൾ. ഇവിടങ്ങളിൽ മാലിന്യം അടിഞ്ഞുകൂടി, ഒഴുക്ക‌് നിലച്ച‌് ആലപ്പുഴയുടെ ഗാത്രത്തെ തളർത്തിയത‌് പിന്നീടത്തെ ചരിത്രം.  

 മാലിന്യം വലിച്ചെറിയാൻ മാത്രമുള്ള ഇടമായി കനാലുകളെ ജനങ്ങൾ കണ്ടുതുടങ്ങിയതാണ‌് ഈ പതനത്തിലേക്ക‌് എത്തിച്ചത‌്. പ്ലാസ‌്റ്റിക്കും ഫാക‌്ടറികളിൽനിന്നുള്ള മാലിന്യവുംമുതൽ മനുഷ്യവിസർജ്യംവരെ കനാലിലേക്ക‌് തള്ളപ്പെട്ടപ്പോൾ തീരജില്ലയിലെ ജനത രോഗാതുരരായി.
 എന്നാൽ പ്രളയാനന്തരം ആലപ്പുഴയിൽ നടക്കുന്ന ഭഗീരഥപ്രയത്നങ്ങളിലൊന്ന‌് നഷ‌്ടപ്പെട്ടുപോയ കനാലുകളെ തിരിച്ചുപിടിക്കലാണ‌്. നദികളും തോടുകളും കനാലുകളും കായലുംകൊണ്ട‌് പുകൾപെറ്റ ആലപ്പുഴയെ ബ്രിട്ടീഷ‌് വൈസ്രോയി  ജോർജ‌് നഥാനിയേൽ കഴ‌്സൺ  ‘കിഴക്കിന്റെ വെനീസ‌്’ എന്ന‌് വിളിക്കാൻ ഇടയാക്കിയ പ്രതാപത്തിലേക്കുള്ള മടക്കയാത്രയാണ‌് ഇനിയത്തെ സ്വപ‌്നം . കാൻ ആലപ്പി എന്ന പദ്ധതി വിജയമാക്കാൻ കേരളശാസ‌്ത്ര സാഹിത്യ പരിഷത്ത‌് അടക്കമുള്ള സംഘടനകളുമുണ്ട‌്. 
 ആലപ്പുഴയിലെ ഒമ്പത് പ്രധാന കനാലുകളുടെയും ചെറുകനാലുകളുടെയും നവീകരണം നാലുഘട്ടമായാണ് പൂർത്തീകരിക്കുന്നത്. ഉപ്പുട്ടി  കനാലിൽനിന്ന്  ആരംഭിച്ച പദ്ധതിയുടെ ഒന്നാംഘട്ടം അടുത്തമാസം പൂർത്തിയാക്കും. കനാലുകൾ വറ്റിച്ച‌് ചെളികോരി വൃത്തിയാക്കുന്ന പദ്ധതിയാണ‌് നടപ്പാക്കുന്നത്. ജെസിബിയും മറ്റും ഉപയോഗിച്ച‌് പ്രവൃത്തി അതിവേഗം പുരോഗമിക്കുകയാണ‌്. വെളുത്ത മണ്ണ‌് കാണുന്നതുവരെ ചെളി നീക്കും. 33 കിലോമീറ്റർ ദൂരത്തിലാണ‌് കനാലുകളുടെ നവീകരണം. 
ഇറിഗേഷൻ വകുപ്പിന്റെ നേത‌ൃത്വത്തിലാണ് പ്രവൃത്തി. ജനുവരി 17ന് ചേർന്ന കിഫ്ബി യോഗത്തിലാണ‌്  കനാൽനവീകരണത്തിന് 43 കോടിരൂപ അനുവദിച്ചത‌്. കനാലിലേക്ക് മാലിന്യംതള്ളുന്നത് തടഞ്ഞ‌് നഗരസഭ ഹോട്ടലുകൾക്കും മറ്റും നോട്ടീസ് നൽകിത്തുടങ്ങി.
വാടക്കനാൽ, വാണിജ്യക്കനാൽ, വെസ‌്റ്റ‌് ജങ‌്ഷൻ കനാൽ, ഈസ‌്റ്റ‌് ജങ‌്ഷൻ കനാൽ, ഉപ്പൂട്ടിക്കനാൽ, മുറിഞ്ഞപുഴ തോട്, കൊട്ടാരംതോട്, ആലപ്പുഴ–ചേർത്തല കനാൽ (ഏകദേശം 18 കിലോമീറ്റർ), ആലപ്പുഴ–അമ്പലപ്പുഴ കനാൽ എന്നിവയാണ് നവീകരണപദ്ധതിയിൽ ഉൾപ്പെട്ട പ്രധാന കനാലുകൾ. കനാലുകൾ നവീകരിച്ചശേഷം ഇരുവശത്തും കല്ലുകെട്ടും. കനാലിൽ ബണ്ടുകെട്ടി വെള്ളം വറ്റിച്ചാണ‌് ചെളി നീക്കുന്നത‌്. ഈ ചെളി ലോറിയിൽ മണ്ണഞ്ചേരിയിൽ എത്തിച്ച‌് ബാർജ‌്‌വഴി കുട്ടനാട്ടിലേക്ക‌്  കൊണ്ടുപോയി  അവിടുത്തെ പാടശേഖരങ്ങളുടെ പുറംബണ്ട് ശക്തിപ്പെടുത്താൻ സൗജന്യമായി നൽകും. 
 രണ്ടാംഘട്ടത്തിൽ നഗരസഭയുടെ അമൃത് പദ്ധതിയിലൂടെ ചെറുകനാലുകളുടെ നവീകരണമാണ് നടക്കുക. ഇതിന‌് കിലയുടെ സഹായമുണ്ട‌്.  ശേഷം 145 പ്രോജക‌്ടുകളിലായി 36 കിലോമീറ്റർ കനാലുകളുടെ നവീകരണം നടക്കും. അയ്യപ്പൻ പൊഴി, തുമ്പോളി പൊഴി നവീകരണം എന്നിവയാണ് രണ്ടാം ഘട്ടത്തിൽ ഉൾപ്പെടുന്നത്. ചാത്തനാട്ടും മുതലപ്പൊഴിയിലുമൊക്കെ വലിയ ആവേശത്തിലാണ‌് യുവാക്കൾ അടക്കമുള്ള സന്നദ്ധപ്രവർത്തകർ  ശുചീകരണത്തിൽ പങ്കെടുത്ത‌ത‌്.  മൂന്നാം ഘട്ടത്തിൽ ആദ്യ രണ്ട‌് ഘട്ടത്തിലും പെടാത്ത കനാലുകളുടെ നവീകരണം  നടക്കും. 
നാലാം ഘട്ടത്തിൽ,  വൃത്തിയാക്കിയ കനാലുകളിൽ പോളശല്യം ഒഴിവാക്കാനും  വെള്ളം ശുദ്ധീകരിക്കാനും ഒഴുക്ക‌് വർധിപ്പിക്കാനുമായി കടലിലെ ഉപ്പുവെള്ളം കയറ്റും. ഉപ്പൂട്ടി കനാലിലേക്ക‌് കടലിൽനിന്ന‌് മോട്ടോർ പമ്പ് ഉപയോഗിച്ച‌് വെള്ളം കയറ്റാനും ഇറക്കാനുമാണ‌് പദ്ധതി.
 വെള്ളം കായലിൽ എത്താതിരിക്കാൻ വാടക്കനാൽ, വാണിജ്യക്കനാൽ, ആലപ്പുഴ–അമ്പലപ്പുഴ കനാൽ, ചേർത്തല കനാൽ എന്നിവിടങ്ങളിൽ റെഗുലേറ്റർ സ്ഥാപിക്കും. കനാലുകളുടെ സൗന്ദര്യവൽക്കരണവും നാലാം ഘട്ടത്തിൽ നടക്കും. പെഡൽ ബോട്ടുകൾ ഉൾപ്പെടെ കനാലിൽ ഇറക്കുന്നത‌് വിനോദസഞ്ചാര സാധ്യത വർധിപ്പിക്കുമെന്നാണ‌്   പ്രതീക്ഷിക്കുന്നത‌്. 
വൃത്തിയാക്കുന്ന കനാലുകളിലേക്ക‌് വീണ്ടും മാലിന്യം എത്തുന്നത‌് തടയാൻ കനാലുകളുടെ വശങ്ങളിൽ നിരീക്ഷണക്യാമറ സ്ഥാപിക്കുന്നതുകൂടാതെ ജനങ്ങളുടെതന്നെ നിരീക്ഷണസംഘങ്ങളുമുണ്ടാകും. കനാലിലേക്ക‌് തുറന്നിരിക്കുന്ന എല്ലാ കുഴലുകളും അടയ‌്ക്കും.  

 

തെളിനീര‌് വന്നാൽ ക‌ൃഷിക്ക‌് നേട്ടം

തെളിനീര‌് വരുന്നതോടെ ക‌ൃഷിക്കുണ്ടാകുന്ന നേട്ടത്തിന്റെ ആഹ്ലാദത്തിലാണ‌്  തോടിന‌് സമീപത്ത‌് താമസിക്കുന്ന നെൽകർഷകനായ പര്യാത്ത‌് രാജശേഖരപ്പണിക്കർ. ‘ മാലിന്യംപോയി തെളിനീരുവന്നാൽ പാടത്ത‌് വെള്ളം കയറ്റിയിറക്കാനാകും. നെല്ലിന‌് രോഗങ്ങൾ കുറയും’–- രാജശേഖരപ്പണിക്കർ പ്രതീക്ഷ പങ്കുവച്ചു. പാടത്തുനിന്ന‌് മാറ്റുന്ന ചെളി ബണ്ട‌് സംരക്ഷണത്തിന‌് ഉപയോഗപ്പെടുത്തുകയുംചെയ്യാം. 
തോട്ടുവാത്തലത്തോട്ടിൽ ചുണ്ടൻവള്ളംവരെ വന്നിരുന്ന കാലം രാജശേഖരപ്പണിക്കരുടെ ഓർമയിലുണ്ട‌്. കല്യാണത്തിന‌് ബോട്ടുകൾ വീടുകൾക്ക‌് സമീപം അടുത്തിരുന്നു. മത്സ്യക്കച്ചവടക്കാരും മുട്ടക്കച്ചവടക്കാരുമൊക്കെ വള്ളത്തിൽ വന്നിരുന്നു. ഓരോ ഉപയോക്താവും തോട‌് ശുചീകരണത്തിന‌് 100 രൂപ വീതം സംഭാവനചെയ‌്തിരുന്നെന്ന‌് അദ്ദേഹം പറഞ്ഞു. 
സന്നദ്ധപ്രവർത്തകർക്ക‌് കുടിവെള്ളവും  ലഘുഭക്ഷണവും, ശുചിമുറിയുമെല്ലാം ഏർപ്പെടുത്തിയതും നാട്ടുകാർതന്നെ. തോടിന‌് സമീപത്ത‌് താമസിക്കുന്നവരുടെ ആറ‌് ക്ലസ‌്റ്ററുകൾ രൂപീകരിച്ച‌് 12 അംഗ കമ്മിറ്റിയുടെ നേത‌ൃത്വത്തിലായിരുന്നു പ്രവർത്തനം.
 
പ്രധാന വാർത്തകൾ
 Top