03 June Saturday

പരീക്ഷാച്ചൂടകന്നു അവധിയുടെ തണുപ്പിലേക്ക്‌...

വെബ് ഡെസ്‌ക്‌Updated: Thursday Mar 30, 2023

എസ്‌എസ്‌എൽസി പരീക്ഷ കഴിഞ്ഞ്‌ വീടുകളിലേക്ക് മടങ്ങാനൊരുങ്ങുമ്പോൾ കൂട്ടുകാരിയെ ചേർത്ത് പിടിച്ച് ഉമ്മ കൊടുക്കുകയാണ് സഹപാഠികൾ. 
പത്തനംതിട്ട തൈക്കാവ് ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ നിന്നുള്ള ദൃശ്യം

പത്തനംതിട്ട
ഈ അധ്യയന വർഷത്തെ എസ്‌എസ്‌എൽസി പരീക്ഷഅവസാനിച്ചു. ഇനി കുട്ടികൾക്ക്‌ ഉല്ലാസകാലം. ജില്ലയിൽ പരീക്ഷ നടത്തിപ്പ്‌ സുഗമമായിരുന്നു. 166 കേന്ദ്രങ്ങളിലായി 10,213 വിദ്യാർഥികളാണ്‌ ഇത്തവണ പരീക്ഷ എഴുതിയത്‌. തിരുവല്ല വിദ്യാഭ്യാസ ജില്ലയിൽ നിന്ന്‌ 3,596 വിദ്യാർഥികളും പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിൽ നിന്ന്‌ 6,617 വിദ്യാർഥികളും പരീക്ഷ എഴുതി. 99.16 ശതമാനമായിരുന്നു കഴിഞ്ഞ തവണ ജില്ലയുടെ വിജയം.
മെയ്‌ ആദ്യ ആഴ്‌ച തന്നെ ഫലം പ്രഖ്യാപിക്കുന്ന തരത്തിലാണ്‌ പ്രവർത്തനങ്ങൾ നടക്കുന്നത്‌. ഏപ്രിൽ മൂന്നിന്‌ മൂല്യ നിർണയം ആരംഭിക്കും. 26 വരെ നാല്‌ സെഷനായാണ്‌ മൂല്യ നിർണയ ക്യാമ്പ്‌. മൂന്ന്‌ മുതൽ അഞ്ച്‌, 10– 13, 17– 20, 24– 26 എന്നീ ദിവസങ്ങളിലാണ്‌ മൂല്യ നിർണയം. ജില്ലയിൽ അഞ്ച്‌ കേന്ദ്രങ്ങളിലായാണ്‌ മൂല്യ നിർണയം. തിരുവല്ല വിദ്യാഭ്യാസ ജില്ലയിൽ തിരുമൂലപുരം ബാലികാമഠം എച്ച്‌എസ്‌, എംജിഎം തിരുവല്ല, സിഎംഎസ്‌ മല്ലപ്പള്ളി എന്നിവിടങ്ങളിലും വിദ്യാഭ്യാസ ജില്ലയിൽ കാരംവേലി എസ്‌എൻഡിപി എച്ച്‌എസ്‌, റാന്നി എംഎസ്‌ എച്ച്‌എസ്‌ എന്നിവിടങ്ങളിലുമാണ്‌ ക്യാമ്പ്‌ നടക്കുന്നത്‌. ഹയർ സെക്കൻഡറി പരീക്ഷയും വ്യാഴാഴ്‌ച സമാപിക്കും. 31ന്‌ വേനലവധി ആരംഭിക്കും.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top