25 May Monday

മാസ്റ്റർപീസാകും ഈ മാസ്‌ക്‌ മറ

വെബ് ഡെസ്‌ക്‌Updated: Monday Mar 30, 2020

മുഖാവരണവുമായി ഡോക്ടർമാരായ മുഹമ്മദ്, റിഹാന ബഷീർ, ഋത്വിക്, സോന, മറിയം എന്നിവർ

തിരുവനന്തപുരം 
കൊറോണ വാർഡിലെ രോഗികളെ ചികിത്സിക്കുന്നവർക്ക് കൂടുതൽ സുരക്ഷ ഉറപ്പാക്കുന്ന പുത്തൻ പ്രതിരോധ മറ തയ്യാറാക്കി ജൂനിയർ ഡോക്ടർമാർ. നിലവിൽ മാസ്ക്, ഗോഗിൾസ് എന്നിവ ഉൾപ്പെടെയുള്ള സുരക്ഷാകവചം ഉണ്ടെങ്കിലും മറ്റുള്ളവർ ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴുമുണ്ടാകുന്ന സ്രവങ്ങൾ മാസ്കിലും മറ്റും പറ്റിപ്പിടിക്കാൻ സാധ്യതയുണ്ട്‌. ഇത് പരിഹരിക്കാൻ ശ്വാസകോശ രോഗ വിഭാഗത്തിലെ മൂന്നാം വർഷ പിജി വിദ്യാർഥി ഡോ. മുഹമ്മദിന് തോന്നിയ ആശയമാണ് പ്രാവർത്തികമായത്. ഈ മുഖാവരണം ധരിച്ചാൽ മാസ്കിലും ഗോഗിൾസിലും സ്രവങ്ങൾ തെറിക്കാനുള്ള സാധ്യത കുറയും. മാസ്കുകളും ഗോഗിൾസുകളും അണുവിമുക്തമാക്കി വീണ്ടും ഉപയോഗിക്കേണ്ടി വരുമ്പോൾ ഈ മുഖാവരണം ഏറെ ഉപകാരപ്രദമാണ്‌.
 
എൻ 95 മാസ്കുകളിലേക്കും ഗോഗിൾസിലേക്കും ഉള്ള അണുപ്രസരണം കുറയും. അങ്ങനെ ഇവ വീണ്ടുമുപയോഗിക്കാനുള്ള സൗകര്യമേറും. അതുവഴി ഉപയോഗിക്കുന്ന മാസ്കുകളുടെ എണ്ണം പരിമിതപ്പെടുത്താനുമാവും. ചൈനയിലും ഇറ്റലിയിലുമൊക്കെ ഇത്തരം മുഖാവരണം ഉണ്ടെങ്കിലും ഇവിടെ ലഭിക്കുന്ന സുരക്ഷാകവചങ്ങളുടെ കൂട്ടത്തിൽ ഇവ ലഭിക്കുന്നില്ല.
 
അങ്ങനെയാണ്‌ ഇവർ സ്വന്തമായി നിർമിച്ചത്‌. ഓവർ ഹെഡ് പ്രൊജക്ടർ ഫിലിമിനു(ഒഎച്ച്പി ഫിലിം) പുറത്ത് തുണി തയ്ച്ചുപിടിപ്പിച്ച്‌ മുകളിൽ പോളിഫോം ഷീറ്റ് മുറിച്ചെടുത്ത് ഒട്ടിച്ചുചേർത്താണ് ഇവർ മുഖാവരണം തയ്യാറാക്കിയത്‌. “ടിഎംസി ഷീൽഡ്’ എന്നു പേരിട്ട ഇത്‌ ഒന്നിന് അഞ്ചു രൂപയിൽ താഴെ മാത്രമാണ് ചെലവ്. ഡോ. മുഹമ്മദിനൊപ്പം ഭാര്യയും ശ്വാസകോശ രോഗ വിഭാഗത്തിലെ രണ്ടാം വർഷ പി ജി വിദ്യാർഥിനിയുമായ ഡോ. റിഹാന ബഷീർ, കമ്യൂണിറ്റി മെഡിസിൻ മൂന്നാംവർഷ പിജി വിദ്യാർഥിനി ഡോ. മറിയം, ഡോക്ടർ ദമ്പതികളായ ഋത്വിക് (സൈക്യാട്രി, രണ്ടാം വർഷ പിജി വിദ്യാർഥി), സോന (സർജറി, രണ്ടാം വർഷ പിജി വിദ്യാർഥിനി) എന്നിവരാണ് മുഖാവരണത്തിന്റെ നിർമാതാക്കാൾ. ആദ്യ ദിനമായ ശനിയാഴ്ചമാത്രം അമ്പതോളം മുഖാവരണങ്ങൾ ഇവർ നിർമിച്ചു. നിലവിൽ ഒറ്റത്തവണ ഉപയോഗത്തിനായാണ്‌ മുഖാവരണം രൂപപ്പെടുത്തിയത്. 
ഡിമാന്റ് ഏറിയതോടെ ഞായറാഴ്ച ഉൾപ്പെടെ അഞ്ചംഗസംഘം പണിപ്പുരയിലുണ്ട്. മെഡിക്കൽ കോളേജ് പീഡ്സെൽ, ഇൻഫെക്ഷൻ കൺട്രോൾ നേഴ്സുമാർ, സാംക്രമിക രോഗ വിഭാഗം, ഓപ്പറേഷൻ തിയറ്റർ ടൈലറിങ്‌ സ്റ്റാഫ് എന്നിവരുടെ സഹകരണവും ഇവർക്കുണ്ട്. 

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top