25 May Monday

കൊയ്‌ത്തിന്‌ പ്രോട്ടോക്കോള്‍ തയ്യാർ

വെബ് ഡെസ്‌ക്‌Updated: Monday Mar 30, 2020
ആലപ്പുഴ
നെല്ല് സംഭരണം, കൊയ്‌ത്ത്‌ എന്നിവയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർക്ക് പ്രോട്ടോക്കോൾ പുറത്തിറക്കി. നെല്ല്‌ കയറ്റിറക്ക് തൊഴിലാളികൾ, യന്ത്രത്തിന്റെ ഡ്രൈവർ, മെക്കാനിക്ക്‌, ലോറി ഡ്രൈവർമാർ, മറ്റ് തൊഴിലാളികൾ എന്നിവർക്കായാണ്‌ പ്രോട്ടോക്കോൾ പുറത്തിറക്കിയത്‌. മന്ത്രിമാരായ ജി സുധാകരൻ, പി തിലോത്തമൻ, വി എസ് സുനിൽകുമാർ എന്നിവർ വിളിച്ചുചേർത്ത യോഗതീരുമാനപ്രകാരമാണ്‌ പ്രോട്ടോക്കോൾ.
യന്ത്രത്തൊഴിലാളികളെ 10 ദിവസത്തിലൊരിക്കൽ ആരോഗ്യ അധിക‌ൃതർ പരിശോധിക്കണം. തൊഴിലാളികളുടെ പേര്, പ്രായം തുടങ്ങിയവ കരാറുകാരൻ ക‌ൃഷി ഓഫീസറെ അറിയിക്കണം. ആരോഗ്യവകുപ്പ് നിർദേശിച്ച അകലം പാലിച്ചാകണം പ്രവർത്തനം. പിഎഒ ഇത് ഉറപ്പാക്കണം.
തൊഴിലാളികൾക്ക് കുടിവെള്ളം, സോപ്പ്, മാസ്‌ക്‌/തൂവാല തുടങ്ങിയവ പാടശേഖരസമിതി നൽകണം. എല്ലാ തൊഴിലാളികളും മാസ്‌ക്‌/ടവൽ ധരിക്കണം.
പി‌ആർ‌എസ് വിതരണംചെയ്യുമ്പോൾ സുരക്ഷിതമായ അകലം പാലിക്കുന്നുണ്ടെന്ന് പാഡി മാർക്കറ്റിങ്‌ ഓഫീസർ ഉറപ്പാക്കണം.  ആൾക്കൂട്ടം ഒഴിവാക്കണം. മെഷീൻ ഓപ്പറേറ്റർമാർക്ക് ഭക്ഷണവിതരണത്തിലോ താമസത്തിലോ പ്രശ്‌നമുണ്ടെങ്കിൽ സമൂഹ അടുക്കളയിൽനിന്ന് നൽകണം. പഞ്ചായത്ത് സെക്രട്ടറിമാർ ഇത്‌ ഉറപ്പാക്കണം.
പാടശേഖരങ്ങളുടെയും കൊയ്യേണ്ട തീയതിയുമടങ്ങിയ പട്ടിക പ്രിൻസിപ്പൽ ക‌ൃഷി ഓഫീസർ തയ്യാറാക്കും. ഇതുപ്രകാരം കൊയ്‌ത്ത്‌ നടക്കുന്നെന്ന് പിഎഒ ഉറപ്പാക്കണം. കൊയ്‌ത്തുയന്ത്രം പ്രവർത്തിപ്പിക്കാനുള്ള തൊഴിലാളികളെ കോൺട്രാക്‌ടർമാർ നിയമിക്കണം. നെല്ല് കൊണ്ടുപോകാനുള്ള വാഹനസൗകര്യം മില്ല് ഉടമകളൊരുക്കണം.  
വാഹനങ്ങളിൽ നമ്പർ, ഡ്രൈവറുടെ പേര്, ഫോട്ടോ, യാത്രചെയ്യുന്ന ദിവസം, സ്ഥലം എന്നിവ രേഖപ്പെടുത്തണം.
 ആവശ്യമായിവന്നാൽ പോർട്ട് ഓഫീസർ മുഖേന ബോട്ട് ലഭ്യമാക്കും. സംഭരണത്തിന് ബുദ്ധിമുട്ടുണ്ടായാൽ മില്ല് ഉടമകൾ പിഎഒ മുഖേന  കലക്‌ടറെ ബന്ധപ്പെടണം. കലക്‌ടർ പിഎഒ മുഖേന ആവശ്യമായ സംഭരണശേഷിയുള്ള ഓഡിറ്റോറിയമോ ഹാളോ തയ്യാറാക്കി നൽകും.
പ്രധാന വാർത്തകൾ
 Top