28 May Thursday

ലോക്ക്‌ഡൗൺ സർഗാത്മകം ‘തേൻതുള്ളിയിൽ’ കൂട്ടുകൂടി രക്ഷിതാക്കൾ

വി ജെ വർഗീസ‌്Updated: Monday Mar 30, 2020

അച്ഛമ്മ രുഗ്മിണിയെ അഭിമുഖം നടത്തുന്ന രണ്ടാം ക്ലാസുകാരി പൂജ

കൽപ്പറ്റ
കോവിഡിനെ പ്രതിരോധിക്കാൻ വീട്ടിലിരിക്കുമ്പോൾ അറുപത്തിയഞ്ചുകാരി രുഗ്മിണിയമ്മ തന്റെ സ്‌കൂൾ ജീവിതം ഓർമിക്കുകയാണ്‌. പേരക്കുട്ടിയുടെ ചോദ്യങ്ങളിലൂടെയാണ്‌ സഞ്ചാരം. ഓർമകൾ ഒരുപാട്‌ പിറകോട്ടുപോയപ്പോൾ പഴയ നാലാം ക്ലാസുകാരിയായി. പാടവരമ്പത്തൂടെ നടന്നതും തോട്ടിലെ വെള്ളത്തിൽ കാലിട്ടടിച്ചപ്പോഴുള്ള മീൻകടിയും  മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തിൽ പാഠങ്ങൾ ചൊല്ലിയതുമെല്ലാം മനസിൽ നിറഞ്ഞു.  
കൽപ്പറ്റ ജിഎൽപിയിലെ രണ്ടാംക്ലാസുകാരി  പൂജ അമ്മൂമയോട്‌  ചോദ്യങ്ങൾ ചോദിച്ചുകൊണ്ടേയിരുന്നു. 
അവധിക്കാല പഠനപ്രവർത്തനം ‘തേൻതുള്ളി’യുടെ ഭാഗമായിട്ടായിരുന്നു അമ്മൂമയുമായുള്ള പൂജയുടെ അഭിമുഖം. അച്ഛൻ രഞ്ജിത്ത്‌ രംഗം മൊബൈലിൽ പകർത്തി. പിന്നീട്‌ തേൻതുള്ളി വാട്‌സ്‌ ആപ്‌ ഗ്രൂപ്പിലുടെ അഭിമുഖം കൂട്ടുകാരിലേക്ക്‌. 
കൽപ്പറ്റ ജിഎൽപി വിദ്യാർഥികളുടെ അവധിക്കാല പ്രവർത്തനം കോവിഡ്‌ പ്രതിരോധത്തിനായി വീട്ടിലിരിക്കുന്ന രക്ഷിതാക്കളുടെ സർഗാത്മകതയും ഉണർത്തുകയാണ്‌. കുട്ടികളോടൊപ്പം ചിത്രം വരക്കാനും പാട്ടുപാടനുമെല്ലാം സമയം കിട്ടിയപ്പോൾ തങ്ങളുടെ സ്‌കൂൾ ജീവത്തിന്റെ ഓർമകളും ഇവർ അയവിറക്കുകയാണ്‌.  
അവധിക്കാല പഠനപ്രവർത്തനത്തിനായി  രക്ഷിതാക്കളുടെ നമ്പർ ഉൾപ്പെടുത്തി 2016ലാണ്‌ സ്‌കൂൾ അധികൃതർ വാട്‌സ്‌ ആപ്‌ ഗ്രൂപ്പ്‌ ഉണ്ടാക്കിയത്‌. വിദ്യാർഥികളെ വിവരങ്ങൾ അറിയിക്കുകയും നിർദേശങ്ങൾ നൽകുകയുമായിരുന്നു പ്രധാനം. ലോക്ക്‌ഡൗണിൽ കുട്ടികളും രക്ഷിതാക്കളുമെല്ലാം വീട്ടിലായതോടെ പ്രവർത്തനങ്ങളും സജീവമായെന്ന്‌ പ്രധാനാധ്യാപകൻ എ ജനാർദനൻ പറഞ്ഞു. ഓരോരുത്തരും ചെയ്യുന്ന കാര്യങ്ങൾ അപ്പോൾതന്നെ ഗ്രൂപ്പിലിടും. കോവിഡ്‌ പ്രതിരോധ മാർഗങ്ങളും  പോസ്‌റ്ററുകളം പാട്ടും എഴുത്തും വരയുമെല്ലാമായി ഗ്രൂപ്പ്‌  നിറയുകയാണ്‌. എല്ലാത്തിലും രക്ഷിതാക്കളുടെ പങ്കാളിത്തമുണ്ട്‌. ലോക്ക്‌ഡൗൺ ക്രിയാത്മകമാക്കണമെന്ന മുഖ്യമന്ത്രിയുടെ നിർദേശംകൂടിയായതോടെ  അച്ഛനും അമ്മയുമെല്ലാം മക്കളുടെ ‘തേൻതുള്ളി’ക്കൊപ്പം സഞ്ചരിക്കുകയാണ്‌. എല്ലാവരും വീട്ടിലിരിക്കുന്ന കാലമായതിനാൽ വാട്‌സ്‌ ആപ്‌ ഗ്രൂപ്പിന്റെ പേരിലുമതുൾപ്പെടുത്തി ‘തേൻതുള്ളി @ ഹോം 2020’ എന്നാക്കി.

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top