30 May Saturday
സമൂഹ അടുക്കളകൾ പൂർണസജ്ജം

വിശന്നിരിക്കില്ല നമ്മൾ

സ്വന്തം ലേഖകന്‍Updated: Monday Mar 30, 2020

ചേർത്തല തെക്ക്‌ പഞ്ചായത്തിലെ സമൂഹഅടുക്കളയിൽ ചപ്പാത്തി തയ്യാറാക്കുന്നവർ

 
ആലപ്പുഴ
 ജില്ലയിലെ എല്ലാ തദ്ദേശസ്ഥാപനങ്ങളിലും സമൂഹ അടുക്കള സജ്ജമായി. നാല്‌ ദിവസത്തിനിടെ 23,000 പേർക്ക്‌ സമൂഹ അടുക്കളകൾ അന്നമൂട്ടി. ഞായറാഴ്‌ച 1573 അതിഥി തൊഴിലാളികൾ ഉൾപ്പെടെ 11,416 പേർക്ക്‌ ഭക്ഷണം നൽകി. ഇതിൽ 8170 പേർക്ക് സൗജന്യമായാണ് ഭക്ഷണം എത്തിച്ചത്‌. ഇതിൽ 3509 നിർധനരും 2069 അഗതികളും 1057 കിടപ്പുരോഗികളും 102 ഭിക്ഷാടകരും ഉൾപ്പെടും. 
 ശനിയാഴ്‌ച 7946 പേർക്ക്‌ ഉച്ചഭക്ഷണം നൽകി. ഇതിൽ 978 അതിഥി തൊഴിലാളികളും ഉൾപ്പെടും. 5334 പേർക്ക് സൗജന്യമായാണ്‌ ഭക്ഷണം നൽകിയത്‌.  
മുഖ്യമന്ത്രിയുടെ നിർദേശം എത്തിയതിന്‌ തൊട്ടടുത്തദിവസംതന്നെ ജില്ലയിലെ 20 കേന്ദ്രങ്ങളിൽ ‍സമൂഹ അടുക്കളകൾ ആരംഭിച്ചു. വെള്ളിയാഴ്‌ചയോടെ ഭൂരിപക്ഷം തദ്ദേശസ്ഥാപനങ്ങളിലും ഭക്ഷണവിതരണം തുടങ്ങി. തദ്ദേശസ്ഥാപനങ്ങളിൽ അതതിടത്തെ ആവശ്യമനുസരിച്ചാണ് അടുക്കളകൾ സജ്ജീകരിച്ചത്. 72 പഞ്ചായത്തുകളിലേക്കായി 100 സമൂഹ അടുക്കളകൾ ആരംഭിച്ചു.
നഗരസഭകളിൽ 10 വാർഡിന് ഒരെണ്ണം എന്ന രീതിയിലാണ്‌ അടുക്കള. കുടുംബശ്രീ യൂണിറ്റുകൾക്കാണ് നടത്തിപ്പ്‌ ചുമതല. അടുക്കളയിൽ പ്രവർത്തിക്കുന്നവർ മാസ്‌കും കൈയുറയും ധരിക്കുന്നുണ്ട്‌. സുരക്ഷാ മുൻകരുതലുകൾ പാലിക്കും. പാചകത്തിനുപയോഗിക്കുന്ന വെള്ളം, മറ്റ് വസ്‌തുക്കൾ എന്നിവയുടെ ഗുണനിലവാരം ഉറപ്പാക്കുന്നു. 
 സമൂഹ അടുക്കളകളിൽ എത്തി ഭക്ഷണം വാങ്ങുന്നതിന് 20 രൂപയും വീട്ടിൽ എത്തിച്ചുനൽകുന്നതിന് 25 രൂപയുമാണ്‌. സംസ്ഥാന സർക്കാരിന്റെ 10 രൂപ സബ്‌സിഡി ഉൾപ്പെടെയാണ്‌ ഈ നിരക്ക്. അവശവിഭാഗങ്ങൾക്കുള്ള ഭക്ഷണത്തിന്റെ വില പഞ്ചായത്തുകൾ നൽകും. സന്നദ്ധപ്രവർത്തകർ വഴിയാണ് ഭക്ഷണം വീടുകളിൽ എത്തിക്കുന്നത്. 7181 വളണ്ടിയർമാർ 72 പഞ്ചായത്തുകളിലായി നേരിട്ട്‌ രജിസ്‌റ്റർ ചെയ്‌തിട്ടുണ്ട്‌. 
 പഞ്ചായത്തുകളിലെ പ്രവർത്തനങ്ങളുടെ ഏകോപനത്തിനായി 15 പഞ്ചായത്തുകളുടെ വീതം മേൽനോട്ടച്ചുമതല പെർഫോമൻസ് ഓഡിറ്റ് വിഭാഗത്തിനാണ്‌. ജില്ലാതലത്തിൽ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്‌ടറുടെ നേത‌ൃത്വത്തിൽ കൺട്രോൾ റൂം പ്രവർത്തിക്കുന്നുണ്ട്. ഫോൺ: 9496043600, 9496043601, 9446319714.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top