26 May Tuesday

ഭക്ഷണവും മരുന്നും ഉറപ്പാക്കും

സ്വന്തം ലേഖകൻUpdated: Monday Mar 30, 2020

പുളിങ്കുന്നിൽ അതിഥി തൊഴിലാളികളെ കലക്‌ടര്‍ എം അഞ്ജന സന്ദര്‍ശിക്കുന്നു

 
ആലപ്പുഴ
ജില്ലയിലെ അതിഥി തൊഴിലാളികളുടെ ഭക്ഷണവും മരുന്നും താമസവും ഉറപ്പാക്കുമെന്ന് കലക്‌ടർ എം അഞ്‌ജന പറഞ്ഞു. ഇതിനായി ജില്ലാ ലേബർ ഓഫീസർമാരായ വേണുഗോപാലിനെയും ശ്യാമളകുമാരിയെയും ചുമതലപ്പെടുത്തി. മറ്റ്‌ വകുപ്പുകളുടെ സഹായവും ലഭ്യമാക്കും.
ജില്ലയിൽ 326 ക്യാമ്പിലായി എണ്ണായിരത്തോളം അതിഥി തൊഴിലാളികളാണുള്ളത്. വിവരശേഖരണം രണ്ട്‌ ദിവസത്തിനകം പൂർത്തിയാക്കും.  താമസം, ഭക്ഷണം, -മരുന്ന് എന്നിവയ്‌ക്ക്‌ പ്രയാസമുണ്ടെങ്കിൽ ഇത്‌ പരിഹരിക്കാൻ സംവിധാനമൊരുക്കും. 
ആവശ്യമുള്ളവരെ ക്യാമ്പുകൾ തുറന്ന് അങ്ങോട്ട് മാറ്റാൻ നിർദേശം നൽകി. സ്‌കൂളുകളിൽ ക്യാമ്പ് ആരംഭിക്കാം. ഇങ്ങനെ തുടങ്ങുന്ന ക്യാമ്പുകളിൽ സമൂഹ അടുക്കളയിൽനിന്ന്‌ ഭക്ഷണം വേണ്ടെന്നറിയിച്ചാൽ അവരുടെ ഭക്ഷണം പാകംചെയ്യാനുള്ള സൗകര്യം ഉറപ്പാക്കാനും കലക്‌ടർ നിർദേശിച്ചു.
അതിഥി തൊഴിലാളികളെ ക്യാമ്പിലേക്ക് മാറ്റി
ആലപ്പുഴ
കോവിഡ് 19 ലോക്ക്‌ഡൗണിന്റെ പശ്ചാത്തലത്തിൽ കുട്ടനാട് പുളിങ്കുന്നിലെ അതിഥി തൊഴിലാളികളെ പുളിങ്കുന്ന് സെന്റ് ജോസഫ് ഹയർസെക്കൻഡറി സ്‌കൂളിലേക്ക് മാറ്റി. പുളിങ്കുന്ന് എട്ടാംവാർഡിലെ വീട്ടിൽ ഒന്നിച്ച് താമസിച്ച 40 അതിഥി തൊഴിലാളികളെയാണ് ക്യാമ്പിലേക്ക്‌ മാറ്റിയത്‌. കലക്‌ടർ എം അഞ്‌ജന നേരിട്ടെത്തി വിവരങ്ങൾ ആരാഞ്ഞതിനുശേഷമാണ്‌ ക്യാമ്പിലേക്ക്‌ മാറ്റിയത്‌. 
 മുറിയിൽ നാല് പേര് വീതമെന്ന തരത്തിൽ താമസസൗകര്യവും പ്രത്യേക ശുചിമുറിയും ഒരുക്കി. ഇവർക്കാവശ്യമായ ഭക്ഷണം ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഒരുക്കാൻ പഞ്ചായത്ത് സെക്രട്ടറിയെയും വില്ലേജ് ഓഫീസറെയും ചുമതലപ്പെടുത്തി. തൊഴിലാളികൾക്ക് ഇഷ്‌ടമുള്ള ഭക്ഷണം പാകംചെയ്‌ത്‌ കഴിക്കാനാവശ്യമായ സാധനങ്ങൾ എത്തിക്കാനും കലക്‌ടർ നിർദേശിച്ചു. ആദ്യഘട്ടം പലവ്യഞ്‌ജനങ്ങൾ കലക്‌ടർ വിതരണംചെയ്‌തു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top