28 May Thursday
4 പേർ മാത്രം

ഈ വിവാഹത്തിന്‌ എന്ത്‌ ചന്തം!

സ്വന്തം ലേഖകൻUpdated: Monday Mar 30, 2020

സബീലും ഷബാനയും

 
ആലപ്പുഴ
ഉമ്മ റാഷി പോലും അരികിലില്ലാതെ ഷബാന വിവാഹിതയായി. ഉമ്മയും ഉറ്റവരും അയൽക്കാരും ഇല്ലെങ്കിലും അവരുടെയെല്ലാം അദ‌ൃശ്യസാന്നിധ്യമായിരുന്നു ഷബാനയുടെ മിന്നുകെട്ടിന്റെ ചന്തമത്രയും. 
നാടിന്റെ കരുതലിന്റെ ഭാഗമായി സാമൂഹ്യ അകലമെന്ന മുൻകരുതൽ അങ്ങേയറ്റത്തെ നിഷ്‌കർഷയോടെ പാലിച്ചായിരുന്നു കല്യാണം. 
 കോവിഡ്‌ 19 രോഗവ്യാപനത്തിന്റെ പശ്‌ചാത്തലത്തിൽ ചമയങ്ങളും ആർഭാടങ്ങളുമില്ലാതെയാണ്‌  കായംകുളം മുക്കവല മോണിഭവനിൽ സബീൽ നീർക്കുന്നം സ്വദേശിയായ ഷബാനയെ ജീവിതത്തിന്റെ ഭാഗമാക്കിയത്‌. നാലുപേർ മാത്രമാണ്‌ കല്യാണത്തിൽ പങ്കെടുത്തത്‌. 
 സബീലിന്‌ അടുത്തമാസം വിദേശത്തേക്ക് പോകേണ്ടതിനാൽ വിവാഹം നീട്ടിവയ്‌ക്കാൻ സാധിക്കാത്ത സാഹചര്യത്തിലാണ്‌ നിശ്‌ചയിച്ച തീയതിയിൽ കല്യാണം നടത്തിയത്‌.  ഒമ്പത്‌ മാസം മുമ്പാണ്‌ വിവാഹം ഉറപ്പിച്ചത്‌. 3000 പേരെ ക്ഷണിക്കുകയുംചെയ്‌തു. ആലപ്പുഴ ടൗൺഹാളിൽ കല്യാണം നടത്താനായിരുന്നു പദ്ധതി. സാഹചര്യം മാറിമറിഞ്ഞതോടെ വധൂഗ‌ൃഹത്തിൽ ചടങ്ങ്‌ മാത്രമായി ഒതുക്കി. വരന്റെ കുടുംബം വിദേശത്താണ്‌. നാട്ടിലേക്ക്‌ എത്താനായില്ല. വരനും അനുജൻ സജീറും കായംകുളം ജമാഅത്തിന്റെ വിവാഹ രജിസ്‌റ്ററുമായി വധൂഗ‌ൃഹത്തിലെത്തി. 
കുടുംബവീട്ടിൽ വധുവിന്റെ ഉപ്പ സമീർ നിക്കാഹ് നടത്തി. ഇരുവരുടെയും കുടുംബങ്ങളും സുഹ‌ൃത്തുക്കളും സമൂഹമാധ്യമങ്ങളിലൂടെ ആശംസകൾ കൈമാറി. നിയന്ത്രണം മാറുന്ന മുറയ്‌ക്ക് വിവാഹസൽക്കാരം ആലോചിക്കുമെന്ന് ഇരുവരും പറഞ്ഞു.
പ്രധാന വാർത്തകൾ
 Top