25 May Monday

കൈകഴുകി, പിന്നെ കൈകളിൽ പെൻഷൻ

സ്വന്തം ലേഖകന്‍Updated: Monday Mar 30, 2020

ആധിയിലും ആശ്വാസച്ചിരി സംസ്ഥാന സർക്കാരിന്റെ സാമുഹിക ക്ഷേമ പെൻഷൻ ലഭിച്ച കേരളവർമ ഗാർഡൻ റോഡിൽ തുരുത്തുമ്മൽ വിട്ടിൽ അമ്മിണി

തൃശൂർ
പെന്‍ഷന്‍ നല്‍കാന്‍ സഹകരണവകുപ്പ് ജീവനക്കാരന്‍ എത്തിയപ്പോള്‍ പതിവുപോലെ അമ്മിണി കൈനീട്ടി. പക്ഷേ,  പണമല്ല, ആദ്യം നല്‍കിയത്.  സാനിറ്റൈസര്‍. അതുപയോഗിച്ച് കൈകള്‍  അണുവിമുക്തമാക്കി. അതിനു ശേഷം തുക നല്‍കി. കോവിഡ് കാലത്ത് ആശ്വാസത്തിനൊപ്പം ജാഗ്രതയുമായാണ് പെന്‍ഷന്‍ വിതരണം.  ലോക്ക്‌ ഡൗൺ പ്രഖ്യാപിച്ചതോടെ ചെറിയ ജോലിക്ക്‌ പോയിരുന്നവർപോലും പുറത്തിറങ്ങാനാവാതെ വീട്ടിലിരിപ്പാണ്‌.  നിസ്സാര വരുമാനംപോലും നിലച്ചു. ഇതോടെ ദൈനംദിന കാര്യങ്ങൾ താളം തെറ്റി. ‘റേഷനരി വീട്ടിലുണ്ടെങ്കിലും പലചരക്കും മരുന്നും മറ്റ് പല ആവശ്യങ്ങളും മുടങ്ങിക്കിടക്കുകയായിരുന്നു. ഇപ്പോൾ ക്ഷേമപെൻഷൻ കിട്ടയത് ആശ്വാസമായി. സന്തോഷം എന്നല്ലാതെ എന്താ പറയാ’ തൃശൂർ കാനാട്ടുകര തുരത്തുമ്മൽ  അമ്മിണിക്ക്‌ സന്തോഷംകൊണ്ട് വാക്ക്‌ മുറിഞ്ഞു. അമ്മിണിയുടെ മാത്രം കഥയില്ലത്, തൊട്ടപ്പുറത്തെ തങ്കമോളും കൊച്ചമ്മണിയും എല്ലാം ഇതേ മാനസികാവസ്ഥയിലാണ്‌.  നിനച്ചിരിക്കാതെ വന്ന വേനൽമഴപോലെ, കോവിഡ്‌ ദുരിതവാർത്തക്കിടയിൽ  പെൻഷൻതുക ലഭിച്ചതിൽ.  
 സാമൂഹ്യക്ഷേമ പെൻഷനുകളുടെ വിതരണം ജില്ലയിൽ സജീവമായി തുടരുകയാണ്.   സഹകരണ ബാങ്കുകളിലെ കലക്ഷൻ ഏജന്റുമാർ വീടുകളിൽ നേരിട്ടെത്തിയാണ് പെൻഷൻ  നൽകുന്നത്‌.  രോഗബാധയുടെ പശ്ചാത്തലത്തിൽ മാസ്ക്കും സാനിറ്റൈസറുമുൾപ്പെടെയുള്ള സുരക്ഷാക്രമീകരണങ്ങളോടെയാണ്   ഏജന്റുമാർ വീടുകളിലെത്തുന്നത്‌.  
ആദ്യഘട്ടത്തിൽ ഒക്ടോബർ, നവംബർ മാസത്തെ പെൻഷനാണ്  നൽകുന്നത്. ജില്ലയിൽ 981 ഏജന്റുമാർ വഴിയാണ്‌ പെൻഷൻ വിതരണം. ജില്ലയിൽ ക്ഷേമപെൻഷന് അർഹരായ 4,65,552 ഗുണഭോക്താക്കളുണ്ട്.  
രണ്ടാംഘട്ടമായി അഞ്ചു മാസത്തെ പെൻഷൻ വിതരണം ഏപ്രിൽ ആദ്യവാരം തുടങ്ങുമെന്നാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്.   ഏപ്രിലിലെ 1300 രൂപയായി  വർധിപ്പിച്ച പെൻഷനടക്കം  ലഭിക്കും. കർഷകത്തൊഴിലാളി പെൻഷൻ, വാർധക്യകാല പെൻഷൻ, വികലാംഗ പെൻഷൻ തുടങ്ങീ ക്ഷേമപെൻഷനുകളാണ് വിതരണം ചെയ്യുന്നത്‌.  എൽഡിഎഫ് സർക്കാർ അധികാരത്തിൽ വരുമ്പോൾ 600 രൂപയായിരുന്ന പെൻഷനാണ്‌ 1300 രൂപയായി വർധിപ്പിച്ചത്.
 
പ്രധാന വാർത്തകൾ
 Top