26 May Tuesday

ജില്ലയിൽ 100 സമൂഹ അടുക്കളകൾ ഭക്ഷണം സുലഭം

സ്വന്തം ലേഖകന്‍Updated: Monday Mar 30, 2020
തൃശൂർ
ജില്ലയിൽ സമൂഹ അടുക്കളകൾ സജീവമായതോടെ ഭക്ഷണം ലഭിക്കാതെ ഇനി ആരും വിശന്നിരിക്കേണ്ടതില്ല. കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി കൊറോണ കെയർ സെന്ററുകളിലും വീടുകളിലും കഴിയുന്നവർക്കും അനാഥർക്കും ഭക്ഷണം നൽകുന്നതിനായാണ്‌ ജില്ലയിൽ സമൂഹ അടുക്കളകൾ ഒരുക്കിയിട്ടുള്ളത്‌. ഒറ്റയ്‌ക്ക്‌ താമസിക്കുന്ന പ്രായമായവർക്കും തൊഴിലുടമയുടെ കീഴിലല്ലാത്ത അതിഥി തൊഴിലാളികൾക്കും ഭക്ഷണം നൽകുന്നുണ്ട്‌. കോർപറേഷൻ, നഗരസഭ, പഞ്ചായത്ത് തലത്തിലാണ്‌ സമൂഹ അടുക്കളകൾ. ജില്ലയിൽ കാൽ ലക്ഷം പേർക്ക്‌ ഇവിടെനിന്ന്‌ ഭക്ഷണം ലഭിക്കുന്നുണ്ട്‌. 
86 പഞ്ചായത്തുകളിലും ഏഴ്‌ നഗരസഭകളിലും തൃശൂർ കോർപറേഷനിലെ ആറ്‌ മേഖലാ കേന്ദ്രങ്ങളിലും സമൂഹ അടുക്കളയുടെ പ്രവർത്തനങ്ങൾ തുടങ്ങി. സർക്കാർ പുറപ്പെടുവിച്ച മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ്‌ പ്രവർത്തനം. കുടുംബശ്രീയുടെ നേതൃത്വത്തിലാണ്‌ ഭൂരിഭാഗം സ്ഥലത്തും അടുക്കള പ്രവർത്തിക്കുന്നത്‌. ശുചിത്വം, പാചകതൊഴിലാളികളുടെ ആരോഗ്യ സുരക്ഷ എന്നിവയും ഉറപ്പാക്കിയിട്ടുണ്ട്‌. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ രൂപീകരിച്ച റാപിഡ് റെസ്പോൺസ് ടീം നൽകുന്ന പട്ടിക അനുസരിച്ചാണ്‌ ഭക്ഷണം വിതരണം ചെയ്യുന്നത്‌. സന്നദ്ധ പ്രവർത്തകർ ഒരു സംഘടനയുടേയും ലേബൽ ഉപയോഗിക്കാൻ പാടില്ലെന്ന നിബന്ധനയുണ്ട്‌. ഇവർക്കാവശ്യമായ പരിശീലനവും ഉറപ്പാക്കിയിട്ടുണ്ട്‌. ആരോഗ്യ വകുപ്പ്, പൊലീസ്, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ എന്നിവരുടെ നിർദേശങ്ങൾക്കനുസരിച്ച് നിയന്ത്രണവിധേയമായി പ്രവർത്തിക്കുന്നവരാണ്‌ സന്നദ്ധപ്രവർത്തകർ. ജില്ലയിലെ  86 പഞ്ചായത്തുകളിലെ 1472 വാർഡുകളിലും ഏഴ്‌ നഗരസഭകളിലെ 274 വാർഡുകളിലും കോർപറേഷനിലെ 55 ഡിവിഷനുകളിലും റാപിഡ് റെസ്പോൺസ് ടീം പ്രവർത്തിക്കുന്നുണ്ട്‌. 
സമൂഹ അടുക്കളകളിലേക്കുളള പലവ്യഞ്ജനകളും അരിയും സാധനങ്ങളും സൗജന്യമായി ലഭിക്കുമെങ്കിൽ അതുപയോഗപ്പെടുത്തുന്നുണ്ട്‌. രാവിലെ ഇഡലി അല്ലെങ്കിൽ ഉപ്പുമാവ്‌, ഉച്ചയ്ക്ക് ചോറും കറികളും വൈകിട്ട് കഞ്ഞിയും പുഴുക്കും അച്ചാറുമാണ് ഭൂരിഭാഗം സമൂഹ അടുക്കളകളിലും തയ്യാറാക്കുന്നത്‌. പാത്രങ്ങളും മറ്റ് അടുക്കള ഉപകരണങ്ങളും കാറ്ററിങ്‌ സ്ഥാപന പ്രതിനിധികൾ പലയിടത്തും സൗജന്യമായി ലഭ്യമാക്കിയിട്ടുണ്ട്. സിവിൽ സപ്ലൈസ് കോർപറേഷൻ അരിയും സപ്ലൈകോ പലവ്യഞ്ജനങ്ങളും വിതരണം ചെയ്യുന്നു. വാർഡുകളിൽ എല്ലാവർക്കുമായി പങ്കുവയ്‌ക്കാനുളളതല്ല ഭക്ഷണമെന്ന ബോധ്യം ഉണ്ടാവണമെന്നും ക്യാമ്പുകളിലുളളവർക്കും വീടുകളിൽ ഭക്ഷണമുണ്ടാക്കാൻ കഴിയാത്തവർക്കുമാണ് ഭക്ഷണം നൽകേണ്ടതെന്നും മന്ത്രി എ സി മൊയ്തീൻ നിർദേശിച്ചിട്ടുണ്ട്‌.
പ്രധാന വാർത്തകൾ
 Top