30 May Saturday

രോഗപ്രതിരോധശേഷി കുറഞ്ഞവർ കൂടുതൽ ജാഗ്രത പുലർത്തണം

വെബ് ഡെസ്‌ക്‌Updated: Monday Mar 30, 2020
 കോവിഡ്–-19 പ്രായാധിക്യമുള്ളവരെ പെട്ടെന്ന്‌ പിടികൂടാൻ ഇടയുണ്ടോ?
■  ഇതുവരെയുള്ള കണക്കുപ്രകാരം  80 വയസ്സിൽ കൂടിയവരിലാണ് മരണനിരക്ക് കൂടുതൽ. 70 മുതൽ 80 വരെ പ്രായമുള്ളവരിലും സങ്കീർണപ്രശ്‌നങ്ങൾ ഉണ്ടാക്കും. ഇവരെ അപേക്ഷിച്ച്‌ 60 വയസ്സിൽ താഴെ മരണനിരക്ക് കുറവാണ്. കേരളത്തിൽ ജനസംഖ്യയിൽ നല്ലൊരു ശതമനം വയോജനങ്ങളാണ്‌. മാത്രമല്ല, കുടുംബത്തിന്റെ ഭാഗമായി മറ്റ് പ്രായത്തിലുള്ളവരുമായി ഇടപഴകി ജീവിക്കുന്നതാണ്‌ നമ്മുടെ രീതി. രോഗം പിടിപെടാനുള്ള സാധ്യത അധികമാണ്‌. 
 പ്രായമായവർ എന്തൊക്കെ ശ്രദ്ധിക്കണം?
■  പ്രായമായവർക്ക് രോഗം വരാതിരിക്കാൻ പരമാവധി ശ്രദ്ധിക്കണം. രോഗമുള്ളവരും അവരുമായി  ഇടപഴകിയവരുമായി പ്രായാധിക്യമുള്ളവർ സമ്പർക്കം പുലർത്തരുത്‌. രോഗലക്ഷണങ്ങൾ ഉള്ളവരും മുൻകരുതലിനായി നിരീക്ഷണത്തിൽ ഉള്ളവരും ഇവരിൽനിന്ന്‌ നിർബന്ധമായും അകലം പാലിക്കണം. പ്രമേഹം, ക്യാൻസർ, അവയവമാറ്റ ശസ്ത്രക്രിയ നടത്തിയവർ, സ്റ്റിറോയ്ഡ് മരുന്ന് ഉപയോഗിക്കുന്നവർ, രോഗപ്രതിരോധശേഷി കുറഞ്ഞവർ എന്നിവർ കൂടുതൽ ജാഗ്രത പുലർത്തണം. 
പ്രായമായവർ വ്യക്തിശുചിത്വം പാലിക്കുന്നു എന്ന്‌ ഉറപ്പാക്കണം. ശാരീരിക അകലം പാലിക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തണം. കൈകൾ ഇടയ്ക്കിടെ സോപ്പും വെള്ളവും അല്ലെങ്കിൽ 70 ശതമാനം ആൾക്കഹോൾ ഉള്ള സാനിറ്റൈസറോ ഉപയോഗിച്ച് വൃത്തിയാക്കണം. മുഖത്ത് സ്പർശിക്കരുത്‌. നമ്മൾ സ്പർശിക്കുന്ന പ്രതലങ്ങളിൽ വൈറസ് സാന്നിധ്യം ഉണ്ടെങ്കിൽപ്പോലും അത്‌ നമ്മുടെ ശരീരത്തിനുള്ളിൽ കടക്കുന്നില്ല എന്ന്‌ ഉറപ്പിക്കണം.
 കുട്ടികളിൽ വൈറസ്‌ പിടിപെടാൻ സാധ്യത കുറവാണോ?
● മരണനിരക്ക് കൂടുതലായി കണ്ടിരിക്കുന്നത് വയോധികരിലും അസുഖങ്ങൾ ഉള്ളവരിലുമാണെങ്കിലും കുട്ടികളുടെ കാര്യത്തിലും പ്രത്യേക ശ്രദ്ധ വേണം. 20 വയസ്സിൽ താഴെ മരണനിരക്ക് താരതമ്യേന കുറവാണ്. അപകടമില്ല എന്ന് പറയാനും സാധിക്കില്ല. കുട്ടികളിൽ വൈറസ് ബാധ ഉണ്ടായാൽ അവർ അടുത്തിടപഴകുന്ന മറ്റുള്ളവരിലേക്കും വൈറസ് രോഗം പടരും. മുതിർന്നവരെപ്പോലെ കുട്ടികളെ നിയന്ത്രിക്കാൻ എളുപ്പമല്ല. അതുകൊണ്ട്‌ കുട്ടികളിൽ വൈറസ് പകർന്നുലഭിക്കാൻ സാധ്യതയുള്ള എല്ലാ സാഹചര്യങ്ങളും ഒഴിവാക്കുന്നതാണ് നല്ലത്. 
 
ഡോ. പി എസ്‌ ജിനേഷ്‌
ഇൻഫോ ക്ലിനിക്‌
ചോദ്യങ്ങൾ അയക്കാം: dbitvm@gmail.com
പ്രധാന വാർത്തകൾ
 Top