30 May Saturday

എക്സൈസ് പരിശോധന ശക്തം ആലപ്പടമ്പില്‍ വ്യാജവാറ്റു കേന്ദ്രം തകര്‍ത്തു

വെബ് ഡെസ്‌ക്‌Updated: Monday Mar 30, 2020

 കണ്ണൂർ

ബാറുകളും മദ്യവില്പനശാലകളും പൂട്ടിയ സാഹചര്യം മുതലെടുക്കാനുള്ള വ്യാജ മദ്യ സംഘങ്ങൾക്കെതിരെ എക്സൈസ് നടപടി കർശനമാക്കി.  അനധികൃത മദ്യ വില്പനയും വ്യാജവാറ്റും തടയാൻ ജില്ലയിലെങ്ങും സ്‌ക്വാഡുകൾ രംഗത്തുണ്ട്. പയ്യന്നൂർ റെയിഞ്ചിൽ എക്സൈസ് സംഘം വ്യാജ വാറ്റ് കേന്ദ്രം കണ്ടെത്തി.  
ആലപ്പടമ്പിൽ കിളിയൻചാൽ തോട്ടിൽ വ്യാജ ചാരായം വാറ്റാൻ പാകപ്പെടുത്തിയ 200 ലിറ്റർ വാഷും വാറ്റ് ഉപകരണങ്ങളുമാണ് പയ്യന്നൂർ റെയിഞ്ച് എക്സൈസ് പ്രിവന്റിവ് ഓഫീസർ കെ കെ രാജേന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘം പിടിച്ചെടുത്ത്‌  നശിപ്പിച്ചത്. പ്രദേശത്തെ സന്നദ്ധ പ്രവർത്തകരായ യുവജന സംഘടനാ ഭാരവാഹികളുടെയും എക്സൈസ് ഇന്റലിജൻസിന്റെയും സഹകരണത്തോടെയായിരുന്നു പരിശോധന.  പ്രിവന്റീവ് ഓഫീസർ പി വി ശ്രീനിവാസൻ, സിവിൽ എക്സൈസ് ഓഫീസർമാരായ എ വി സജിൻ,  കെ ടി എൻ മനോജ്, വനിതാ സിവിൽ എക്സൈസ് ഓഫീസർ പി സീമ,  എക്സൈസ് ഡ്രൈവർ എം വി പ്രദീപൻ എന്നിവരാണ്  സംഘത്തിലുണ്ടായിരുന്നത്.
മലയോര മേഖലയിൽ  പട്രോളിങ്‌ ശക്തമാക്കിയതായി എക്സൈസ് ഡെപ്യൂട്ടി കമീഷണർ പി കെ സുരേഷ് അറിയിച്ചു. പയ്യന്നൂർ, കൂത്തുപറമ്പ്, ആലക്കോട് റേഞ്ചുകളിൽ ഇതിനകം കേസെടുത്തിട്ടുണ്ട്.  ഇതുമായി ബന്ധപ്പെട്ട കേസുകളിലെ പ്രതികളെ പ്രത്യേകം നിരീക്ഷിക്കുന്നുണ്ട്. ബാറുകളും മറ്റു മദ്യവിൽപനശാലകളും മറ്റും തുറക്കാതിരിക്കാൻ കർശന നടപടികൾ സ്വീകരിക്കുന്നതായും അദ്ദേഹം  പറഞ്ഞു.
പ്രധാന വാർത്തകൾ
 Top