26 May Tuesday

കർണാടകം ഒറ്റപ്പെടുത്തിയ ദേലംപാടിക്കായി സംസ്ഥാന സർക്കാരിന്റെ ഇടപെടൽ; ഫോറസ്റ്റ് റോഡ് ഇന്ന് സഞ്ചാരയോഗ്യമാക്കും

വെബ് ഡെസ്‌ക്‌Updated: Monday Mar 30, 2020

തുറന്നുകൊടുക്കാൻ തീരുമാനിച്ച ദേലംപാടി‐ പരപ്പ റോഡ്‌

മുളേളരിയ > കർണാടക അതിർത്തി മണ്ണിട്ട് മൂടിയതോടെ ഒറ്റപ്പെട്ട ദേലംപാടിക്കായി  സംസ്ഥാന സർക്കാരിന്റെ അടിയന്തര ഇടപെടൽ. കേരളത്തിന്റെ കീഴിലുള്ള സംരക്ഷിത വനത്തിനോട് ചേർന്ന് പോകുന്ന ദേലംപാടി പരപ്പ റോഡ് തിങ്കളാഴ്‌ച സഞ്ചാരയോഗ്യമാക്കും. ഇതോടെ കർണാടക സർക്കാരിന്റെ പിടിവാശിയിൽ ഒറ്റപ്പെട്ട ദേലംപാടി വില്ലേജിലെ 1456 കുടുംബങ്ങൾക്ക് താൽക്കാലിക ആശ്വാസമാകും. ചെർക്കള –-ജാൽസൂർ സംസ്ഥാന പാതയിലെ പരപ്പയിൽ നിന്നും ദേലംപാടിയിലേക്കുള്ള 1.6 കിമീ റോഡ്‌ ദേലംപാടി പഞ്ചായത്തും വനംവകുപ്പും ചേർന്ന്‌ അഭിവൃദ്ധിപ്പെടുത്തും.

റവന്യുമന്ത്രി ഇ ചന്ദ്രശേഖരൻ, സിപിഐ എം  കേന്ദ്രകമ്മിറ്റിയംഗം പി കരുണാകരൻ, കാറഡുക്ക ഏരിയാ സെക്രട്ടറി സിജി മാത്യു എന്നിവരുടെ സമയോചിതമായ ഇടപെടലിലാണ് സംസ്ഥാന സർക്കാർ അനുമതി നൽകിയത്. കർണാടക സംസ്ഥാനത്തിലൂടെ പഞ്ചിക്കൽ പാഞ്ചോടി എന്നീ അതിർത്തി പ്രദേശങ്ങളിലൂടെയും കൊട്ടിയാടി വഴിയും ദേലംപാടിയിലെത്തിയിരുന്ന ദേലംപാടിക്കാർ ആവശ്യസേവനങ്ങൾ പോലും ലഭ്യമാകാതെ ഒറ്റപ്പെട്ടു കഴിയുകയായിരുന്നു. ദേലംപാടി പഞ്ചായത്ത് സ്ഥാപിച്ച താൽക്കാലിക ആശുപതിയായിരുന്നു ഏക ആശ്വാസം. കെ കുഞ്ഞിരാമൻ എംഎൽഎ യുടെ ഫണ്ടിൽ നിന്ന് 30 ലക്ഷവും പഞ്ചായത്തിന്റെ 20 ലക്ഷവും അനുവദിച്ച റോഡിന് വനംവകുപ്പിന്റെ അനുമതിക്കായി കാത്തു നിൽക്കുകയായിരുന്നു.

പ്രധാന വാർത്തകൾ
 Top