25 May Monday

അടുപ്പിലെ തീയണയില്ല

വെബ് ഡെസ്‌ക്‌Updated: Monday Mar 30, 2020

ചിറ്റാരിക്കാൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ കോളനികളിൽ പൊലീസ് നേതൃത്വത്തിൽ ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്യുന്നു

 വെള്ളരിക്കുണ്ട്       

മലയോരത്തെ ജനങ്ങളുടെ അടുപ്പിൽ തീ അണയാതിരിക്കാൻ ജാഗരൂകരായി പൊലീസ്‌. ചിറ്റാരിക്കാൽസ്റ്റേഷനിലെ പൊലീസുകാരാണ് മണ്ണിന്റെ മക്കളുടെ കണ്ണുനിറയാതിരിക്കാൻ തെരുവിലിറങ്ങിയത്. കഴിഞ്ഞ ദിവസം ചിറ്റാരിക്കാൽ എസ് ഐ കെ പി വിനോദ് കുമാറിന്റെ നേതൃത്വത്തിൽ പൊലീസുകാർ കുട്ടികളുടെ സ്ഥിതിയറിയാനാണ് കോളനികളിൽ പോയത്‌. കൈനിറയെ ബിസ്്‌കറ്റുകളും മധുരപലഹാരങ്ങളുമായി വീട്ടുമുറ്റത്ത് എത്തിയ സാറന്മാരെ കണ്ടപ്പോൾ കുട്ടികൾ ആദ്യം ഒന്ന് പകച്ചെങ്കിലും സ്നേഹത്തോടേയുള്ള അവരുടെ വിളികേട്ട് കുട്ടികൾ അടുത്തുകൂടി. അഞ്ചോളം കോളനികളിൽ കുട്ടികൾക്ക് മധുരപലഹാരങ്ങൾ നൽകി. അന്നന്ന് പണിയെടുത്തു ജീവിക്കുന്ന  അവരിൽ പലരുടെയും വീടുകളിലും തീ പുകയുന്നില്ല എന്ന്‌ മനസിലാക്കിയ എസ്ഐ സ്റ്റേഷൻ പരിസരത്തെ വാട്സാപ്പ് ഗ്രൂപ്പിൽ ശനിയാഴ്ച  ഒരു മെസ്സേജ് ഇട്ടു. ആദിവാസി കുടിലുകളിൽ കഴിയുന്നവരെ സഹായിക്കാൻ താൽപര്യം ഉള്ളവർ മുന്നോട്ട് വന്നാൽ ഞങ്ങൾ അർഹരിൽ എത്തിക്കാമെന്നായിരുന്നു മെസ്സേജ്. ഞായറാഴ്ച പകൽ ഒരുമണിയോടെ ഒഴുകിയെത്തിയത് അഞ്ച് ലക്ഷത്തോളം രൂപയുടെ സഹായം.  മുഴുവൻ സാധനങ്ങളും അടങ്ങിയ കിറ്റുകൾ തയ്യാറാക്കി വാഹനങ്ങളിൽ പഞ്ചായത്ത് അധികൃതരും പൊലീസ് ഉദ്യോഗസ്ഥരും അടങ്ങുന്ന സംഘം കോളനികളിലേക്ക് എത്തി.  ആയിരത്തിലധികം രൂപയുടെ സാധനങ്ങൾ അടങ്ങിയതാണ് കിറ്റ്. ഞായറാഴ്ച കൂട്ടക്കുഴി, അത്തിയടുക്കം, മീനഞ്ചേരി, പട്ടേങ്ങാനം സർക്കാരിയ കോളനി, കമ്പല്ലൂർ അമ്പലം കോളനി എന്നിവിടങ്ങളിലായി 200 കുടുംബങ്ങൾക്ക് കിറ്റുകൾ വിതരണം ചെയ്തു. ശേഷിക്കുന്നവ തിങ്കളാഴ്ച വിതരണം ചെയ്യും. 
ലോക് ഡൗൺ കഴിയുന്നവരെ ചിറ്റാരിക്കാൽ പൊലീസ് സ്റ്റേഷനിൽ 10 കുടുംബങ്ങൾക്കുള്ള കിറ്റുകൾ സൂക്ഷിക്കുമെന്നും, പൊലീസ് വണ്ടിയിൽ ഒരു കുടുംബത്തിനുള്ള കിറ്റ് ഉണ്ടായിരിക്കുമെന്നും എസ് ഐ കെ പി വിനോദ് കുമാർ പറഞ്ഞു. സ്റ്റേഷൻ പരിധിയിലെ ഒറ്റപ്പെട്ടവർ, വിധവകൾ, അവശർ തുടങ്ങിവർക്ക്‌   പൊലീസിനെ സമീപിക്കാവുന്നതാണ്. ഭക്ഷ്യവസ്തുക്കളുടെ വിതരണം കൂട്ടക്കുഴി കോളനിയിൽ ഈസ്റ്റ് എളേരി പഞ്ചായത്ത് പ്രസിഡന്റ് ജെസി ടോം ഉദ്ഘാടനം ചെയ്തു. സർക്കിൾ ഇൻസ്പെക്ടർ പി വി രാജേഷ്, എസ് ഐ കെ പി വിനോദ് കുമാർ, പഞ്ചായത്ത് അംഗം സീമ മോഹനൻ എന്നിവർ സംസാരിച്ചു.
പ്രധാന വാർത്തകൾ
 Top