29 March Wednesday

കായിക കേരളത്തിന്റെ ഹബ്ബാകാൻ കൊല്ലം

സ്വന്തം ലേഖകൻUpdated: Monday Jan 30, 2023

കൊല്ലം ഹോക്കി സ്റ്റേഡിയം (ഫയൽ ചിത്രം)

കൊല്ലം
കായിക കേരളത്തിന്റെ ഹബ്ബായി മാറാൻ കൊല്ലം ഒരുങ്ങുന്നു. സംസ്ഥാനത്തെ ഏറ്റവും മികച്ച ഹോക്കി സ്റ്റേഡിയം കൊല്ലത്താണ്. ലാൽ ബഹാദൂർ സ്റ്റേഡിയവും ഇന്ന്‌ കായിക മത്സരങ്ങളുടെ പ്രധാനവേദിയാണ്‌. എസ്‌എൻ കോളേജ്‌, ഫാത്തിമ മാതാ കോളേജ്‌ എന്നിവിടങ്ങളിലെ വിസ്‌തൃതിയുള്ള ​ഗ്രൗണ്ടും കൊല്ലത്തിന്റെ പ്രതീക്ഷയാണ്. ആശ്രാമം മൈതാനം ക്രിക്കറ്റ്‌ മത്സരത്തിനും അനുയോജ്യമാണ്‌. നിർമാണത്തിലുള്ള ഇൻഡോർ സ്റ്റേഡിയംകൂടി യാഥാർഥ്യമാകുന്നതോടെ കായികരംഗത്ത്‌ കൊല്ലം തുറന്നിടുക വലിയ സാധ്യതകളാകും. 
സംസ്ഥാന ക്രിക്കറ്റ്‌ അസോസിയേഷൻ അത്യാധുനിക സ്റ്റേഡിയം നിർമിക്കാൻ എഴുകോണിൽ സ്ഥലം വാങ്ങിയതും പ്രതീക്ഷ പകരുന്നു. ലാൽ ബഹാദൂർ സ്റ്റേഡിയത്തിലും ആശ്രാമം ഹോക്കി സ്റ്റേഡിയത്തിലും ജിംനേഷ്യം സൗകര്യവുമുണ്ട്. ലാൽ ബ​ഹാദൂർ സ്റ്റേഡിയത്തിനു സമീപം ടെന്നീസ്‌, വോളിബോൾ മത്സരത്തിനും കോർട്ട്‌ സജ്ജം. സ്‌പോർട്‌സ്‌ ഹോസ്‌റ്റലിനോടു ചേർന്ന്‌ കുട്ടികളുടെ പരിശീലനത്തിന്‌ കബഡി, ബാസ്‌കറ്റ്‌ബോൾ കോർട്ടുകളും ഒരുക്കിയിട്ടുണ്ട്.
 
കഴിഞ്ഞവർഷം കൊല്ലത്തെ തേടിവന്ന ദേശീയ, സംസ്ഥാന കായികമത്സരങ്ങൾ നിരവധിയാണ്‌. ജൂൺ നാലുമുതൽ എട്ടുവരെ ന്യൂ ഹോക്കി സ്റ്റേഡിയത്തിൽ നടന്ന മാഗ്‌നം ചാമ്പ്യൻഷിപ് ട്രോഫി ഓൾ ഇന്ത്യ ഹോക്കി ടൂർണമെന്റ്‌, നവംബറിൽ ആശ്രാമം മൈതാനം, ഫാത്തിമ മാതാ കോളേജ്‌, തേവള്ളി ഗവ. എച്ച്‌എസ്‌എസ്‌ എന്നിവിടങ്ങളിലായി നടന്ന ദേശീയ ജൂനിയർ ബേസ്‌ബാൾ ചാമ്പ്യൻഷിപ്,  കൊട്ടാരക്കരയിൽ നടന്ന 68–-ാമത്‌ ദേശീയ ബോൾ ബാഡ്‌മിന്റൺ ചാമ്പ്യൻഷിപ്, ലാൽ ബഹാദൂർ സ്‌റ്റേഡിയത്തിൽ നടന്ന സംസ്ഥാന കേരളോത്സവം കായികമേള എന്നിവ കായികഭൂപടത്തിൽ കൊല്ലത്തെ അടയാളപ്പെടുത്തുന്നതായി. ഈ വർഷം ജനുവരി ആദ്യം ലാൽ ബഹാദൂർ സ്റ്റേഡിയം, ആശ്രാമം മൈതാനം എന്നിവിടങ്ങളിലായി സംസ്ഥാന സ്‌കൂൾ കായികമേളയുടെ ഭാഗമായ മത്സരങ്ങളും നടന്നു.

ഇൻഡോർ സ്റ്റേഡിയം 
തുറന്നിടും വലിയ 
സാധ്യത

രണ്ടായിരം പേർക്ക്‌ ഇരിക്കാവുന്ന വലിയ ഗ്യാലറിയും സിമ്മിങ്പൂളും 150 കായികതാരങ്ങൾക്ക്‌ താമസിച്ചു പഠിക്കാനുള്ള സൗകര്യങ്ങളോടും കൂടിയാണ്‌ പീരങ്കി മൈതാനിയോടു ചേർന്ന്‌ സർക്കാർ ഇൻഡോർ സ്റ്റേഡിയം നിർമിക്കുന്നത്. 43 കോടിരൂപ ചെലവിൽ ഒളിമ്പ്യൻ സുരേഷ്‌ബാബുവിന്റെ നാമധേയത്തിൽ ഒരുങ്ങുന്ന സ്റ്റേഡിയത്തിന്റെ സവിശേഷത സിന്തറ്റിക്‌ ട്രാക്കാണ്‌ എം നൗഷാദ്‌ എംഎൽഎയുടെ ആവശ്യപ്രകാരം സിന്തറ്റിക്‌ ട്രാക്കിന്‌ ധനമന്ത്രി കെ എൻ ബാലഗോപാൽ കഴിഞ്ഞ ബജറ്റിൽ അഞ്ച്‌ കോടിരൂപ പ്രത്യേകം അനുവദിച്ചിരുന്നു. ലാൽ ബഹാദൂർ സ്റ്റേഡിയത്തിൽ ഫ്ലഡ്‌ ലൈറ്റ്‌ സ്ഥാപിക്കാനും സർക്കാർ ഫണ്ട്‌ അനുവദിച്ചിട്ടുണ്ട്‌. സ്റ്റേഡിയത്തിന്റെ അറ്റകുറ്റപ്പണിക്ക്‌ കൊല്ലം കോർപറേഷനും ഫണ്ട്‌ വകയിരുത്തി.
 
 
ബോക്‌സിങ് അരീന സ്ഥാപിക്കാൻ 50 ലക്ഷം 
 
 കൂടുതൽ സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായി ബോക്‌സിങ് അരീന സജ്ജമാക്കാൻ പ്രാദേശിക വികസന ഫണ്ടിൽനിന്ന് 50 ലക്ഷം രൂപ അനുവദിക്കും. ടെന്നീസ്‌ കോർട്ടിനു സമീപത്തായിട്ടാണ്‌ അരീന സ്ഥാപിക്കുക. ഇടിക്കൂടും കായികതാരങ്ങൾക്ക്‌ പരിക്കുപറ്റിയാൽ ഉടൻ ചികിത്സ ലഭ്യമാക്കാനുമുള്ള സൗകര്യവും ഉണ്ടാകും. 
എം നൗഷാദ്‌ എംഎൽഎ
 
 
 
കായിക ഭൂപടത്തിൽ കൊല്ലത്തിന്റെ സ്ഥാനം അടയാളപ്പെടുത്തിയിട്ടുള്ളതാണ്‌. ഈ രംഗത്ത്‌ ഹബ്ബായി മാറാനുള്ള ശ്രമത്തിലാണ്‌ കൊല്ലം. ദേശീയ സംസ്ഥാന മത്സരങ്ങൾ ഏറ്റെടുക്കാനുള്ള സൗകര്യങ്ങൾ കൊല്ലത്തിനുണ്ടെന്ന്‌ തെളിയിച്ചുകഴിഞ്ഞു. ഹോക്കി സ്റ്റേഡിയത്തിന്റെ അറ്റകുറ്റപ്പണിക്ക്‌ ഒരു കോടി രൂപയുടെ എസ്റ്റിമേറ്റ്‌ സ്‌പോർട്‌സ്‌ ഡയറക്‌ടറേറ്റിനു സമർപ്പിച്ചിട്ടുണ്ട്‌.
എക്‌സ്‌ ഏണസ്റ്റ്, ജില്ലാ സ്‌പോർട്‌സ്‌ 
കൗൺസിൽ പ്രസിഡന്റ്‌

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top