കയ്യൂർ
‘‘കുത്തരികൊണ്ടുണ്ടൊത്തിരി കാര്യം , പുത്തരിയുണ്ണാൻ കുത്തരി വേണം,കുത്തരികൊണ്ട് വച്ചൊരു കഞ്ഞി ,പ്ലാവില കോട്ടി കുടിച്ചൊരു കാലം’’.... പാട്ടിനോപ്പം ഒരേവേഗത്തിൽ ഒരേ താളത്തിൽ ഒരുമയോടെ നാരാണിയേട്ടിയും സരോജിനിയേട്ടിയും ഉരലിൽ ഉലക്കകൊണ്ട് നെല്ല് കുത്തി അരിയാക്കുമ്പോൾ കുട്ടികൾ കൗതുകത്തോടെ നോക്കിയിരുന്നു. തങ്ങൾ വിത്തിട്ട് വിളയിച്ച് കൊയ്‌തെടുത്ത നെല്ല് കുത്തി അരിയാക്കിയെടുക്കുന്നതെങ്ങനെയെന്ന് കുട്ടികൾ കണ്ട് മനസിലാക്കി. നെല്ല് മൂരൽ, ത്രാവൽ, ചേറൽ..... ചേലുള്ള നാട്ടുഭാഷകളും അവർ കേട്ടറിഞ്ഞു. ‘‘നെൽക്കറ്റ ചവിട്ടിമെതിച്ച് വേർതിരിക്കുന്ന നെല്ല് മുറത്തിൽ പതിരുമാറ്റി വെള്ളംനിറച്ച വട്ടച്ചെമ്പിലിട്ട് പുഴുങ്ങും. പറമ്പിൽ നിരത്തി വെയിലത്ത് ഉണക്കിയെടുക്കും. ഉരലിൽ ഉലക്ക കൊണ്ട് കുത്തി ഉണക്കലരി തയ്യാറാക്കും. വാട്ടിയ നെല്ല് വറുത്ത് ഉരലിൽ ഇടിച്ച് അവിലും ഉണ്ടാക്കും.’’
സി വി നാരായണേട്ടൻ വിവരിച്ചപ്പോൾ കുട്ടികൾക്ക് സന്തോഷമായി. കയ്യൂർ ഗവ. എൽ പി സ്കൂൾ നൂറാം വാർഷികത്തിന്റെ ഭാഗമായി കുട്ടികൾ വയലിൽ വിത്തിറക്കി കൊയ്ത നെല്ലാണ് കുത്തി അരിയാക്കിയത്. ‘വിജയനിറവിൽ ആഘോഷപുത്തരി’ ഉത്സവം പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻ പി ശശിധരൻ ഉദ്ഘാടനംചെയ്തു. എഇഒ -കെ വി രാമകഷ്ണൻ വിവിധ മത്സരവിജയികൾക്ക് ഉപഹാരം നൽകി. പി ലീല അധ്യക്ഷയായി. ഡയറ്റ് റിട്ട. ലക്‌ചറർ കെ വി കമലാക്ഷൻ നൽകിയ പുസ്‌തകങ്ങൾ ആദിൽകൃഷ്ണ ഏറ്റുവാങ്ങി. കെ സി സാജേഷ്, കെ പി വിജയകുമാർ, സോന അനീഷ്, പ്രധാനാധ്യാപകൻ ഇ മധുസൂദനൻ, എൻ കെ വിനോദ് എന്നിവർ സംസാരിച്ചു,
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..