Deshabhimani

എപ്പോഴേ ജയിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 28, 2024, 11:37 PM | 0 min read

 കൊല്ലം 

തോറ്റുകൊടുക്കാത്ത ജീവിതസമരവുമായി ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ്‌ ഫെസ്റ്റ്‌ സീസൺ –-13 ഉപജില്ലാ മത്സരത്തിൽ പങ്കെടുക്കാനെത്തി വിഘ്‌നേശ് ബ്രഹ്മ. വെള്ളമണൽ മയ്യനാട് ജിഎച്ച്എസ്എസിലെ നാലാം ക്ലാസ് വിദ്യാർഥിയാണ് വിഘ്‌നേശ്. പ്രവാസിയായ ശരത്തും വെള്ളമണൽ സ്കൂളിലെത്തന്നെ അധ്യാപികയായ നീതുവും മകന്റെ എല്ലാ ആവശ്യങ്ങൾക്കും ആദ്യാവസാനം ഒപ്പമുണ്ട്‌. നീതു സ്കൂളിൽ പോകുന്ന ദിവസങ്ങളിൽ നീതുവിന്റെ അച്ഛനമ്മമാരാണ് സഹായത്തിനുള്ളത്. 
ചലനപരമായ വൈകല്യമായ സെറിബ്രൽ പാള്‍സി ബാധിതനായ വിഘ്‌നേശ് സ്കൂളിലെ എല്ലാ മേഖലയിലും പരിപാടികളിലും നിറസാന്നിധ്യമാണ്. സ്കൂളിൽനിന്ന് ഒന്നാം സ്ഥാനം നേടിയാണ് ഉപജില്ലാ മത്സരത്തിനായി ജിവിഎച്ച്‌എസ്‌ ചാത്തന്നൂർ കേന്ദ്രത്തിലെത്തിയത്‌. ചാന്ദ്രദിന ക്വിസ് മത്സരത്തില്‍ ഉൾപ്പെടെ സ്കൂളിൽ ഒന്നാം സ്ഥാനംനേടി ഉപജില്ലാ തലത്തിൽ പങ്കെടുത്തിരുന്നു. പൊതുവിജ്ഞാന വിഭാഗത്തിൽ ആഴത്തിലുള്ള ധാരണ കൊച്ചുകൂട്ടുകാരനുണ്ട്. പിഎസ്‌സി പഠിക്കുന്ന സമയത്ത് ഒപ്പമിരുന്ന് ലഭിച്ച ശേഷിയും താല്‍പ്പര്യവുമാകാം ഇതെന്നും മത്സരങ്ങളിലുള്ള താല്‍പ്പര്യം തിരിച്ചറിഞ്ഞ് അധ്യാപകരും സുഹൃത്തുക്കളും അക്ഷരമുറ്റം പോലെയുള്ള പരിപാടികൾ നടക്കുമ്പോൾ മുൻകൂട്ടി അറിയിക്കാറുണ്ടെന്നും നീതു പറയുന്നു. 
സ്കൂളിൽ എല്ലാവിധ പിന്തുണയും അധ്യാപകരും റിസോഴ്സ് പേഴ്സണും സംയുക്തമായി നൽകുന്നുണ്ട്‌. പ്രത്യേകം തയ്യാറാക്കിയ സിപി ചെയർ ഉപയോഗിച്ചാണ് സ്‌കൂളിനുള്ളിൽ സഞ്ചരിക്കുന്നത്‌. പാഠപുസ്‍തകം പിടിക്കാന്‍ ഉൾപ്പെടെയുള്ള ബുദ്ധിമുട്ട് മറികടക്കാനും നോട്ട് എഴുതാനും സുഹൃത്തുക്കൾ ഒപ്പമുണ്ട്‌. അടുത്ത അക്ഷരമുറ്റം പരീക്ഷയ്ക്കായി തയ്യാറെടുക്കുമെന്നും ഉറപ്പായും വിജയിക്കുമെന്നും വിഘ്‌നേശ് പറഞ്ഞു. വെള്ളമണൽ സ്കൂളിലെതന്നെ ഒന്നാം ക്ലാസ് വിദ്യാർഥിനിയായ ബൃന്ദയാണ് സഹോദരി.
 


deshabhimani section

Related News

View More
0 comments
Sort by

Home