19 September Sunday
തിരിച്ചുവരവിന് കരുത്തുപകർന്നത് പരിശീലകൻ സേവ്യർ പൗലോസ്

വീറോടെ അനസ്

വെബ് ഡെസ്‌ക്‌Updated: Thursday Jul 29, 2021

എന്‍.അനസ്

 
തേഞ്ഞിപ്പലം
പരിക്ക്, ചികിത്സ, സർജറി... ഒന്നിന് പിറകേ ഒന്നായി പ്രശ്നങ്ങളായപ്പോൾ മൂന്ന് വർഷം മുമ്പ് ഇനി മൈതാനത്തേക്കില്ലെന്ന് പറഞ്ഞ് പോയവനാണ് എൻ അനസ്. എന്നാൽ ഇന്നവൻ കലിക്കറ്റ്‌ സർവകലാശാല അത്‌ലറ്റിക്‌ മീറ്റിലെ മികച്ച പുരുഷതാരം. ട്രിപ്പിൾ ജമ്പിൽ റെക്കോഡ്‌.  
സംസ്ഥാന സ്കൂൾ കായികമേളയിലെ ട്രിപ്പിൾ ജമ്പ് റെക്കോഡുകാരനായ അനസിന് പിറ്റിലേക്ക് തിരിച്ചുവരണമെന്ന് ആഗ്രഹമുണ്ടെന്ന് മനസ്സിലാക്കിയ ക്രൈസ്റ്റ് കോളേജിലെ പരിശീലകൻ സേവ്യർ പൗലോസ് പ്രോത്സാഹനവുമായി ഒപ്പംനിന്നു. സർവകലാശാല മേളയിൽ മീറ്റ് റെക്കോഡോടെ (15.75 മീറ്റർ) അവൻ തിരിച്ചുവരവ് ആഘോഷമാക്കി. 2017–--18ൽ ക്രൈസ്റ്റിന്റെതന്നെ സനൽ സ്കറിയ സ്ഥാപിച്ച (15.62 മീ.) ദൂരമാണ് മറികടന്നത്.-
തിരിച്ചുവരവിന്‌ കൊതിച്ച അത്‌ലറ്റിന്റെ വീറും വാശിയും അവന്റെ ഓരോ ജമ്പിലും പ്രകടമായിരുന്നു. ആ തീവ്രത കൂടുതലുള്ളതുകൊണ്ടാകണം ആദ്യ രണ്ട് ജമ്പും ഫൗളായി. മൂന്നാം ജമ്പ് 14.87ൽ പൂർത്തിയാക്കി. നാലും അഞ്ചും ജമ്പുകളിൽ 15.15 മീ, 15.69 മീറ്ററും താണ്ടി. അവസാന ജമ്പിൽ 15.75ലേക്ക് പറന്നിറങ്ങിയപ്പോൾ ആഹ്ലാദം അണപൊട്ടി. അവന്റെ മടങ്ങിവരവ് കാണാൻ ക്രൈസ്റ്റിലെ താരങ്ങൾ മുഴുവൻ ജമ്പിങ് പിറ്റിന് പുറത്തെ ഗ്യാലറിയിൽ എത്തിയിരുന്നു. അവന്റെ ഓരോ ചുവടുകൾക്കും കൈയടികളോടെ അവർ ഒപ്പംനിന്നു. ആ  ഊർജത്തിൽ റെക്കോഡിലേക്ക് കുതിച്ചു. പാലക്കാട് പറളി സ്കൂളിലെ പി ജി മനോജിന്റെ കീഴിൽ വളർന്നുവന്ന അനസിന്‌ 2017ൽ  ആന്ധ്രപ്രദേശിലെ ഗുണ്ടൂരിൽ നടന്ന ദേശീയ ജൂനിയർ അത്‌ലറ്റിക്‌ മീറ്റിനിടെയാണ് പരിക്കേറ്റത്. പാലക്കാട് പുലാപുള്ളി മണ്ണുവെട്ടുമട നാസറിന്റെയും റൈഫാനത്തിന്റെയും മകനാണ്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top