24 September Friday

ഇത്‌ കൊല്ലം മോഡൽ കൃഷി

സ്വന്തം ലേഖകൻUpdated: Thursday Jul 29, 2021

നബാർഡ്‌ ഉന്നതതലസംഘം കൃഷിയിടങ്ങൾ സന്ദർശിക്കുന്നു

കൊല്ലം
സംസ്ഥാനത്ത് ആദ്യമായി ഇൻഡ് ഗ്യാപ് സ്റ്റാൻഡേർഡ് (ഇന്ത്യ ഗുഡ് അഗ്രികൾച്ചറൽ പ്രാക്ടീസ്) കൃഷിയുടെ വിജയമാതൃക തീർത്ത് കൊല്ലം ജില്ല. സുരക്ഷിത കൃഷിരീതിയിലൂടെ മികവ് ഉറപ്പാക്കുന്ന പദ്ധതി നബാർഡ് ധനസഹായത്തോടെയാണ് നടപ്പാക്കുന്നത്.മണ്ണ്, ജലം, ജൈവസമ്പത്ത് എന്നിവ സംരക്ഷിച്ചുകൊണ്ടുള്ള കൃത്യതയാർന്ന കൃഷിരീതിയാണിത്. പരിശോധനാഫലം അടിസ്ഥാനമാക്കി മണ്ണിന് ആവശ്യമായ മൂലകങ്ങൾ ചേർത്ത് മികച്ച വിളവ് ഉറപ്പാക്കുന്നു. വളർച്ചയുടെ ഒരോ അവസ്ഥയ്ക്കും അനുസൃതമായിട്ടാണ് വളത്തിന്റെ പ്രയോഗം. ജൈവവളവും കീടനാശിനിയുമാണ് ഉപയോഗിക്കുന്നത്‌. തെരഞ്ഞെടുത്ത 300 കർഷകർക്ക് പ്രത്യേക പരിശീലനം നൽകി. കേരള ബാങ്ക് വഴി കുറഞ്ഞ പലിശ നിരക്കിൽ വായ്പയും ലഭ്യമാക്കി. വാഴ, കിഴങ്ങുവർഗങ്ങൾ, പച്ചക്കറികൾ എന്നിവയാണ് സുരക്ഷിത ഭക്ഷണത്തിനായി വിളയിക്കുന്നത്. പത്തനാപുരം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന പാലരുവി ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനിയുടെ നേതൃത്വത്തിലാണ് പദ്ധതി നിർവഹണം. കർഷകരിൽനിന്നു മികച്ച പ്രതികരണമാണ്‌ ഉള്ളതെന്ന് ചെയർമാൻ ബിജു കെ മാത്യൂ പറഞ്ഞു. നബാർഡ് ഉന്നതതലസംഘം കൃഷിയിടങ്ങൾ സന്ദർശിച്ചു. ഇഞ്ചക്കാട് ഗ്രാമവിപണി, പാണ്ടിത്തിട്ട, തലവൂർ, മഞ്ഞക്കാല പ്രദേശങ്ങളിലെ കർഷകരുമായി ആശയവിനിമയവും നടത്തി. ജില്ലയിലെ എല്ലാ കർഷകരെയും സുരക്ഷിത കൃഷിയിലേക്ക് കൊണ്ടുവരുന്നതിനുള്ള ആദ്യപടിയാണ്‌ ഇതെന്ന്‌ ജനറൽ മാനേജർ ആർ ശങ്കർനാരായൺ പറഞ്ഞു. സിഇഒ ജി ആർ അഖിൽ, ഡിഡിഎം ടി കെ പ്രേംകുമാർ, പാലരുവി ഫാർമേഴ്‌സ് പ്രൊഡ്യൂസർ കമ്പനി ഡയറക്ടർ ബോർഡ്അംഗങ്ങളായ എൻ എസ് പ്രസന്നകുമാർ, ആർ വിജയൻ, ഒ നജീബ് മുഹമ്മദ്, എം കെ ശ്രീകുമാർ, പി കെ ജയപ്രകാശ്, വി സന്ദീപ്, എൻ രാധാകൃഷ്ണൻനായർ തുടങ്ങിയവർ പങ്കെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top