09 August Sunday
മുഖ്യമന്ത്രിയുടെ സഹായ ഹസ്‌തം

കുടുംബശ്രീ നൽകിയത്‌ 102 കോടി

വെബ് ഡെസ്‌ക്‌Updated: Monday Jun 29, 2020
കാസർകോട്‌
ലോക്ക്‌ഡൗൺ കാരണം പ്രയാസത്തിലായ കുടുംബങ്ങളെ സഹായിക്കാൻ കുടുംബശ്രീ വഴിയുള്ള സംസ്ഥാന സർക്കാരിന്റെ ‘മുഖ്യമന്ത്രിയുടെ സഹായ ഹസ്‌തം’ പലിശരഹിത വായ്‌പ പദ്ധതിയിൽ ജില്ലയിൽ 102 കോടി  രൂപ നൽകി. 110 ശതമാനം നേട്ടമുണ്ടാക്കി സംസ്ഥാനത്ത്‌ ഒന്നാമതാണ്‌.  93 കോടി രൂപ വായ്‌പ നൽകാനാണ്‌ സംസ്ഥാന കുടുബശ്രീ മിഷൻ അനുമതി നൽകിയത്‌. 
ജില്ലയിൽ 110 കോടി രൂപയുടെ രൂപയുടെ വായ്‌ക്കാണ്‌ അപേക്ഷ ലഭിച്ചത്‌. ഇതോടെ ജില്ലക്കുള്ള വിഹിതം വർധിപ്പിച്ചു.   അപേക്ഷകർക്ക്‌ നൽകാനുള്ള എട്ട്‌ കോടി രൂപ വരുന്ന ദിവസങ്ങളിൽ നൽകും. വരുമാനം നിലച്ച കുടുംബങ്ങളിലെ കുടുംബശ്രീ അംഗങ്ങൾക്കാണ്‌ 5000 മുതൽ 20,000 രൂപ വരെ വായ്‌പ. വെള്ളിയാഴ്‌ച വരെ 9409 അയൽക്കൂട്ടങ്ങളിലെ 1,16,601 അംഗങ്ങളുടെ അപേക്ഷ ലഭിച്ചു. 1,08,229 പേർക്ക്‌ വായ്‌പ നൽകി.
കോവിഡ്‌ കാലത്തെ നിയന്ത്രണങ്ങളാൽ പൂർണമായും ഭാഗികമായും തൊഴിലും വരുമാനവും നഷ്ടപ്പെട്ടവർക്കുള്ളതാണ്‌ വായ്‌പ . സാധാരണ ചെയ്യാറുള്ള വിഹിതം വെക്കലിന്‌ പകരം ഏറ്റവും പാവപ്പെട്ടവർക്ക്‌ കൂടുതലും മറ്റുള്ളവർക്ക്‌ അതനുസരിച്ചും വായ്‌പ നൽകുന്ന പദ്ധതി കുടുംബശ്രീ സംവിധാനത്തിന്റെ സാമൂഹ്യ ഉത്തരവാദിത്തവും ജനപക്ഷ നിലപാടും  വ്യക്തമാക്കുന്നു. പ്രത്യേക അയൽക്കൂട്ടങ്ങൾ മുഖേന എൻഡോസൾഫാൻ ദുരിതബാധിതരുടെ അമ്മമാർ, ട്രാൻസ്‌ജൻഡേഴ്‌സ്‌, വയോജനങ്ങൾ എന്നിവർക്ക്‌ വായ്‌പ അനുവദിച്ചു. 
അടച്ചിടൽ കാരണം  പ്രതിസന്ധിയിലായ കുടുംബശ്രീ സംരഭകങ്ങളുടെ അയൽക്കൂട്ടങ്ങൾക്ക്‌ 3 ലക്ഷം വരെ വായ്‌പ നൽകി.  കോവിഡും ട്രോളിങ്ങും  കാരണം വറുതിയിലായ വലിയപറമ്പ, തൃക്കരിപ്പൂർ, പടന്ന, അജാനൂർ, ചെമ്മനാട്‌, ഉദുമ, കുമ്പള, മംഗൽപാടി, മഞ്ചേശ്വരം തീരദേശ പഞ്ചായത്തുകളിലുള്ളവർക്ക്‌ പ്രത്യേക പരിഗണന നൽകി. ഇവിടങ്ങളിൽ 553 അയൽക്കൂട്ടങ്ങളിലെ 8219 അംഗങ്ങൾക്ക്‌ 6.01 കോടി രൂപ വായ്‌പ നൽകി. 
കേരള ബാങ്കും  പ്രാഥമിക സഹകരണ ബാങ്കുകളും ദേശസാൽകൃത ബാങ്കുകളും പദ്ധതിയിൽ പങ്കാളികളായി. 36 മാസം കാലയളവുള്ള വായ്‌പ ആറ്‌ മാസം കഴിഞ്ഞ്‌ അടച്ച്‌ തുടങ്ങിയാൽ മതി.  ബാങ്കുകൾ ഈടാക്കുന്ന ഒമ്പത്‌ ശതമാനം പലിശ സർക്കാർ സബ്‌സിഡിയായി നൽകും. ലോക്ക്‌ഡൗൺ കാരണം അനിശ്ചിതത്വത്തിലായ സാമ്പത്തിക മേഖലയിൽ  മുഖ്യമന്ത്രിയുടെ സഹായ ഹസ്‌തം നല്ല ചലനമുണ്ടാക്കി.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top