19 August Monday

‘സർവശിക്ഷ'യും കടന്ന് വിജയമോഹനൻ പടിയിറങ്ങുന്നു

വെബ് ഡെസ്‌ക്‌Updated: Saturday Jun 29, 2019

 തിരുവല്ല

സർവശിക്ഷാ അഭിയാനും സമഗ്രശിക്ഷ കേരളയും കടന്ന് ജില്ലാ പ്രൊജക്ട് ഓഫീസർ ഡോ. ആർ വിജയമോഹനൻ പടിയിറങ്ങുന്നു. പൊതുവിദ്യാഭ്യാസ മേഖലയിലെ വളർച്ചയ്ക്ക് സമഗ്ര സംഭാവനകൾ നൽകിയ ഔദ്യോഗിക ജീവിതത്തിൽനിന്ന‌് 30നാണ് അദ്ദേഹം വിരമിക്കുന്നത്. 
ആലപ്പുഴ കാർത്തികപ്പള്ളി രാമപുരം വാലേൽകണ്ടത്തിൽ പരേതരായ രാഘവന്റെയും കല്ല്യാണിയുടെയും മകനാണ് വിജയമോഹനൻ. നാലാംതരം വരെ കീഴിക്കാട് ഗവ. എൽപിഎസിലും ഏഴുവരെ രാമപുരം ഗവ. യുപിഎസിലും പത്തുവരെ മുതുകുളം ഹൈസ്കൂളിലുമായിരുന്നു പഠനം. നങ്ങ്യാർകുളങ്ങര ടികെഎം കോളേജിൽനിന്നും പ്രീഡിഗ്രിയും ചെട്ടികുളങ്ങര ടിടിഐയിൽനിന്ന് ടിടിസിയും പാസായി.
1985ൽ പ്രൈമറി സ്കൂൾ അധ്യാപകനായി നിയമനം ലഭിച്ചു. പത്തനംതിട്ട പമ്പാ ഡാം ഗവ. യുപിഎസിലായിരുന്നു നിയമനം. സർവീസിലിരിക്കെ പ്രൈവറ്റായി കേരള യൂണിവേഴ്സിറ്റിയുടെ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. കോഴിക്കോട് ഗവ. ബിഎഡ് സെന്ററിലൂടെ ബിഎഡ് ബിരുദവും കരസ്ഥമാക്കി. അണ്ണാമല യൂണിവേഴ്സിറ്റിയിൽനിന്ന‌് എംഎഡ് നേടിയതിനുശേഷം കേരള യൂണിവേഴ്സിറ്റിയിലൂടെ എജ്യുക്കേഷണൽ പ്ലാനിങ് മാനേജ്മെന്റ ആൻഡ് അഡ്മിനിസ്ട്രേഷനിൽനിന്ന‌് ഒന്നാംറാങ്കോടെ പിജി ഡിപ്ലോമ നേടി. 
കേരളത്തിലെ അധ്യാപക വിദ്യാഭ്യാസത്തിന്റെ ഗുണമേന്മ· ഉയർത്തുന്നതിൽ ഡയറ്റുകളുടെ പങ്ക് എന്ന വിഷയത്തിൽ നടത്തിയ പഠനത്തിന് 2018ൽ ഹൈദരാബാദ് യൂണിവേഴ്സിറ്റിയുടെ പിഎച്ഡി ലഭിച്ചു. 1995ൽ തിരുവല്ല ഡയറ്റ് ലക്ചററായി പ്രമോഷൻ ലഭിച്ചു. തിരുവനന്തപുരം, കോട്ടയം ഡയറ്റുകളിലും അധ്യാപകനായ വിജയമോഹൻ 2008ലാണ് സീനിയർ ലക്ച്ററായത്. 2016ൽ ആഗസ്തിൽ എസ്എസ്എ ജില്ലാ പ്രൊജക്ട് ഓഫീസറായി ഡെപ്യുട്ടേഷനിൽ നിയമനം ലഭിച്ചു. 2019 മെയ് 25ന് തിരുവല്ല ഡയറ്റ് പ്രിൻസിപ്പലായി പ്രമോഷൻ ലഭിച്ചെങ്കിലും വിരമിക്കുന്ന 30 വരെ പ്രൊജക്ട് ഓഫീസറായി തുടരാൻ സർക്കാർ അനുമതി നൽകുകയായിരുന്നു.
പൊതുവിദ്യാഭ്യാസത്തിലൂടെ എല്ലാവർക്കും മികച്ച വിദ്യാഭ്യസം എന്ന ലക്ഷ്യത്തോടെ ‘എല്ലാവർക്കും തുല്യത' എന്ന സന്ദേശമുയർത്തിയാണ് കഴിഞ്ഞ മൂന്ന് വർഷമായി സർവശിക്ഷാ അഭിയാനെയും സമഗ്രശിക്ഷാ കേരളയെയും നയിച്ചതെന്ന് വിജയമോഹൻ പറഞ്ഞു. വിദ്യാർഥികൾക്ക് സൗജന്യമായി പുസ്തകം, യൂണിഫോം, അധ്യാപക പരിശീലനങ്ങൾ, ഭിന്നശേഷി വിദ്യാർഥികൾക്കായുള്ള പദ്ധതികൾ, ശാരീരികഅവശത പരിഹരിക്കുന്ന പരിശീലനങ്ങളും ഇവർക്കായുള്ള ഉപകരണങ്ങൾ, ക്ലാസ്, റിസോഴ്സ് ടീച്ചർമാർക്കുള്ള പരിശീലനങ്ങൾ, പ്രാദേശിക പ്രതിഭാകേന്ദ്രങ്ങൾ, പഠനത്തിൽ പിന്നോക്കം നിൽക്കുന്നവർക്കുള്ള പ്രത്യേക പരിശീലനങ്ങൾ, ജൈവ വൈവിധ്യഉദ്യാനങ്ങൾ, പൊതുവിദ്യാഭ്യാസ സംരക്ഷണത്തിനുള്ള നൂതന പരിപാടികൾ എന്നിവയിലെല്ലാം മികച്ച നേട്ടം കൈവരിക്കാൻ വിജയമോഹനന്റെ നേതൃത്വം തുണയായിട്ടുണ്ട്. 30നാണ് സർവീസിൽനിന്ന് വിരമിക്കുന്നതെങ്കിലും അന്ന് അവധിയായതിനാൽ 29ന് വൈകിട്ട് വിദ്യാഭ്യാസ മേഖലയോട് അദ്ദേഹം ഔദ്യോഗികമായി വിടപറയും. തിരുമൂലപുരം എസ്എൻവിഎസ് ഹൈസ്കൂൾ അധ്യാപിക എ കെ ആശാകുമാരിയാണ് ഭാര്യ. മകൻ വി ദീപ്ചിത്ത് ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജിൽ ബിഎ ഇംഗ്ലീഷ് ലിറ്ററേച്ചർ വിദ്യാർഥിയാണ്. 
 
 
പ്രധാന വാർത്തകൾ
 Top