വൈക്കം> സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ വൈക്കം സത്യഗ്രഹത്തിന്റെ 603 ദിവസങ്ങൾ നീണ്ടുനിൽക്കുന്ന ശതാബ്ദി ആഘോഷങ്ങൾക്കായി ഒരുങ്ങുകയാണ് വൈക്കം. ഏപ്രിൽ ഒന്നിന് വൈക്കത്ത് കേരള മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനും ചേർന്നാണ് ആഘോഷങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം നടത്തുന്നത്. വൈക്കം നഗരവും പരിസരങ്ങളും ആഘോഷാന്തരീക്ഷത്തിലായി. പ്രചാരണപോസ്റ്ററുകളും ബോർഡുകളും കവാടങ്ങളും എല്ലായിടത്തും നിറഞ്ഞുകഴിഞ്ഞു. വൈക്കത്തെ എല്ലാ ചരിത്രപ്രധാന കേന്ദ്രങ്ങളുടെയും നവീകരണ പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ പൂർത്തിയാകുന്നു. തമിഴ്നാടിന്റെ ഉടമസ്ഥതയിലുള്ള ഇ വി രാമസ്വാമിനായ്ക്കർ സ്മാരകത്തിലും,
വൈക്കം സത്യഗ്രഹ സ്മാരക മന്ദിരത്തിലും ഗാന്ധി മ്യൂസിയത്തിലും നവീകരണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. സമ്മേളന വേദിയായ വൈക്കം കായലോര ബീച്ചിന്റെ വള്ളക്കടവ് ഭാഗത്ത് മണ്ണും കല്ലും ഇറക്കി നികത്തി ബീച്ച് മൈതാനം വൃത്തിയാക്കി. വൈക്കം സത്യഗ്രഹ സ്മാരക മന്ദിരത്തിലാണ് സ്വാഗതസംഘം ഓഫീസിന്റെ പ്രവർത്തനം. മന്ത്രിമാരായ വി എൻ വാസവന്റെയും സജി ചെറിയാന്റെയും സി കെ ആശ എംഎൽഎയുടെയും നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. പൊലീസ് പ്രത്യേക സുരക്ഷാ പ്ലാൻ തയ്യാറാക്കിയതായും 1460 വാഹനങ്ങൾക്ക് പാർക്ക് ചെയ്യാനുള്ള സൗകര്യം ഒരുക്കുമെന്നും ജില്ലാ പൊലീസ് മേധാവി കെ കാർത്തിക് അറിയിച്ചു.
ആരോഗ്യവകുപ്പിന്റെ പ്രത്യേക മെഡിക്കൽ സംഘത്തെ വിവിധ സ്ഥലങ്ങളിലായി വിന്യസിക്കും. കായലിലടക്കം സുരക്ഷയ്ക്കായി 10 സ്കൂബ ടീമിനെ അഗ്നി രക്ഷാസേന നിയോഗിക്കും. പ്രധാന പന്തലിൽ 15,000 പേർക്ക് ഇരിപ്പിട സൗകര്യമൊരുക്കും. ഉദ്ഘാടനം വീക്ഷിക്കാൻ നഗരത്തിൽ വിവിധ സ്ഥലങ്ങളിൽ എൽഇഡി ഡിസ്‌പ്ലേ ബോർഡുകളും സ്ഥാപിക്കും. ശുചിത്വമിഷനും നഗരസഭയും ഹരിത കർമ സേനയും ചേർന്ന് പ്രത്യേക ആക്‌ഷൻ പ്ലാൻ തയ്യാറാക്കി ശുചീകരണ നടപടികൾ ആരംഭിച്ചു. സർക്കാർ, - സ്വകാര്യ ആംബുലൻസ് സേവനമുണ്ടാകും. മെഡിക്കൽ കോളജിൽനിന്നുള്ള ഡോക്ടർമാരുടെ സംഘവുമുണ്ടാകും. നാടിന്റെ ചരിത്രം ആഘോഷമാക്കാൻ വൈക്കത്തുകാരും ഒരുങ്ങുകയാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..