07 June Wednesday

അഴീക്കൽ മത്സ്യബന്ധന തുറമുഖ വികസനം 
2 വർഷത്തിനകം

വെബ് ഡെസ്‌ക്‌Updated: Wednesday Mar 29, 2023

അഴീക്കൽ മത്സ്യബന്ധന തുറമുഖ വികസനവുമായി ബന്ധപ്പെട്ട് കെ വി സുമേഷ് എംഎൽഎയുടെ നേതൃത്വത്തിലുള്ള സംഘം നടത്തിയ സന്ദർശനം

കണ്ണൂർ

അഴീക്കൽ മത്സ്യബന്ധന തുറമുഖത്തെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്താനുള്ള 25.37 കോടി രൂപയുടെ പദ്ധതി രണ്ട് വർഷംകൊണ്ട് പൂർത്തിയാക്കും. കെ വി സുമേഷ് എംഎൽഎയുടെ അധ്യക്ഷതയിൽ അഴീക്കലിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. ടെൻഡർ നടപടി പൂർത്തിയാക്കി മാസ്റ്റർ പ്ലാൻ അനുസരിച്ചുള്ള പ്രവർത്തനം ഉടൻ ആരംഭിക്കുമെന്ന് എംഎൽഎ പറഞ്ഞു. അഴീക്കൽ തുറമുഖ വികസനവുമായി ബന്ധപ്പെട്ട് കെ വി സുമേഷ് എംഎൽഎ ഫിഷറീസ്  മന്ത്രിക്ക് നിവേദനം നൽകുകയും നിയമസഭയിൽ സബ്മിഷൻ ഉന്നയിക്കുകയും ചെയ്തിരുന്നു. അഴീക്കൽ സന്ദർശിച്ച മന്ത്രി സജി ചെറിയാൻ ആധുനിക സജീകരണങ്ങളുള്ള ഹാർബറായി മാറ്റാനുള്ള മാസ്റ്റർ പ്ലാൻ തയ്യാറാക്കി സമർപ്പിക്കാൻ എൻജിനിയറിങ് വിഭാഗത്തെ ചുമതലപ്പെടുത്തി. 

        ഈ മാസ്റ്റർ പ്ലാനിനാണ് നബാർഡിന്റെ അംഗീകാരവും ഭരണാനുമതിയും ലഭിച്ചത്. ആധുനിക സെവൻസ്‌ ഫുട്‌ബോൾ മൈതാനം, 185.35 മീറ്റർ നീളത്തിൽ ബോട്ടുകൾ കരയ്ക്കടിപ്പിക്കാനുള്ള വാർഫ്, 498 ചതുരശ്ര മീറ്ററിൽ ലേലപ്പുര, തൊഴിലാളികളുടെ സാധനങ്ങൾ സൂക്ഷിക്കാനുള്ള 12 ലോക്കർ മുറി, സാഫ് ഓഫീസ്, മത്സ്യം വാഹനത്തിൽ കയറ്റാനും പാർക്കിങ്ങിനുമുള്ള സൗകര്യം, ഓഫീസ് കെട്ടിടം, കാന്റീൻ, ശുചിമുറി ബ്ലോക്ക്, സീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ്, വലയുടെ നിർമാണവും അറ്റകുറ്റപ്പണിയും നടത്താനുള്ള സ്ഥലം, ബോട്ട് യാർഡ് നവീകരണം, ഡ്രഡ്ജിങ്, ചുറ്റുമതിൽ, കുടിവെള്ള സൗകര്യം, നിരീക്ഷണ ക്യാമറ, തുറമുഖത്തേക്കുള്ള റോഡ് നവീകരണം, വൈദ്യുതീകരണം തുടങ്ങിയവ ഒരുക്കും. ലാൻഡിങ്‌ ബർത്തിന്റെ നീളം കൂട്ടുന്നതോടെ കൂടുതൽ ബോട്ടുകൾക്ക് മത്സ്യം ഇറക്കാനാവും. യോഗത്തിൽ കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ കെ സി ജിഷ, അഴീക്കോട് പഞ്ചായത്ത് പ്രസിഡന്റ്‌ കെ അജീഷ്, ഹാർബർ എൻജിനിയറിങ്‌ സൂപ്രണ്ടിങ് എൻജിനിയർ മുഹമ്മദ്‌ അൻസാരി, മത്സ്യഫെഡ് ജില്ലാ ഓഫീസർ രജിത,  മുഹമ്മദ് അഷ്‌റഫ്, എൻ വിനയൻ, സുനിൽകുമാർ എന്നിവർ പങ്കെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top