06 June Tuesday

ലാഭത്തിലേക്ക്‌ കുതിച്ച്‌ 
ഏരൂർ ഓയിൽപാം

സ്വന്തം ലേഖകൻUpdated: Wednesday Mar 29, 2023

എരൂർ ഓയിൽപാം

കൊല്ലം
കേന്ദ്രസർക്കാരിന്റെ ഇറക്കുമതി നയം തിരിച്ചടിയായിട്ടും ഏരൂർ ഓയിൽപാം ഇന്ത്യ ലിമിറ്റഡ്‌ നടപ്പുസാമ്പത്തികവർഷം ലാഭത്തിലേക്കു കുതിക്കുന്നു. 31 ആകുമ്പോഴേക്കും ലക്ഷ്യമിട്ട 10 കോടി രൂപ വിറ്റുവരവ്‌ കൈവരിക്കും. കഴിഞ്ഞ സാമ്പത്തിക വർഷം ആറുകോടി ആയിരുന്നു ലക്ഷ്യം. എണ്ണപ്പനക്കൃഷിയിലും പഴം, എണ്ണ (പാമൊലിൻ) എന്നിവയുടെ ഉൽപ്പാദനത്തിലും ഫാക്ടറി മുന്നേറ്റം തുടരുകയാണ്‌. 13,000 ഏക്കറിലാണ്‌ എണ്ണപ്പനക്കൃഷിയുള്ളത്‌. ഇതിൽ 500 ഏക്കറിൽ ഒഴികെയാണ്‌ വിളവെടുപ്പ്‌. ഈ സാമ്പത്തികവർഷം ലക്ഷ്യമിട്ടിരുന്ന 34,000 ടൺ പഴം ഉൽപ്പാദനത്തിൽ ഇതിനകം 33,000 ടൺ വിളവെടുത്തു. കഴിഞ്ഞ വർഷം 27,000 ടൺ ആയിരുന്നു ഉൽപ്പാദനം. എണ്ണ ഉൽപ്പാദനം ഈവർഷം ഇതിനകം 4500 ടൺ ആയി. ലക്ഷ്യമിട്ടിരിക്കുന്നത്‌ 5000 ടണ്ണും. നടപ്പുസാമ്പത്തിക വർഷം പൂർത്തീകരിക്കുന്നതോടെ ലക്ഷ്യം കൈവരിക്കും. 
കേരളത്തിൽ എണ്ണപ്പനക്കൃഷി വ്യാപിക്കുകയാണ്‌. കാസർകോട്‌, എറണാകുളം ജില്ലകളിലാണ്‌ കൂടുതൽ കർഷകർ എണ്ണപ്പനക്കൃഷിയിൽ താൽപ്പര്യം കാണിക്കുന്നത്‌. പാമൊലിൻ ഉൽപ്പാദനത്തിൽ മൂന്നാംസ്ഥാനത്താണ്‌ കേരളം. ഒന്നാം സ്ഥാനം ആന്ധ്രയ്‌ക്കും രണ്ടാംസ്ഥാനം കർണാടകത്തിനുമാണ്‌. പാമൊലിൻ ഉൽപ്പാദനത്തിൽ ഏരൂർ ഓയിൽപാം ഇന്ത്യ കൂടാതെ സംസ്ഥാനത്ത്‌ പ്ലാന്റേഷൻ കോർപറേഷന്റെ ചാലക്കുടി ഓയിൽപാം ഫാക്ടറിയും പ്രവർത്തിക്കുന്നു. 3000 കർഷകരും എണ്ണപ്പന കൃഷിചെയ്യുന്നുണ്ട്‌. ഇവരിൽനിന്നായി 3000 ടൺ പഴമാണ്‌ ഏരൂർ ഓയിൽപാം ശേഖരിച്ചുവരുന്നത്‌. 
ഇടിഞ്ഞ്‌ എണ്ണവില
ഇറക്കുമതിച്ചുങ്കം കേന്ദ്രസർക്കാർ വർധിപ്പിക്കാത്തതിനാൽ വില കുത്തനെ ഇടിഞ്ഞ്‌ പാമൊലിൻ. നേരത്തെ കിലോ വില ശരാശരി 140 രൂപ ആയിരുന്നത്‌ ഇപ്പോൾ 82 രൂപയായി താണു. എന്നിട്ടും ഏരൂർ ഓയിൽപാം ലാഭത്തിൽ എത്തിനിൽക്കുന്നത്‌ കാര്യക്ഷമത, സംസ്ഥാന സർക്കാരിന്റെ ഇടപെടൽ എന്നിവയിലാണ്‌. ഇറക്കുമതി നിയന്ത്രിച്ചിരുന്നെങ്കിൽ എണ്ണവില വർധിക്കുകയും ഏരൂർ ഓയിൽപാമിന്റെ ഉൾപ്പെടെ വിറ്റുവരവ്‌ ലക്ഷ്യത്തേക്കാൾ കൂടുതൽ നേടുകയും ചെയ്യാമായിരുന്നു. മലേഷ്യ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളിൽനിന്നാണ്‌ ഇന്ത്യയിലേക്ക്‌ പാമൊലിൻ ഇറക്കുമതി ചെയ്യുന്നത്‌. ഒരുവർഷം 20 ലക്ഷം മെട്രിക്‌ ടൺ ആണ്‌ ഇറക്കുമതി. ഇറക്കുമതിച്ചുങ്കം വർധിപ്പിച്ച്‌ ഇന്ത്യയിലെ ഓയിൽ പാം കമ്പനികളെ സഹായിക്കണമെന്ന ആവശ്യത്തിൽ കേന്ദ്രം അനങ്ങാപ്പാറ നയം തുടരുമ്പോൾ സ്ഥലം എംപിക്കും മിണ്ടാട്ടമില്ല.
ഒപ്പമുണ്ട്‌, സംസ്ഥാനം
ഭക്ഷ്യഎണ്ണ ക്ഷാമം പരിഹരിക്കാൻ കേന്ദ്ര–- സംസ്ഥാന സർക്കാരുകളുടെ സംയുക്ത സംരംഭമായി ഇന്ത്യയിൽ ആദ്യമായി ആരംഭിച്ച പൊതുമേഖലാ സ്ഥാപനമാണ്‌ ഏരൂർ ഓയിൽപാം. എന്നാൽ, റീ പ്ലാന്റേഷനിലും വളം സബ്‌സിഡിയിലും സഹായം നൽകുന്നത്‌ ഒഴിച്ചാൽ ഓയിൽപാമിന്റെ കൂടുതൽ വളർച്ചയ്‌ക്ക്‌ കേന്ദ്രം ഒന്നും ചെയ്യുന്നില്ല. എസ്റ്റേറ്റ്‌ ഫാക്ടറിയിൽ ബോയ്‌ലർ തകർന്ന്‌ ഉൽപ്പാദനം നിലച്ചിട്ടും കേന്ദ്രം തിരിഞ്ഞുനോക്കിയില്ല. സംസ്ഥാന സർക്കാർ 86 ലക്ഷം രൂപ അടിയന്തരമായി അനുവദിച്ചതാണ്‌ തുണയായത്‌. 28 ലക്ഷം ചെലവഴിച്ചാണ്‌ അറ്റകുറ്റപ്പണി വേണ്ടിവന്ന  ബോയ്‌ലറിന്‌ ആവശ്യമായ ട്യൂബുകൾ മുംബൈയിൽനിന്ന്‌ വാങ്ങിയത്‌. ട്യൂബ്‌ ഉറപ്പിക്കാനും പൂർണതോതിൽ പ്രവർത്തനക്ഷമമാക്കാനും 58 ലക്ഷം രൂപയും ചെലവഴിച്ചു. ഫാക്ടറി നേരിടുന്ന പ്രതിസന്ധി നേരിൽകാണാൻ കൃഷിമന്ത്രി പി പ്രസാദ്‌ സ്ഥലം സന്ദർശിച്ചിരുന്നു. രാജ്യത്ത്‌ എണ്ണപ്പനക്കൃഷി വ്യാപിപ്പിക്കാൻ 11,040 കോടി രൂപ അനുവദിച്ചപ്പോഴും കേന്ദ്രം ഏരൂർ ഓയിൽ പാമിനെ തഴഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top