26 May Tuesday

ഒരാൾക്കുകൂടി; ആകെ 8

സ്വന്തം ലേഖകൻUpdated: Sunday Mar 29, 2020

മലപ്പുറം നഗരത്തിൽ സന്നദ്ധ പ്രവർത്തകരും സമീപവാസികളും കൊടുത്ത ഭക്ഷണത്തിൽനിന്ന്‌ ഒരുപങ്ക്‌ തെരുവ് നായക്ക്‌ നൽകുന്ന വനിതാ പൊലീസ്‌

മലപ്പുറം 
ജില്ലയിൽ ഒരാൾക്കുകൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ദുബായിൽനിന്നെത്തിയ തിരൂർ പൊന്മുണ്ടം പാറമ്മൽ സ്വദേശിയായ 46കാരനാണ് വൈറസ് ബാധ. ഇയാളെ മഞ്ചേരി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചതായി കലക്ടർ ജാഫർ മലിക് അറിയിച്ചു. ഇതോടെ ജില്ലയിൽ വൈറസ് ബാധയുള്ളവരുടെ എണ്ണം എട്ടായി. നേരത്തെ വൈറസ് ബാധ സ്ഥിരീകരിച്ച് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്നയാളെ ജില്ലയിലേക്ക് തിരികെ എത്തിക്കാത്ത സാഹചര്യത്തിലാണ് ആകെ വൈറസ് ബാധിതരുടെ എണ്ണം എട്ടായി പ്രഖ്യാപിച്ചതെന്ന് മെഡിക്കൽ ഓഫീസർ  കെ സക്കീന അറിയിച്ചു. 
  മാർച്ച് 21നാണ്  പുതുതായി രോഗബാധ സ്ഥിരീകരിച്ചയാൾ ജില്ലയിലെത്തിയത്. ദുബായിൽ ഡ്രൈവറായി ജോലിചെയ്യുന്ന ഇയാൾ സുഹൃത്തിനോടൊപ്പം കാറിൽ ഷാർജയിലെത്തി. 
ജി  ഒൻപത്‌ - 454 എയർ അറേബ്യ വിമാനത്തിൽ പുലർച്ചെ 2.35ന് കരിപ്പൂർ വിമാനത്താവളത്തിലിറങ്ങി. സഹോദരന്റെ കാറിൽ തിരൂർ പൊന്മുണ്ടം പാറമ്മലിലെ  വീട്ടിലെത്തി ആരോഗ്യ വകുപ്പിന്റെ നിർദേശപ്രകാരം പൊതു സമ്പർക്കമില്ലാതെ സ്വയംനിരീക്ഷണം. 22നും വീട്ടിൽ നിരീക്ഷണത്തിൽ തുടർന്നു. 23ന് പനിയുണ്ടായതിനാൽ ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ട് ആംബുലൻസിൽ പകല്‍ 3.30ന് തിരൂർ ജില്ലാ ആശുപത്രിയിലെ ഐസൊലേഷൻ വാർഡിലെത്തി സാമ്പിൾ നൽകിയശേഷം 7.30ന് തിരികെ വീട്ടിലെത്തി. 28ന്‌ ആംബുലൻസിൽ കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രമായ മഞ്ചേരി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഐസൊലേഷനിൽ പ്രവേശിപ്പിച്ചു.
  ആരോഗ്യ വകുപ്പിന്റെ നിർദേശങ്ങൾ പൂർണമായും പാലിച്ച് മാതൃകാപരമായ സമീപനമാണ് ഇയാൾ കൈക്കൊണ്ടതെന്ന് കലക്ടർ പറഞ്ഞു. വൈറസ് ബാധ സ്ഥിരീകരിച്ചയാളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസറും അറിയിച്ചു. ഇയാൾക്കൊപ്പം മാർച്ച് 21ന് കരിപ്പൂരിലെത്തിയ ജി 9 - 454 എയർ അറേബ്യ വിമാനത്തിലെ യാത്രക്കാർ ജില്ലാതല കൺട്രോൾ സെല്ലുമായി ബന്ധപ്പെട്ട് നിർബന്ധമായും സ്വയം നിരീക്ഷണത്തിൽ കഴിയണം. 
 
11,525 പേർ നിരീക്ഷണത്തിൽ 
മലപ്പുറം
 ജില്ലയിൽ 179 പേർക്ക് ശനിയാഴ്‌ചമുതൽ പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തിയതായി  കലക്ടർ ജാഫർ മലിക്  അവലോകന യോഗത്തിൽ വ്യക്തമാക്കി. ഇതോടെ ജില്ലയിൽ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 11,525 ആയി. 80 പേർ വിവിധ ആശുപത്രികളിൽ നിരീക്ഷണത്തിലാണ്‌. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രമായ മഞ്ചേരി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ 65 പേർ ഐസൊലേഷനിലുണ്ട്‌. നിലമ്പൂർ ജില്ലാ ആശുപത്രിയിൽ എട്ട്, തിരൂർ ജില്ലാ ആശുപത്രിയിൽ അഞ്ച്, തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ രണ്ട് രോഗികളും ഐസൊലേഷൻ വാർഡുകളിലുണ്ട്. 11,420 പേർ വീടുകളിലും 25 പേർ കോവിഡ് കെയർ സെന്ററുകളിലും സ്വയം നിരീക്ഷണത്തിൽ കഴിയുന്നു.  
 
405 പേർക്ക് വൈറസ് ബാധയില്ല
ഇതുവരെ ലഭിച്ച പരിശോധനാ ഫലങ്ങളിൽ 405 പേർക്ക് വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കൽ ഓഫീസർ  കെ സക്കീന അറിയിച്ചു. 
105 സാമ്പിളുകളുടെ ഫലങ്ങളാണ് ഇനി ലഭിക്കാനുള്ളത്.
 
പ്രധാന വാർത്തകൾ
 Top