31 March Tuesday
സംഭവം പേട്ട പൊലീസ്‌ സ്‌റ്റേഷനിൽ

വൃക്കരോഗിയായ ഓട്ടോറിക്ഷാ ഡ്രൈവറെ എസ്‌ഐ മർദിച്ചവശനാക്കി

വെബ് ഡെസ്‌ക്‌Updated: Saturday Feb 29, 2020

മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ദീപു

വഞ്ചിയൂർ
പേട്ട പൊലീസ്‌ സ്‌റ്റേഷനിൽ വൃക്കരോഗിയായ ഓട്ടോറിക്ഷാ ഡ്രൈവർക്ക്‌ ക്രൂരമർദനം. വഞ്ചിയൂരിൽ വാടകയ്ക്ക് താമസിക്കുന്ന നേമം വെള്ളായണിയിൽ മേലെ വെട്ടുവിളവീട്ടിൽ കെ ദീപുവിനെയാണ്‌ മർദിച്ചത്‌. ജ്യോതിഷ്‌ എന്ന എസ്‌ഐയാണ്‌ മർദിച്ചതെന്ന്‌ ദീപു പേട്ട സിഐക്ക്‌ നൽകിയ പരാതിയിൽ പറയുന്നു. വെള്ളിയാഴ്‌ച പകലാണ്‌ സംഭവം. 
 
പേട്ട റെയിൽവേ സ്റ്റേഷന് സമീപം ഓട്ടോറിക്ഷ ഓടുന്നയാളാണ്‌ ദീപു. രണ്ടാഴ്ച മുമ്പ് റെയിൽവേ സ്റ്റേഷന് സമീപമുള്ള ഹോട്ടലിന് മുന്നിൽ മൂത്രം ഒഴിച്ച ബിഎംഎസുകാരനായ ഓട്ടോ ഡ്രൈവറെ ദീപു വിലക്കിയിരുന്നു. ഇയാൾ നൽകിയ വ്യാജ പരാതിയെ തുടർന്ന്‌ സ്റ്റേഷൻ ഹൗസ് ഓഫീസർ ദീപുവിന്‌ താക്കീത്‌ നൽകി. ഇത് എസ്ഐക്ക്‌ ഇഷ്ടമായില്ല. കഴിഞ്ഞദിവസം പേട്ട പുത്തൻകോവിൽ ക്ഷേത്രോത്സവത്തിനിടെ നൃത്തംചെയ്‌തു എന്ന കാരണം പറഞ്ഞ് എസ്ഐ ദീപുവിനെ വീണ്ടും സ്‌റ്റേഷനിലേക്ക്‌ വിളിപ്പിച്ചു. വെള്ളിയാഴ്‌ച രാവിലെ സ്റ്റേഷനിൽ എത്തിയ ദീപുവിനെ ‘എസ്ഐ വന്നാലേ വിടാൻ കഴിയൂ’ എന്ന് പറഞ്ഞു മറ്റ്‌ ഉദ്യോഗസ്ഥർ ഉച്ചവരെ പിടിച്ചുനിർത്തി. പിന്നീട് സ്റ്റേഷനിൽ എത്തിയ എസ്ഐ അസഭ്യം പറഞ്ഞുകൊണ്ട് തന്നെ കുനിച്ചുനിർത്തി നടുവിന് ഇടിക്കുകയായിരുന്നു എന്നും പരാതിയിൽ പറയുന്നു.
 
കിഡ്‌നി രോഗബാധിതനും രണ്ട്‌ സർജറി കഴിഞ്ഞയാളുമാണ്‌ താനെന്ന്‌ നിലവിളിച്ചുകൊണ്ടു പറഞ്ഞിട്ടും തന്നെ മർദിച്ചെന്നും ദീപുവിന്റെ പരാതിയിൽ പറയുന്നു. അവശനായ ദീപുവിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭാര്യ ഷീബ, രണ്ടുവയസ്സുള്ള മകൾ ശിവാനി എന്നിവരുടെ മുന്നിലിട്ടാണ്‌ മർദിച്ചത്‌. ഓട്ടോറിക്ഷാ തൊഴിലാളികളെ അകാരണമായി കേസിൽ പെടുത്തുകയും മർദിക്കുകയും ചെയ്യുന്ന എസ്ഐയെ സസ്പെൻഡ് ചെയ്യണമെന്ന് ഓട്ടോ തൊഴിലാളി യൂണിയൻ (സിഐടിയു) വഞ്ചിയൂർ ഏരിയ കമ്മിറ്റി ആവശ്യപ്പെട്ടു.
പ്രധാന വാർത്തകൾ
 Top