21 February Friday

ഉത്സവ വരവറിയിച്ച്‌ ‘മാനുഷം' സഞ്ചാരം

എം ഒ ഷിബുUpdated: Wednesday Jan 29, 2020
 
ചിറയിൻകീഴ് 
നാടിന്റെ സമ്പന്നമായിരുന്ന കാർഷിക സംസ്കാരത്തിന്റെ ഓർമ പുതുക്കി നാട്ടിൽ ‘മാനുഷം' സഞ്ചാരം തുടങ്ങി. ചുവന്ന പട്ടുടയാടയും തലപ്പാവും അണിഞ്ഞ് കളഭവും വിഭൂതിയും ചാർത്തി, ഇടംകൈയിൽ ചിലമ്പും വലതുകൈയിൽ ത്രിശൂലവുമേന്തി ചുമട്ടുകാരന്റെ അകമ്പടിയിൽ മാനുഷം ഉത്സവങ്ങളുടെ വരവറിയിക്കുകയാണ്‌. 
അനുഷ്ഠാന വ്രതത്തോടെ മുടപുരം പുളിയറകോണത്തു വീട്ടിൽ കൃഷ്ണൻനായരാണ്‌ ഇത്തവണ മാനുഷം. സഹായിയായി മംഗ്ലാവിൽ വീട്ടിൽ വാഗീശനുമുണ്ട്‌. എല്ലാ കരകളിലെയും ഭവനങ്ങൾ സന്ദർശിച്ച് പ്രസാദം നൽകി സംഭാവനകൾ സ്വീകരിച്ച് മാനുഷം മടങ്ങിയെത്തുന്നതോടെ മുടപുരം തെങ്ങുംവിള ഭഗവതി ക്ഷേത്രത്തിലെ കുംഭ ഭരണി മഹോത്സവത്തിന് തുടക്കമാകും. നൂറ്റാണ്ടുകളായി ആചരിക്കുന്ന ക്ഷേത്ര ചടങ്ങുകളിൽ ഒന്നാണ് മാനുഷം തെണ്ടിയിറങ്ങൽ. 
മകരത്തോടെ പൊന്നിൻ നിറമണിയുന്ന വയലുകൾ കുംഭ മാസത്തോടെ കൊയ്തൊഴിയുന്നു. എല്ലാ വീടുകളും കയറിയിറങ്ങി മാനുഷം സംഭരിക്കുന്ന ധാന്യം ഉപയോഗിച്ചാണ് മുൻ കാലങ്ങളിൽ ഉത്സവച്ചെലവുകൾ നടത്തിയിരുന്നത്. അഴൂർ, പെരുങ്ങുഴി, ശിവകൃഷ്‌ണപുരം, ചിറയിൻകീഴ്, ചെറുവള്ളിമുക്ക് എന്നീ പ്രദേശങ്ങളിൽ മാനുഷമെത്തും. മകരം ഒന്നിനാണ്‌ മാനുഷം നാടുചുറ്റാനിറങ്ങിയത്‌. ശിവരാത്രിയുടെ തലേ ദിവസം നാടുതെണ്ടൽ അവസാനിക്കും.
 
പ്രധാന വാർത്തകൾ
 Top