29 November Monday
പാഴാക്കല്ലേ

വെള്ളം ഭൂമിക്ക് വേണം

വെബ് ഡെസ്‌ക്‌Updated: Thursday Oct 28, 2021

നബാർഡ് കെഎഫ്ഡബ്ല്യു മണ്ണ് പദ്ധതിയിൽ ജയപുരത്ത് നിർമിച്ച കുളം

ബേഡകം
മലയോരത്തിന്റെ ജലശേഖരണത്തിന്‌ നബാർഡ്‌ പദ്ധതിയിൽ തയ്യറാക്കിയ ചേരിപ്പാടി നീർത്തടപദ്ധതി വലിയ നേട്ടത്തിലേക്ക്‌. പത്തുവർഷമായി തുടങ്ങിയ പദ്ധതിയിൽ 625 ഹെക്ടർ പ്രദേശത്തെ ഭൂമി കുളിരണിഞ്ഞു.
കമ്മാളംകയ, മരുതളം, ജയപുരം, കുട്യാനം, ചേരിപ്പാടി, പിണ്ടിക്കടവ്‌ തുടങ്ങി എട്ടുചെറു നീർത്തടങ്ങൾ ചേർന്നതാണ്‌ ചേരിപ്പാടി  നീർത്തടപദ്ധതി. ഇവിടങ്ങളിലെ തോടുകളിൽ ചെറുതടയണ, കുളം എന്നിവ നിർമിച്ചാണ്‌ വെള്ളം ഭൂമിയിലേക്ക്‌ ഇറക്കിയത്‌. വേനലിൽ വരളുന്ന പല ഉറവകളും പദ്ധതിയുടെ ഭാഗമായി നിറഞ്ഞൊഴുകി.
മഴയിൽ ചേരിപ്പാടി തോടുവഴി വാവടുക്കം പുഴയിലേക്ക് വേഗത്തിൽ ഒഴുകുന്ന വെള്ളം ഭൂമിക്കടിയിലേക്ക്‌ താഴ്ത്തുകയാണ്‌ കുളങ്ങളുടെയും തടയണകളുടെയും മുഖ്യ ഉദ്ദേശം. തടയണയിലും 425 ഇടങ്ങളിലായി നിർമിച്ച കുളങ്ങളിലുമാണ്‌ വെള്ളത്തെ തടഞ്ഞിട്ടത്‌. ഏഴുമീറ്റർ നീളത്തിലും രണ്ടുമീറ്റർ ആഴത്തിലും രണ്ടുമീറ്റർ ഉയരത്തിലുമാണ്‌ കുളം നിർമിച്ചത്‌. ഇതോടൊപ്പം അരുവികളുടെ കരയിൽ ഓട്ടനട്ട്‌ മണ്ണൊലിപ്പും തടഞ്ഞു. 
നബാർഡ്‌ പദ്ധതിയിൽ കുളം നവീകരണം, ജീവനോപാധി മെച്ചപ്പെടുത്തൽ, വനവൽക്കരണം എന്നിവയുമുണ്ട്‌. നിരവധി കുടംബങ്ങൾക്ക്‌ കോഴിവളർത്തലടക്കമുള്ള കൃഷിക്ക്‌ സഹായം നൽകി. പഴവർഗ തൈകളടക്കം നട്ട്‌ അഞ്ച്‌ ഏക്കർ സ്ഥലം വനമാക്കി. പേര്യ, ചേരിപ്പാടി, മഞ്ഞളംബര ഭാഗത്തെ കർഷകരാണ്‌ മരം തടാൻ ഭൂമി വിട്ടു നൽകിയത്‌. ഗ്രാമ നീർത്തടകമ്മിറ്റികൾക്കാണ്‌ പരിപാലന ചുമതല. എട്ട്‌ ചെറുനീർത്തട കമ്മിറ്റികളുടെ പ്രതിനിധികൾ ചേർന്ന്‌ നീർത്തട പദ്ധതിയുടെ മുഖ്യകമ്മിറ്റിയുമുണ്ട്‌. നബാർഡിന്റെ നിർവഹണ ഏജൻസിയായി നീലേശ്വരത്തെ സെന്റർ ഫോർ റിസർച്ച് ആൻഡ് ഡവലപ്മെന്റ് എന്ന എൻജിഒയാണ്‌ സാങ്കേതിക സഹായം.
വർഷങ്ങളായി വറ്റിക്കിടന്ന ജലസ്രോതസ്സുകൾ സജീവമായി. കൃഷിയ്‌ക്കും കുടിവെള്ളത്തിനും അതിന്റെ ഗുണമുണ്ടായി. മഴ പെയ്‌താൽ നിമിഷങ്ങൾക്കകം വെള്ളം പുഴയിൽ ചേരുന്നത്‌, വൈകിപ്പിച്ച്‌, മണ്ണിലേക്ക്‌ ആഴ്‌ത്താനുള്ള നീർത്തട പദ്ധതി ഇവിടെ വിജയം കണ്ടു.
കെ ബാലകൃഷ്‌ണൻ, മഞ്ഞളംബര ചേരിപ്പാടി നീർത്തട പദ്ധതി പ്രസിഡന്റ്‌
 
ഗ്രാമീണ നീർത്തടകമ്മിറ്റികൾ വഴി തീർത്തും സുതാര്യമായാണ്‌ പദ്ധതിയുടെ നടത്തിപ്പ്‌. ജനകീയമായ മികച്ച ഇടപെടൽ നടക്കുന്നതിനാൽ കൃത്യമായ ഫലവും ലഭിക്കുന്നു. വനവൽക്കരണവും ജലസംരക്ഷണവും അടക്കമുള്ള പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ കൂടുതൽ ജനകീയമാകാൻ ഇത്തരം പദ്ധതികൾ വഴികാട്ടും.
സുരേഷ്‌ പേര്യ, ചേരിപ്പാടി 
നീർത്തട പദ്ധതി സെക്രട്ടറി
 
നീലേശ്വരം ആസ്ഥാനമായ സെന്റർ ഫോർ റിസർച്ച്‌ ആൻഡ്‌ ഡവലപ്‌മെന്റിനാണ്‌ നിർവഹണചുമതല. ഡിസംബർ വരെ നീളുന്ന നബാർഡ്‌ കെഎഫ്‌ഡബ്ല്യു മണ്ണു പദ്ധതിയിൽ 36 ലക്ഷം ചിലവിടും. ഇതിൽ 60 ശതമാനം തുക വിവിധ ഘട്ടങ്ങളിലായി കിട്ടിക്കഴിഞ്ഞു. പണം  ചിലവിടുന്നതിലല്ല, എത്ര ഫലപ്രദമായി കാര്യങ്ങൾ നടത്തുന്നു എന്നതിലാണ്‌ നീർത്തട പദ്ധതിയുടെ വിജയം. 
പി ശോഭകുമാരി, പ്രൊജക്ട്‌ മാനേജർ

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top