10 December Saturday
ഞാങ്കടവ്‌ കുടിവെള്ള പദ്ധതി

പൈപ്പിടൽ 
അന്തിമഘട്ടത്തിൽ

സ്വന്തം ലേഖകൻUpdated: Wednesday Sep 28, 2022

ഞാങ്കടവ്‌ കുടിവെള്ള പദ്ധതിയുടെ ഭാഗമായി മണിച്ചിത്തോടിന്‌ സമീപം നിർമിച്ച ജലസംഭരണി

കൊല്ലം
കല്ലടയാറ്റിൽനിന്ന് കൊല്ലം ന​ഗരത്തിലും കൊറ്റങ്കര പഞ്ചായത്തിലും കുടിവെള്ളം എത്തിക്കുന്ന കുടിവെള്ള പദ്ധതിയുടെ പൈപ്പ് സ്ഥാപിക്കൽ അവസാനഘട്ടത്തിൽ. പദ്ധതിയുടെ ഭാ​ഗമായ കിണർനിർമാണം കല്ലടയാറിന്റെ തീരത്തുള്ള ഞാങ്കടവിൽ പൂർത്തിയായി.
ഇവിടെനിന്ന് വസൂരിച്ചിറയിലേക്കുള്ള 28 കിലോമീറ്ററിൽ 27 കി.മീ ഭാ​ഗത്ത് 1219 മില്ലിമീറ്റർ വ്യാസമുള്ള എംഎസ്‌ പൈപ്പും സ്ഥാപിച്ചു. കൊല്ലം–-തേനി ദേശീയപാതയിലെ ഇളമ്പള്ളൂർ മുതൽ നാന്തിരിക്കൽ വരെ ഒരു കിലോമീറ്റർ ഭാ​ഗത്തെ ജോലിയാണ് മുടങ്ങിക്കിടക്കുന്നത്.  ഇത്‌ പരിഹരിക്കാൻ ദേശീയപാത അതോറിറ്റിയും ജലഅതോറിറ്റിയും ചർച്ചയിലാണ്‌. 134 കോടി രൂപയുടെ കരാറാണ്‌ പൈപ്പ് സ്ഥാപിക്കാനായി നൽകിയത്. പദ്ധതിക്കായി മണിച്ചിത്തോട്ടിൽ കൂറ്റൻ ജലസംഭരണിയുടെ നിർമാണം അവസാനഘട്ടത്തിലാണ്‌. തറനിരപ്പിൽനിന്ന് 20 മീറ്റർ  ഉയരവും 54 ലക്ഷം ലിറ്റർ സംഭരണശേഷിയുമുള്ള ടാങ്കിന്റെ 95 ശതമാനത്തിലേറെ നിർമാണം പൂർത്തിയായി. ടാങ്ക്‌ നിർമാണത്തിനും വസൂരിച്ചിറ മുതൽ ആനന്ദവല്ലീശ്വരം വരെ 9.8 കിലോമീറ്റർ ദൂരം പൈപ്പ്‌ സ്ഥാപിക്കുന്നതും 34 കോടി രൂപയാണ് അനുവദിച്ചത്. ഇവിടെ പൈപ്പ് സ്ഥാപിക്കുന്ന ജോലി 90 ശതമാനത്തിലേറെ പൂർത്തിയായി. കൊല്ലം എആർ ക്യാമ്പ്‌ മുതൽ ഡിസിസി ഓഫീസിനു സമീപം വരെയുള്ള പ്രവൃത്തികളാണ് ശേഷിക്കുന്നത്. എആർ ക്യാമ്പിനു സമീപം റെയിൽവേപാളത്തിന്‌ അടിയിലൂടെയാണ് പൈപ്പ് സ്ഥാപിക്കുന്നത്‌. 
വസൂരിച്ചിറയിൽ ജലശുദ്ധീകരണ പ്ലാന്റിന്റെ നിർമാണവും പുരോ​ഗമിക്കുകയാണ്. ഇവിടെനിന്നാണ് ശുദ്ധീകരിച്ച വെള്ളം മണിച്ചിത്തോട്ടിലുള്ള ജലസംഭരണിയിലും തുടർന്ന്‌ ആനന്ദവല്ലീശ്വരത്തെ ജലസംഭരണിയിലേക്കും എത്തിക്കുന്നത്. 343 കോടി രൂപയാണ് ഞാങ്കടവ് പദ്ധതിക്കായി അനുവദിച്ചത്. ഇതിൽ 235 കോടി രൂപ കിഫ്‌ബി ഫണ്ടും 108 കോടി അമൃത് ഫണ്ടുമാണ്‌. 
ഇനി വേണ്ടത്...
ഞാങ്കടവിൽ പമ്പ്‌സെറ്റിന്റെയും ട്രാൻസ്‌ഫോർമർ കെട്ടിടത്തിന്റെയും നിർമാണം ആരംഭിക്കേണ്ടതുണ്ട്. കരാറുകാർ മുന്നോട്ടുവരാത്തതാണ്‌ തടസ്സം. വീണ്ടും കരാർ വിളിക്കുന്നതിന് നടപടിയായിട്ടുണ്ട്. കല്ലടയാറ്റിലെ തടയണ നിർമാണവും പാതിവഴിയിൽ നിലച്ച അവസ്ഥയാണ്. കരാർ ഏറ്റെടുത്തയാൾ കൂടുതൽ തുക ആവശ്യപ്പെട്ടതാണ് നിർമാണം മുടങ്ങാൻ കാരണം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top