22 October Friday

വലിയപറമ്പിലേക്ക് എംഎൽഎയുടെ ഗ്രാന്മ എത്തുന്നു

പി മഷൂദ്Updated: Tuesday Sep 28, 2021

വലിയ പറമ്പിലേക്കുള്ള യാത്രാബോട്ടുമായി ഗോവയിൽ നിന്നും ട്രെയിലർ പുറപ്പെട്ടപ്പോൾ

തൃക്കരിപ്പൂർ
തൂക്കുപാലം തകർന്നതോടെ ഗതാഗതം മുടങ്ങിയ തൃക്കരിപ്പൂർ കടപ്പുറം പ്രദേശത്തുകാർക്ക് എംഎൽഎയുടെ യാത്രാബോട്ട് എത്തുന്നു. ഗ്രാന്മ എന്നാണ് ബോട്ടിന്റെ പേര്‌.  10 പേർക്ക് ഇരുന്ന് യാത്രചെയ്യാം. ഔട്ട് ബോഡ് എൻജിനാണ്‌. 
ഗോവയില്‍ നിന്നും റോഡുമാർഗം മടക്കര തുറമുഖത്ത് ഇറക്കി കവ്വായി കായലിലൂടെ മാടക്കാലില്‍ എത്തിക്കും. മാരിടൈം ബോഡിന്റെ ചീഫ് സര്‍വെയർ, പോർട്ട് ഓഫീസര്‍, പോർട്ട് ഡയറക്ടറേറ്റിലെ ഉദ്യഗസ്ഥർ തുടങ്ങിയവർ ട്രയൽ റൺ നടത്തി ഫിറ്റ്നസ് ഉറപ്പാക്കും. ശേഷം  വലിയപറമ്പ്  പഞ്ചായത്തിന് കൈമാറും. കഴിഞ്ഞ ദിവസം ഗോവയിൽ നിന്നും ബോട്ട് വഹിച്ചുള്ള ട്രെയിലർ പുറപ്പെട്ടു. ബുധനാഴ്ച എത്തും.
2013 ലാണ് മാടക്കാൽ  തൃക്കരിപ്പൂർ കടപ്പുറം, വടക്കേവളപ്പ് തൂക്ക് പാലം തകർന്നത്. ഇതോടെ ഈ തീരദേശ ഗ്രാമം ഒറ്റപ്പെട്ടു. ആകെയുണ്ടായിരുന്ന കടത്ത് വള്ളവും അപകടത്തിലായതോടെ വലിയപറമ്പിന്റെ തെക്കൻ മേഖല തീർത്തും ഒറ്റപ്പെട്ടു.  യാത്രാദുരിതം പരിഹരിക്കാൻ  എംഎൽഎ പ്രദേശിക വികസന ഫണ്ടിൽ നിന്നും 10 ലക്ഷം രൂപ ഫൈബർ യാത്രാബോട്ട് വാങ്ങാൻ അനുവദിച്ചു. പ്രത്യേക അനുമതിയോടെ 2018ൽ സ്റ്റീൽ ഇൻഡസ്ട്രിയൽ കേരള ലിമിറ്റഡിനെ സമീപിച്ചു. ഇവരുടെ ബോട്ടിന് ഒരു മണിക്കൂർ പ്രവർത്തിപ്പിക്കാൻ ഏട്ട് ലിറ്റർ ഡീസൽ വേണ്ടിവരുമെന്നും അത്‌ പഞ്ചായത്തിനും നാട്ടുകാർക്കും ബാധ്യതയാകുമെന്നും കണ്ടെത്തി. 
കടവിലെ പ്രത്യേകതയും പ്രാദേശിക ആവശ്യവും മനസ്സിലാക്കി ബോട്ടിന്റെ ഡിസൈനും ഡിപിആറും തയ്യാറാക്കി ജില്ലാ കലക്ടർക്ക് നൽകി. ഇതുപ്രകാരം  15.5 ലക്ഷം രൂപ ചെലവ് വരും. നിർമാണ കരാർ ഏറ്റടുക്കാൻ ആളില്ലാത്തതും പ്രശ്‌നമായി. നാലാമത്തെ ടെൻഡറിലാണ് ഗോവ ആസ്ഥാനമായ വിജയ്‌ മറൈന്‍ എന്ന കമ്പനി പ്രവൃത്തി ഏറ്റെടുത്ത് പൂര്‍ത്തീകരിച്ചത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top