20 October Tuesday
മാങ്ങാനം സഹ. ബാങ്ക് ദുരിതാശ്വാസഫണ്ട് വിതരണം

തട്ടിപ്പ് നടന്നിട്ടില്ലെന്ന്‌ സഹകരണ അസി. രജിസ്ട്രാർ

വെബ് ഡെസ്‌ക്‌Updated: Monday Sep 28, 2020
 
മാങ്ങാനം 
മാങ്ങാനം സർവീസ് സഹകരണ ബാങ്കിനെതിരെ തെറ്റായ വാർത്ത പ്രചരിപ്പിച്ച മനോരമ ചാനലിന് തിരിച്ചടി. കോവിഡ് ദുരിതാശ്വാസ ഫണ്ട് വിതരണത്തിൽ ബാങ്കിന്റെ ഭാഗത്തുനിന്ന്‌ വീഴ്‌ച സംഭവിച്ചിട്ടില്ലെന്ന് കോട്ടയം സഹകരണ അസി. രജിസ്ട്രാർ ജോജോ സാമുവൽ പറഞ്ഞു. സംശയങ്ങൾക്ക് ഇടയാക്കിയ വിവരാവകാശ രേഖ നൽകിയത് തങ്ങൾക്ക് പറ്റിയ ക്ലറിക്കൽ പിശകാണെന്നും അദ്ദേഹം പറഞ്ഞു. 
മറ്റ്‌ സഹായങ്ങൾ ലഭിക്കാത്തവർക്കായി സർക്കാർ പ്രഖ്യാപിച്ച 1000 രൂപവീതം വിതരണം ചെയ്യുന്നതായിരുന്നു പദ്ധതി. ഇതിനായി 820 പേരുടെ പട്ടികയാണ് അസി. രജിസ്‌ട്രാർ ഓഫീസിൽനിന്ന്‌ ബാങ്കിന് നൽകിയത്‌. ഇതിൽ 640 പേർക്കായി 6,40,000 രൂപ വിതരണം ചെയ്‌തു. എന്നാൽ ഫോൺ മുഖാന്തരം ബാങ്ക് ബന്ധപ്പെട്ടിട്ട്‌ കിട്ടാത്തതും സ്ഥലത്തില്ലാത്തവരുമായി പട്ടികയിൽ 180 പേരുണ്ടായിരുന്നു. അവരുടെ പണം 1,80,000 രൂപ ജൂൺ 26 ന് ബാങ്ക് തിരിച്ചടച്ചു–- അദ്ദേഹം പറഞ്ഞു. ഇതോടെ മനോരമ ചാനൽ വാർത്ത തെറ്റാണെന്നും ബാങ്ക്‌ ഒരുതരത്തിലും വീഴ്‌ച വരുത്തിയിട്ടില്ലെന്നും വ്യക്തമായി.  
എന്നാൽ കോൺഗ്രസ്‌‌ പഞ്ചായത്തംഗം നൽകിയ വിവരം യാതൊരു പരിശോധനയും നടത്താതെ അതേപടി ഏറ്റുപിടിച്ച്‌  പട്ടികയിൽപ്പെട്ടവർക്ക് പണം നൽകിയില്ല എന്ന്‌‌ മനോരമ ചാനൽ വാർത്ത പ്രചരിപ്പിച്ചു. ബാങ്കിന്റെ ഭാഗം കേൾക്കാതെയാണ് ചാനൽ വാർത്ത പ്രചരിപ്പിച്ചതെന്ന്‌ പ്രസിഡന്റ് വി വി ശശിമോൻ പറഞ്ഞു. 
സംഭവത്തിൽ ബാങ്കിനെതിരെ അപകീർത്തികരമായ രീതിയിൽ വാർത്ത നൽകിയ മനോരമ ചാനൽ ന്യൂസ്‌എഡിറ്റർ, റിപ്പോർട്ടർ വൈശാഖ്‌, അഭിമുഖം നൽകിയ വിജയപുരം പഞ്ചായത്തംഗം സോമൻകുട്ടി എന്നിവർക്കെതിരെ ഒരുകോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ബാങ്ക്‌‌ നോട്ടീസ്‌ അയച്ചിട്ടുണ്ട്‌. 
കാലങ്ങളായി ഇടതുപക്ഷ ഭരണത്തിൽ മികച്ച രീതിയിൽ പ്രവർത്തിക്കുന്ന ബാങ്കിനെതിരെ നടത്തിയ നീക്കം കോൺഗ്രസിന്റെ രാഷ്ട്രീയ ദുഷ്ടലാക്കിന്റെ ഭാഗമാണെന്ന്‌ പ്രസിഡന്റ്‌ പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top