31 October Saturday

മുസ്ലിംലീഗ്‌ നേതൃത്വം തട്ടിപ്പുകാരോടൊപ്പം

പി മഷൂദ്‌Updated: Monday Sep 28, 2020
തൃക്കരിപ്പൂർ
ബിസിനസിൽ നഷ്മമുണ്ടാവന്നതും ലാഭമുണ്ടാവുന്നതും തകരുന്നതുമൊക്കെ സാധാരണമാണ്‌. എന്നാൽ ഫാഷൻ ഗോൾഡ്‌ ജ്വല്ലറിയിലേക്ക്‌ നിക്ഷേപകരിൽ നിന്ന്‌ സ്വരൂപിച്ച തുക 150 കോടിയാണ്. സ്വർണവിലയാകട്ടെ അന്ന്‌ മുതൽ ഇന്ന്‌ വരെ താഴോട്ടുപോയിട്ടില്ല. തുടക്കത്തിൽ ആറായിരം രൂപ വിലയുണ്ടായിരുന്ന  ഒരു പവൻ സ്വർണത്തിന്‌ ‌ജ്വല്ലറികൾ പൂട്ടുന്ന സമയത്ത്‌ മുപ്പതിനായിരം കടന്നിരുന്നു. എന്നിട്ടും നഷ്ടമായി എന്നുപറയാൻ‌ മുസ്ലിംലീഗ്‌ നേതൃത്വത്തിന്‌ മാത്രമേ സാധിക്കുകയുള്ളൂ. അനുയായികൾ എന്തും വിശ്വസിച്ചുകൊള്ളുമെന്ന്‌ അവർ കരുതുന്നു. 
 
പണം നേതാക്കളുടെ കീശയിലേക്ക്‌ 
‌ ജനങ്ങളിൽനിന്ന്‌ ലഭിച്ച പണം നേതാക്കൾ ധൂർത്തടിക്കുകയായിരുന്നു. ‌സ്വകാര്യ സമ്പാദ്യവും വാരിക്കുട്ടുകയും ചെയ്‌തു. പിടിക്കപ്പെടുമെന്ന്‌ ഉറപ്പായപ്പോൾ അവയൊക്കെ ബിനാമികളുടെയും മറ്റും പേരിൽ കൈമാറി. ചെയർമാനായ എം സി ഖമറുദ്ദീൻ,  എംഡി പൂക്കോയതങ്ങൾ  അടക്കമുള്ള   മൂന്ന് പേർ  മാസം ശമ്പളയിനത്തിൽ മാത്രം എഴുതിയെടുത്തത് നാലര ലക്ഷം രൂപയാണ്. ഡ്രൈവർമാരുടെ ശമ്പളം, വാഹന പെട്രോൾ എന്നീ  ഇനത്തിൽ  ഒരു ലക്ഷം വേറെയും. ഇതിന്‌ പുറമേ  50, 000 മുതൽ ഒരു ലക്ഷം വരെ ശമ്പളം പറ്റിയ  എട്ട് ഡയറക്ടർമാർ സ്ഥാപനത്തിലുണ്ടായിരുന്നു. 10 ലക്ഷത്തിലേറെ രൂപയാണ്   മാനേജ്‌മെന്റിലെ ഉന്നതർ പ്രതിമാസം  പൊടിച്ചത്.
 
പാർടിയിൽ ആളാവാനും ജ്വല്ലറിപ്പണം
പാർടിയുടെ പേരിൽ  ആളാവാനും അണികളുടെ പിന്തുണയാർജിക്കാനും ജ്വല്ലറിപ്പണം ഉപയോഗിച്ചു.  പണം ഒഴുകിയെത്തുമ്പോൾ ഖമറുദ്ദീൻ ലീഗിന്റെ പ്രധാന സ്ഥാനമാനങ്ങൾ വഹിക്കുകയായിരുന്നു. സ്വന്തക്കാരുടെയും ബന്ധക്കാരുടെയും വിവാഹാവശ്യങ്ങൾക്കും സമ്മാനം നൽകാനും കൊണ്ടുപോയ സ്വർണവും പാവപ്പെട്ടവർ നിക്ഷേപിച്ച പണത്തിൽനിന്ന്‌. ആ വകയിൽ മാത്രം കോടികൾ പിരിഞ്ഞുകിട്ടാനുണ്ട്‌. മഞ്ചേശ്വരം തെരഞ്ഞെടുപ്പ്‌ ഘട്ടത്തിൽ ഒന്നരകിലോഗ്രാം സ്വർണമാണ്‌ കാസർകോട്ടെ ജ്വല്ലറിയിൽ നിന്ന്‌ കൊണ്ടുപോയത്‌. സിസിടിവി പരിശോധിച്ചപ്പോൾ ചെയർമാന്റെ സ്വന്തക്കാരനായ ജീവനക്കാരൻ ഞായറാഴ്‌ച ജ്വല്ലറി തുറന്നതായി കണ്ടെത്തി. ചെയർമാൻ പറഞ്ഞിട്ടാണ്‌ തുറന്നെതെന്നും സ്വർണം കൊണ്ടുപോയതെന്നും ഇയാൾ മറ്റ്‌ ജീവനക്കാരോട്‌ സമ്മതിച്ചു.   ചെറുവത്തൂർ ബസ്‌സ്‌റ്റാൻഡ്‌ പരിസരത്ത് തുടങ്ങിയ സ്ഥാപനം ഒരുവർഷം കൊണ്ട് പ്രധാന റോഡിന് സമീപത്തേക്ക് മാറ്റി.  രണ്ട് കോടിയോളം നഷ്ടം വരുത്തുന്നതായിരുന്നു മാറ്റം. കാസർകോട്‌ ജ്വല്ലറിയുടെ ഉദ്‌ഘാടനത്തിന്‌ വിതറാനുള്ള പൂവിന്‌ മാത്രമായി 15 ലക്ഷം. 
സ്ഥാപനം മുങ്ങുമെന്ന്‌ ഉറപ്പായപ്പോൾ പയ്യന്നൂരിലെ ജ്വല്ലറിയിൽ നിന്ന്‌ രണ്ട്‌ ഡയരക്ടർമാർ അഞ്ചരകിലോഗ്രാം സ്വർണമാണ്‌ കൊണ്ടുപോയത്‌. കാസർകോട്ടെ ജ്വല്ലറിയിൽ നിന്ന്‌ ചെയർമാന്റെ വിശ്വസ്ഥനും കൊണ്ടുപോയി  അഞ്ചര കിലോ സ്വർണം. അയാൾ ഇപ്പോൾ കർണാടകയിലെ മടിക്കേരിയിൽ ജ്വല്ലറി നടത്തുന്നതായാണ്‌ വിവരം. ചെയർമാന്റെ ബിനാമിയാണെന്നാണ്‌ വിവരം. നിക്ഷേപകരുടെ സമ്മർദം നേരിടാൻ പണത്തിന്‌ പകരമായി കർണാടകയിൽ ഭൂമി നൽകാമെന്നാണ് വാഗ്‌ദാനംനൽകിയത്‌‌. കർണാടകയിലും മറ്റും ഭൂമി വാങ്ങികൂട്ടിയിട്ടുണ്ടെന്ന്‌ ലീഗ്‌ നേതാക്കൾ തന്നെ സമ്മതിക്കുകയുണ്ടായി. നേതാക്കളുടെ സ്വത്ത്‌ വിവരമെല്ലാം അറിയുന്ന മുസ്ലിംലീഗ്‌ നേതൃത്വം അനുയായികൾ  പണം ചോദിച്ചു പിന്നാലെ നടന്നപ്പോൾ ഇടപെട്ടത്‌ ഒമ്പത്‌ മാസത്തിന്‌ ശേഷം. അതും ഉപ്പുതിന്നവർ വെള്ളം കുടിക്കുമെന്ന ഘട്ടത്തിൽ.  നേതൃത്വത്തിന്‌ വേണ്ടപ്പെട്ടവർക്ക്‌  ഇതിനിടയിലും   പണം തിരിച്ചു നൽകി. ഒരു വർഷം മുമ്പ്‌   മകനെ ഡയറക്ടറാക്കി ഒരു കോടി രൂപ   നിക്ഷേപിച്ച പടന്നയിലെ പ്രവാസി പണം തിരിച്ചുകിട്ടിയ ഭാഗ്യവാന്മാരിൽ ഒരാളാണ്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top