19 September Sunday

കേന്ദ്രം കനിഞ്ഞാൽ നാളെ മുതൽ തുടരും വാക്‌സിൻ തീർന്നു

വെബ് ഡെസ്‌ക്‌Updated: Wednesday Jul 28, 2021

 കാസർകോട്‌

ജില്ലയിൽ കോവിഡ്‌ പ്രതിരോധത്തിനുള്ള വാക്‌സിൻ ഡോസ്‌ തീർന്നു. ബുധനാഴ്‌ച മുതൽ വാക്‌സിനേഷൻ ഉണ്ടാകില്ല. ബാക്കിയുണ്ടായിരുന്ന 4193 ഡോസ്‌ ചൊവ്വാഴ്‌ച കുത്തിവെച്ചു. കേന്ദ്രത്തിൽ നിന്ന്‌ സംസ്ഥാനത്തിന്‌ ഡോസ്‌ ലഭിച്ചാൽ വ്യാഴാഴ്‌ച മുതൽ കുത്തിവെപ്പ്‌ തുടരാനാകുമെന്നാണ്‌ പ്രതീക്ഷ.  
ജില്ലയിൽ ഇതുവരെ 7,61,862 ഡോസ്‌ വാക്‌സിൻ നൽകിയതായി കോവിഡ്‌ വാക്‌സിൻ ജില്ലാ നോഡൽ ഓഫീസർ കൂടിയായ ആർസിഎച്ച്‌ ഓഫീസർ ഡോ. മുരളീധര നല്ലൂരായ പറഞ്ഞു. ആദ്യ ഡോസ്‌ 5,25,464 പേർക്ക്‌ നൽകി. ലക്ഷ്യമിട്ടതിന്റെ 52 ശതമാനമാണിത്‌. 18 വയസിന്‌ മുകളിലുള്ള 10,62,957 പേർക്കാണ്‌ വാക്‌സിൻ നൽകേണ്ടത്‌. 2,36,398  പേർക്ക്‌ രണ്ടാം ഡോസ്‌ നൽകി. ആകെ വാക്‌സിനേഷൻ നൽകിയവരിൽ 3,77,555 പേർ പുരുഷന്മാരും 3,84,190 പേർ സ്‌ത്രീകളുമാണ്‌.  60 വയസിന്‌ മുകളിലുള്ള 2,54,133 പേർക്ക്‌ കുത്തിവെച്ചു. 45 മുതൽ 60 വരെയുള്ള 3,15,555 പേർക്കും 18 മുതൽ 44 വരെയുള്ള  1,92,174 പേർക്കും കുത്തിവെച്ചു.
 
നെഗറ്റീവ്‌  സർട്ടിഫിക്കറ്റ്‌ ആവശ്യമില്ല 
കാസർകോട്‌
കോവിഡ്  പ്രതിരോധ കുത്തിവെപ്പിന്‌ നെഗറ്റീവ്‌  സർട്ടിഫിക്കറ്റ്‌  ആവശ്യമില്ലെന്ന് സംസ്ഥാന സർക്കാർ നിർദേശിച്ചു. 
സർക്കാർ ജീവനക്കാർ, കച്ചവടക്കാർ, കടകളിലെ ജീവനക്കാർ തുടങ്ങി പൊതുജനങ്ങളുമായി ഇടപഴകുന്നവർ രണ്ട്‌ മാസത്തിലൊരിക്കൽ കോവിഡ് പരിശോധന നടത്തണം. വാക്‌സിൻ സ്വീകരിച്ചവർ പരിശോധന നടത്തേണ്ടതില്ലെന്ന്‌ കലക്ടർ സ്വാഗത്‌ ആർ ഭണ്ഡാരി അറിയിച്ചു.  ജില്ലയിൽ പരിശോധന വർധിപ്പിച്ച്  രോഗ സ്ഥിരീകരണ നിരക്ക് കുറയ്‌ക്കാനാണ്‌ ആദ്യ ഡോസ് കോവിഡ് വാക്‌സിനേഷൻ സ്വീകരിക്കുന്നവർ 15 ദിവസം മുമ്പുള്ള നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കാൻ നേരത്തെ നിർദേശം നൽകിയത്.
 
പ്രതിരോധം ശക്തമാക്കി പൊലീസ് 
കാസർകോട്‌
ജില്ലയിലെ കോവിഡ് പ്രതിരോധം ശക്തമാക്കി പൊലീസ്. കോവിഡ് നിയന്ത്രണത്തിനായി  ജില്ലയെ ആറ് സബ് ഡിവിഷനുകളായി  തിരിച്ചു. ഓരോ ഡിവിഷന്റെയും  പ്രതിരോധ പ്രവർത്തനങ്ങളുടെ ചുമതല ഓരോ ഡിവൈഎസ്‌പിമാർക്കാണ്. 
ജില്ലയിൽ ജൂലൈ 26ന് കോവിഡ് പ്രോട്ടോക്കോൾ ലംഘനത്തിന്‌ 80 കേസുകൾ രജിസ്റ്റർ ചെയ്തു. മാസ്‌ക് ധരിക്കാത്തതിനും സാമൂഹ്യ അകലം പാലിക്കാത്തതിനും 2152 പേർക്കെതിരെ  പെറ്റി കേസുകൾ ചാർജ്‌ ചെയ്തു. അനധികൃതമായി തുറന്ന 71 കടകൾ  അടപ്പിച്ചു. 397 വാഹനങ്ങൾ ബന്തവസിൽ എടുക്കുകയും ചെയ്തു. ക്വാറന്റൈൻ ലംഘിച്ചവർക്കെതിരെ എട്ട് കേസും രജിസ്റ്റർ ചെയ്തു.
 
813 പേര്‍ക്ക് കൂടി കോവിഡ് 
കാസർകോട് 
ജില്ലയിൽ 813 പേർ കൂടി കോവിഡ് 19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 724 പേർക്ക് രോഗം ഭേദമായി. ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ്: 12.7
വീടുകളിൽ 26961 പേരും സ്ഥാപനങ്ങളിൽ 1190 പേരുമുൾപ്പെടെ ജില്ലയിൽ ആകെ നിരീക്ഷണത്തിലുള്ളത് 28151 പേരാണ്. പുതിയതായി 1864 പേരെ കൂടി നിരീക്ഷണത്തിലാക്കി. 
104134 പേർക്കാണ് ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top